പോത്താനിക്കാട്: പൈങ്ങോട്ടൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ നാല്‌ വിദ്യാർഥികൾ ചേർന്ന്‌ ക്രൂരമായി മർദിച്ചു. വിദ്യാർഥിയെ അതേ സ്കൂളിൽതന്നെയുള്ള ഒൻപതിലും പത്തിലും പഠിക്കുന്ന രണ്ടുപേരും മറ്റ് സ്കൂളിൽനിന്നുള്ള രണ്ട് കുട്ടികളും ചേർന്നാണ് മർദിച്ചത്. പോലീസ് നാലുപേരുടെയും പേരിൽ കേസെടുത്തു. പൈങ്ങോട്ടൂർ ബസ്‌ സ്റ്റാൻഡിൽ 14-നാണ് സംഭവം നടന്നത്. ബസ്‌ സ്റ്റാൻഡിനോടുചേർന്നുള്ള പോലീസ് എയ്ഡ് പോസ്റ്റിന്റെ മുറിയിൽവെച്ചാണ് വിദ്യാർഥിയെ കുട്ടികൾ സംഘംചേർന്ന് മർദിച്ചത്.

To advertise here,

കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്‌കൂളിലെ ജൂബിലി ആഘോഷങ്ങളുടെ ഇടയിൽ ഉണ്ടായ തർക്കങ്ങളാണ് പിന്നീട് അക്രമത്തിൽ കലാശിച്ചത്. മർദനമേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രി അധികൃതർ പോത്താനിക്കാട് പോലീസിൽ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തിയിരുന്നു. പിന്നീട് സംഭവം കേസെടുക്കാതെ ഒത്തുതീർപ്പിലാക്കിയതായി പറയുന്നു.

ഇതിനിടെ സംഘത്തിൽ ഒരാൾ വിദ്യാർഥിയെ മർദിച്ച രംഗങ്ങൾ മൊബൈലിൽ പകർത്തിയത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെ വിഷയം വീണ്ടും ചൂടുപിടിച്ചു. ആദ്യം കേസെടുക്കാതിരുന്ന പോലീസ് പിന്നീട് നാല് കുട്ടികളുടെ പേരിൽ കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട്‌ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇതിനിടെ മയക്കുമരുന്ന് ഉപയോഗവും അടിപിടിക്ക്‌ പിന്നിലുള്ളതായി സംശയിക്കുന്നതായും സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളെ വലവീശുന്ന മയക്കുമരുന്ന് റാക്കറ്റുകൾ സജീവമാണെന്നും പോലീസ് പറയുന്നു.

പോലീസ് എയ്‌ഡ് പോസ്റ്റ് അടച്ചുപൂട്ടി

പോത്താനിക്കാട് ബസ്‌ സ്റ്റാൻഡിൽ ഉണ്ടായിരുന്ന പോലീസ് എയ്‌ഡ് പോസ്റ്റ് പഞ്ചായത്ത് അടച്ചുപൂട്ടി. സ്കൂൾ വിദ്യാർഥിയെ സഹപാഠികൾ ചേർന്ന് മർദിക്കുമ്പോൾ എയ്‌ഡ് പോസ്റ്റിൽ പോലീസുകാരാരും ഉണ്ടായിരുന്നില്ല. ഇത് വലിയ എതിർപ്പിനു കാരണമായിരുന്നു. പഞ്ചായത്തിന്റെ സഹായത്തോടെ പോത്താനിക്കാട് പോലീസാണ് എയ്‌ഡ് പോസ്റ്റ് സ്ഥാപിച്ചത്. അടച്ചുപൂട്ടില്ലാതെ കിടന്ന മുറി സാമൂഹികവിരുദ്ധർ താവളമാക്കുന്നെന്ന പരാതിയും ഉയർന്നതോടെയാണ് ഇത് അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷാജി ജേക്കബ് പറഞ്ഞു.