കോട്ടയം: രണ്ട് സെൻ്റ് ഭൂമിയിലെ ഒറ്റമുറി ഷെഡിൽ നിന്നും അടച്ചുറപ്പുള്ള വീട്ടിലേയ്ക്ക് എത്തുന്ന സന്തോഷത്തിലാണ് കുമരകം അകത്തേക്കരിയിൽ  എസ് . പ്രശാന്തും കുടുംബവും.  പ്രശാന്ത് - ശ്രീദേവി ദമ്പതികൾക്കും മക്കളായ അശ്വനിക്കും ദേവാനന്ദിനും കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ മാതൃഭൂമിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന എന്റെ വീട് പദ്ധതിയിലൂടെയാണ് വീട് ലഭിച്ചത്. എന്റെ വീട് പദ്ധതിയിലൂടെ  കോട്ടയം ജില്ലയിൽ പൂർത്തീകരിക്കുന്ന 20-ാമത്തെ വീടാണിത്.

To advertise here,

സമീപത്തെ വീടുകളിൽ നിന്നും താഴ്ന്ന ഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന പഴയ ഒറ്റമുറി ഷെഡിൽ വർഷക്കാലത്ത് വെള്ളക്കെട്ട് പതിവായിരുന്നു.  കുമാരമംഗലം ക്ഷേത്ര ഉത്സവത്തിന് മുൻപേ താമസം ആരംഭിക്കാൻ  കഴിയുന്ന രീതിയിലാണ് വീടിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ധന്യാ ബാബുവിൻ്റെ കൈയ്യിൽ നിന്നും പ്രശാന്തും കുടുംബവും ചേർന്ന് സ്വപ്ന വീടിൻ്റെ താക്കോൽ ഏറ്റുവാങ്ങി. മാതൃഭൂമി റീജിയണല്‍ മാനേജര്‍ ടി. സുരേഷ് സ്വാഗതം ആശംസിച്ചു. മുൻ വാർഡ് മെമ്പർ മുരളി , മാതൃഭൂമി പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.