കണ്ണൂർ: എഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ 28-ന് നടക്കുന്ന 'ഓട്ടം ടേം' പാസിങ് ഔട്ട് പരേഡിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുത്ത്‌ അഭിവാദ്യം സ്വീകരിക്കും. സൗഹൃദ വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ 400-ലധികം ഓഫീസർ ട്രെയിനികൾ പാസിങ് ഔട്ട് പരേഡിൽ അണിനിരക്കും.

To advertise here,

പരിശീലന കാലത്ത്‌ മികച്ച പ്രകടനം നടത്തിയ ഓഫീസർ ട്രെയിനികൾക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. പരിശീലകരെ ആദരിക്കും. കമ്മിഷൻഡ് ഓഫീസർ പദവി ലഭിക്കുന്നതിനെ സൂചിപ്പിക്കുന്ന പരമ്പരാഗത 'ഷിപ്പിങ് ഓഫ് സ്‌ട്രൈപ്‌സ്' ചടങ്ങ് ഇതിൽ പ്രധാനമാണ്.

ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ഉദ്യോഗാർഥികളുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. പുതുതായി കമ്മിഷൻ ലഭിച്ച ഉദ്യോഗസ്ഥർ ഇന്ത്യൻ നാവികസേനയുടെ വിവിധ പരിശീലന സ്ഥാപനങ്ങളിലേക്കും മുൻനിര യുദ്ധക്കപ്പലുകളിലേക്കും തുടർപരിശീലനത്തിന് നിയോഗിക്കപ്പെടും.

ഇതിന് മുന്നോടിയായി അക്കാദമിയിൽ 26-ന് ഔട്ട്‌ഡോർ ഡമോൺസ്ട്രേഷൻ പരിപാടികൾ നടക്കും.

എഴിമല നാവിക അക്കാദമിയുടെ കമൻഡാന്റായ വൈസ് അഡ്മിറൽ അലോക് ആനന്ദ മുഖ്യാതിഥിയാകും. അക്കാദമിയിലെ കെഡേറ്റുകളുടെ സൈനികാഭ്യാസമുറകൾ, പോരാട്ടമുറകൾ, ഏകോപിത പരിശീലന പ്രവർത്തനങ്ങൾ എന്നിവയുണ്ടാകും.

27-ന് ബിരുദദാനച്ചടങ്ങ് (കോൺവൊക്കേഷൻ) നടക്കും. മിഡ്ഷിപ്പ്മാൻമാർക്കും കെഡേറ്റുകൾക്കും അക്കാദമിക ബിരുദങ്ങൾ സമ്മാനിക്കുന്ന ചടങ്ങിൽ ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ശ്രീനിവാസ കുമാർ തുമ്മല മുഖ്യാതിഥിയാകും.