
ശബരിമല: മകരവിളക്കിന് മുന്നോടിയായി ശബരിമല സന്നിധാനത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേശ് സാഹിബ്. മകരവിളക്കിന്റെ സുഗമമായ നടത്തിപ്പിനായി 5000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു. ഇതിൽ 1800 ഓളം പേരെ സന്നിധാനത്തും 800 പേരെ പമ്പയിലും 700 പേരെ നിലക്കലും 1050-ഓളം പേരെ ഇടുക്കിയിലും 650 പേരെ കോട്ടയത്തുമായാണ് വിന്യസിച്ചിട്ടുള്ളത്.
ഇതിനുപുറമേ, എൻ.ഡി.ആർ.എഫ്, ആർ.എ.എഫ് സേനകളുടെ സുരക്ഷയും ഉണ്ട്. തിരുവാഭരണ ഘോഷയാത്ര നടത്താൻ സ്പെഷ്യൽ സ്കീം നിശ്ചയിച്ചാകും പോലീസ് പ്രവർത്തിക്കുക. ഒരു എസ്.പി, 12 ഡിവൈ.എസ്.പി, 31 സർക്കിൾ ഇൻസ്‌പെക്ടർ അടക്കമുള്ള 1440 ഓളം പോലീസ് ഉദ്യോഗസ്ഥരുണ്ട്.
പോലീസ്, ഫയർ ആൻറ് റസ്‌ക്യൂ, എൻ.ഡി.ആർ.എഫ് തുടങ്ങിയ സേനകൾ മകരജ്യോതി കാണാൻ ആൾക്കാർ കയറുന്ന പ്രധാനപ്പെട്ട എല്ലാസ്ഥലത്തും സുരക്ഷ പരിശോധിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളുമായും ഒരു കോ-ഓർഡിനേഷൻ മീറ്റിങ് ഞായറാഴ്ച നടക്കും.
സന്നിധാനത്ത് ചീഫ് പോലീസ് കോ-ഓർഡിനേറ്റർ എ.ഡി.ജി.പി എസ്. ശ്രീജിത്ത്, പമ്പയിൽ സൗത്ത് സോൺ ഐ.ജി ശ്യാംസുന്ദർ, നിലക്കലിൽ ഡി.ഐ.ജി അജിതാ ബീഗം, എരുമേലി-ഇടുക്കി ഭാഗത്തിന്റെ ചുമതല എറണാകുളം ഡി.ഐ.ജി സതീഷ് ബിനു എന്നിവർ ക്രമീകരണങ്ങൾ മേൽനോട്ടം വഹിച്ച് ക്യാമ്പ് ചെയ്യും.
മകരവിളക്കിനുശേഷം ഭക്തർക്ക് പോകാനുള്ള എക്‌സിറ്റ് പ്ലാനും തയാറാക്കിയിട്ടുണ്ട്. തിരക്ക് വന്നാൽ എക്‌സിറ്റ് പ്ലാൻ ഉപയോഗപ്പെടുത്തി സുഗമായി ഭക്തജനങ്ങൾക്ക് മലയിറങ്ങാനുള്ള ക്രമീകരണങ്ങളാണ് പോലീസ് തയാറാക്കിയിട്ടുള്ളതെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. ശബരിമല ചീഫ് പോലീസ് കോ-ഓർഡിനേറ്റർ എ.ഡി.ജി.പി എസ്. ശ്രീജിത്ത്, സൗത്ത് സോൺ ഐ.ജി ശ്യാംസുന്ദർ, സന്നിധാനം സ്‌പെഷ്യൽ ഓഫീസർ വി. അജിത് തുടങ്ങിയവർ സംബന്ധിച്ചു.
Content Highlights: preperations for makaravilakku have started in sabarimala
Published: 11 Jan 2025, 07:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented