വടകര: എൽ.ഡി.എഫ്.-ബി.ജെ.പി. ഡീലെന്ന ആരോപണമുയർത്തുന്ന രാഹുൽഗാന്ധിക്ക് കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തെക്കുറിച്ച് അറിവില്ലെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആരോപിച്ചു.

To advertise here,

കേരളത്തിൽ ഇടതുപക്ഷവും പ്രത്യേകിച്ച് സി.പി.എം നിരന്തരം ബി.ജെ.പി.ക്കും ഹിന്ദുത്വശക്തികൾക്കുമെതിരേ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായാണ് ഇവിടെ ബി.ജെ.പി. വലിയനേട്ടമുണ്ടാക്കാത്തത്. ആ പോരാട്ടത്തിൽ ഒട്ടേറെ സഖാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇന്ത്യയിലാകെ കോൺഗ്രസ് പാർട്ടി ബി.ജെ.പി.-ആർ.എസ്.എസ്. ശക്തികളുമായി സന്ധിചെയ്യുകയാണെന്ന് കാരാട്ട് പറഞ്ഞു. അതിന്റെഭാഗമായാണ് ബി.ജെ.പി. രാജ്യത്തുടനീളം ശക്തിപ്പെട്ടത്. വടകര മണ്ഡലം എൽ.ഡി.എഫ്. തിരഞ്ഞെടുപ്പുറാലി വടകരയിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിനൊപ്പം തിരഞ്ഞെടുപ്പുനടക്കുന്ന അസമിൽ എന്താണ് സ്ഥിതി. അവിടെ കാവിവസ്ത്രമിട്ട് നടക്കുന്നത് കോൺഗ്രസാണോ ബി.ജെ.പി.യാണോ എന്ന് തിരിച്ചറിയാൻകഴിയില്ല. കോൺഗ്രസിന്റെ മുൻ ഉപമുഖ്യമന്ത്രിയായ ഹിമന്ദ വിശ്വശർമയാണ് ഇപ്പോൾ ബി.ജെ.പി.യുടെ മുഖ്യമന്ത്രി. ബി.ജെ.പി. മന്ത്രിസഭയിലെ മൂന്നുപേർ നേരത്തേ കോൺഗ്രസിന്റെ മന്ത്രിമാരായിരുന്നു. പത്തുദിവസം മുൻപും ഒരു കോൺഗ്രസ് എം.പി. ബി.ജെ.പി.യിലേക്ക് പോയി.

അസമിൽ തിരഞ്ഞെടുപ്പുപ്രചാരണത്തിന് പോകുമ്പോൾ രാഹുൽഗാന്ധി അവിടത്തെ നേതാക്കളോടുചോദിക്കണം, എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കളെല്ലാം ബി.ജെ.പി.യിലേക്കുപോകുന്നതെന്ന്. ബി.ജെ.പി.ക്ക് നേതാക്കളെ വിതരണംചെയ്യുന്ന ഒരു സപ്ലൈകോ ആയി കോൺഗ്രസ് മാറിയെന്ന് കാരാട്ട് കുറ്റപ്പെടുത്തി. ഇന്ദിര ഗാരന്റീസ് എന്ന യു.ഡി.എഫ്. പ്രകടനപത്രിക പ്രകാശനംചെയ്ത തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പിനുമുൻപേ ജനങ്ങൾക്കുനൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ആറ് ഉറപ്പാണ് അവിടെ നൽകിയത്. ഇതിൽ സ്ത്രീകൾക്ക് മാസംതോറും 2500 രൂപ നൽകുമെന്നായിരുന്നു ഒരു വാഗ്ദാനം. ഇത് ഇപ്പോഴും നടപ്പായിട്ടില്ലെന്ന് കാരാട്ട് ആരോപിച്ചു.

മനയത്ത് ചന്ദ്രൻ അധ്യക്ഷതവഹിച്ചു. രാഹുൽരാജ് പ്രസംഗം പരിഭാഷപ്പെടുത്തി. എളമരം കരീം, സ്ഥാനാർഥി എം.കെ. ഭാസ്‌കരൻ, സി. ഭാസ്‌കരൻ, ആർ. സത്യൻ, പി.കെ. ശശി, ടി.പി. ഗോപാലൻ, പി. പ്രദീപ്കുമാർ, പി. സോമശേഖരൻ, പറമ്പത്ത് രാജൻ, സി. രാമകൃഷ്ണൻ, കൊയിലോത്ത് ബാബു, എം.പി. അബ്ദുള്ള, റസാഖ് അഴിയൂർ, പി. സത്യനാഥൻ, കെ.പി. ബിന്ദു, ടി.പി. ബിനീഷ് തുടങ്ങിയവർ സംസാരിച്ചു.