കോഴിക്കോട്: പ്രിയങ്കാഗാന്ധി എം.പി.യുടെ സെക്രട്ടറിയെന്ന വ്യാജേന വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ.യ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് മൂന്നു കോടിരൂപ തട്ടാൻ ശ്രമിച്ച കേസിൽ പ്രതികൾ വിളിക്കാൻ ഉപയോഗിച്ചത് കളഞ്ഞുകിട്ടിയ ഫോണും സിമ്മും. പ്രതികളായ ഗൗരവ്, നിതിൻകുമാർ എന്നിവരെയാണ് ഡൽഹി-യു.പി. അതിർത്തിയിൽവെച്ച്‌ േകരള പോലീസ് ബുധനാഴ്ച പിടികൂടിയത്. ഡൽഹി സ്വദേശികളായ ഇവരെ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ പദം സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്. ഞായറാഴ്ച പുലർച്ചെ കോഴിക്കോട്ടെത്തിക്കും.

To advertise here,

ഡൽഹി സ്വദേശിയായ മറ്റെരാളുടെ നഷ്ടപ്പെട്ട ഫോണിൽനിന്നാണ് ഇവർ വിദ്യയെയും മറ്റ് നേതാക്കളെയും വിളിച്ചത്. നിതിൻകുമാറും ഗൗരവും ചേർന്നാണ് തട്ടിപ്പ് ആസൂത്രണംചെയ്തത്. പ്രിയങ്കാഗാന്ധിയുടെ സെക്രട്ടറി രാജ്കുമാർ എന്നപേരിൽ എം.പി.മാരെയും എം.എൽ.എ.മാരെയും വിളിച്ചത് ഗൗരവാണ്.

പദം സിങ്ങിന്റെ നേതൃത്വത്തിൽ പോലീസ് ഒരാഴ്ചയായി ഡൽഹിയിൽ ക്യാമ്പുചെയ്താണ് പ്രതികളെ പിടികൂടിയത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള വലിയ തട്ടിപ്പു ശൃംഖലയുടെ ഭാഗമാണോ ഇവരെന്ന് പരിശോധിക്കുന്നുണ്ട്. വിശദമായി ചോദ്യംചെയ്തശേഷമേ അത്തരം കാര്യങ്ങൾ പറയാൻ കഴിയൂവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഡൽഹി കോടതിയിലെത്തിച്ച് ട്രാൻസിറ്റ് വാറന്റ് വാങ്ങി. വെള്ളിയാഴ്ച പുലർച്ചെ ഡൽഹിയിൽനിന്ന് കോഴിക്കോട്ടേക്ക് മടങ്ങും.

ജൂലായ് ആറിനാണ് കേരളത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിക്കുകയാണെന്നും മൂന്ന് കോടിരൂപ തന്നാൽ മന്ത്രിയാക്കാമെന്നും പറഞ്ഞ് വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ.യെ ഇവർ വിളിച്ചത്. എം.പി.മാരായ ഷാഫി പറന്പിൽ, ഡീൻ കുര്യാക്കോസ് എന്നിവരെയും ഡൽഹി, ഒഡിഷ, ഝാർഖണ്ഡ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ എം.പി.മാരെയും എം.എൽ.എ.മാരെയും തട്ടിപ്പുസംഘം വിളിച്ചിട്ടുണ്ട്.