പുലാമന്തോൾ: ആഴങ്ങളിൽ ജീവന്റെ തുടിപ്പുതേടി മുങ്ങാംകുഴിയിടുന്പോൾ ഈശ്വർ മാൽപെ സ്വന്തം ജീവനെക്കുറിച്ചുപോലും ചിന്തിക്കാറില്ല. ഒട്ടേറെ രക്ഷാപ്രവർത്തനങ്ങളിൽ കൈമെയ് മറന്ന് ഊളിയിട്ടിറങ്ങിയ മാൽപെ, ഇന്ന് മലയാളിക്ക് നല്ല അയൽക്കാരനാണ്. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നയാൾ.

To advertise here,

ആ മാൽപെയെ നൊമ്പരങ്ങളുടെ ആഴങ്ങളിൽനിന്നു കരകയറ്റാൻ കൈത്താങ്ങു നൽകുകയാണ് പുലാമന്തോളിലെ അഷ്ടവൈദ്യകുടുംബം. ബുധനാഴ്ച രാത്രി ഏഴിന് പുലാമന്തോൾ മനയുടെ മുറ്റത്ത് വന്നിറങ്ങുമ്പോൾ തന്നെ ചേർത്തുപിടിച്ചവരുടെ അരികിൽ കരുതലും ആത്മവിശ്വാസവുമനുഭവിച്ച് കണ്ണുകൾ നിറഞ്ഞ് അദ്ദേഹം നിന്നു. സെറിബ്രൽ പാൾസി ബാധിച്ച രണ്ടു മക്കളുടെ ചികിത്സയും താമസവും ഭക്ഷണവും ഇനി ഇവിടെയാണ്.

ഭിന്നശേഷിക്കാരനായ 23 വയസ്സുള്ള മകനും ഏഴുവയസ്സുള്ള മകളുമായാണ് അദ്ദേഹവും ഭാര്യയും എത്തിയത്. പരസഹായമില്ലാതെ ഒന്നുംചെയ്യാൻ മക്കൾക്കാകില്ല. ചികിത്സയ്ക്കുള്ള ഭാരിച്ച തുക കണ്ടെത്താനുള്ള പ്രയാസവും കുടുംബത്തെ അലട്ടി. ഈ വിവരമറിഞ്ഞാണ് പുലാമന്തോൾ മൂസ്സ് ആയുർവേദ ആശുപത്രി മക്കളുടെ ചികിത്സ ഏറ്റെടുത്തത്. ഡോക്ടർ ആര്യൻ മൂസ്സിന്റെ നേതൃത്വത്തിൽ, ഡോ. ശ്രീരാമൻ, ഡോ. രോഷ്നി, ഡോ. ജയശങ്കരൻ എന്നിവർചേർന്ന് ചികിത്സാപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പഞ്ചകർമ ചികിത്സ ഉൾപ്പെടെ, പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കുമനുസരിച്ച് ചികിത്സയും മരുന്നുകളും നൽകി വലിയ ആശ്വാസമുണ്ടാക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു.

ആൺകുട്ടി പൂർണമായും കിടപ്പിലാണ്. ആരുടെയെങ്കിലും സഹായമുണ്ടെങ്കിൽ കുറച്ചുദൂരം നടക്കാൻ പെൺകുട്ടിക്കാകും. രണ്ടുപേർക്കും അച്ഛനെയും അമ്മയെയും മാത്രമാണ് തിരിച്ചറിയാൻ കഴിയുന്നത്. മൂത്ത മകൻ ഇതേ അസുഖം ബാധിച്ച് രണ്ടുവർഷം മുൻപ് 23-ാം വയസ്സിൽ മരിച്ചു. പ്രതീക്ഷകളെല്ലാം കൈവിട്ടുനിൽക്കുന്ന സമയത്താണ് അഷ്ടവൈദ്യ കുടുംബത്തിന്റെ സഹായമെത്തിയത്.

ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനെ കണ്ടെത്താൻ കൈകൾ നീട്ടിയ മാൽപെ തന്റെനേരേ നീളുന്ന കാരുണ്യക്കൈകൾക്കുനേരേ നന്ദിയോടെ കൈകൂപ്പുന്നു, നിറകണ്ണുകളോടെ.