കുമ്പള: സ്കൂൾ കലോത്സവത്തിൽ പലസ്തീൻ ഐക്യദാർഢ്യ മൂകാഭിനയം നടക്കവേ അധ്യാപകർ കർട്ടനിട്ടതിനെത്തുടർന്ന് മുടങ്ങിയ പരിപാടി അതേവേദിയിൽ വിദ്യാർഥികൾ വീണ്ടും അവതരിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെയും വിദ്യാർഥിസംഘടനകളുൾപ്പെടെയുള്ളവരുടെയും പിന്തുണയാണ് പുനരവതരണത്തിന് സഹായമായത്.

To advertise here,

കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച മുടങ്ങിയ പരിപാടി തിങ്കളാഴ്ച കനത്ത പോലീസ് സുരക്ഷയിൽ വീണ്ടും അവതരിപ്പിക്കുകയായിരുന്നു. നേരത്തേ പ്ലക്കാർഡുകൾ ഉയർത്തിയിരുന്നെങ്കിൽ തിങ്കളാഴ്ച അതുണ്ടായില്ല. പരിപാടി അനൗൺസ് ചെയ്തപ്പോൾത്തന്നെ സദസ്സിൽ നിന്ന് പലസ്തീൻ അനുകൂല മുദ്രാവാക്യം വിളി ഉയർന്നിരുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് അവതരണങ്ങളുണ്ടായിരുന്നു. രണ്ടിനും എ ഗ്രേഡ് ലഭിച്ചു.

കുട്ടികൾ കഫിയ ധരിച്ചാണ് ആദ്യം സ്റ്റേജിലെത്തിയത്. അത് കലോത്സവ മാന്വലിൽ അനുവദനീയമല്ലാത്തതിനാൽ അത് മാറ്റിയാണ് അവതരണം നടന്നത്. അധ്യാപകരെ അനുകൂലിച്ച് ബിജെപി-യുവമോർച്ച പ്രവർത്തകർ വേദിയിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഇതിനടുത്ത് മറ്റൊരുവിഭാഗം പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചു. പോലീസ് ഇവരുടെ ഇടയിൽനിന്ന് സംഘർഷം ഒഴിവാക്കി. കർശന പരിശോധനയ്ക്ക് ശേഷമാണ് കുട്ടികളെ സ്കൂളിലേക്ക് കയറ്റിവിട്ടത്. വിവാദത്തെത്തുടർന്ന് പിടിഎ ഇടപെട്ട് വെള്ളിയാഴ്ച കലോത്സവം നിർത്തിവെക്കുകയായിരുന്നു.

ഉറപ്പ് പാലിച്ചു-മന്ത്രി

മൂകാഭിനയം അതേവേദിയിൽ അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷം പങ്കുവെച്ച് മന്ത്രി വി.ശിവൻകുട്ടി. അതേവേദിയിൽ അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും വാക്ക് ഇന്ന് യാഥാർഥ്യമായിരിക്കുകയാണെന്നും മന്ത്രി സാമൂഹികമാധ്യമത്തിൽ കുറിച്ചു. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആ വിദ്യാർഥികളുടെ സർഗാത്മക പ്രതിഷേധം വിജയകരമായി വേദിയിലെത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.