തൃശൂര്‍: കൂനൂരില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപ് മരിച്ചതിന്റെ ഞെട്ടലിലാണ് തൃശൂര്‍ പുത്തൂര്‍ പൊന്നൂക്കര ഗ്രാമം. മകന്റെ വിയോഗ വിവരം ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അച്ഛനെ അറിയിച്ചിട്ടില്ല. ശ്വാസകോശരോഗത്തെ തുടര്‍ന്ന് പ്രദീപിന്റെ അച്ഛന്‍ രാധാകൃഷ്ണന്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമായി കഴിയുന്ന അച്ഛനെപ്പറ്റിയായിരുന്നു പ്രദീപിന് എപ്പോഴും ആശങ്ക. രണ്ടാഴ്ചത്തെ അവധിക്കു വന്നപ്പോഴും മുഴുവന്‍ സമയവും അച്ഛനൊപ്പം ആശുപത്രിയിലാണ് കഴിഞ്ഞത്. രണ്ടുദിവസം മുമ്പുവരെ വീട്ടിലേക്ക് അച്ഛനെ വിളിച്ച് വിശേഷങ്ങള്‍ തിരക്കിയിരുന്നു.
സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ പ്രദീപും മരിച്ചുവെന്ന വാര്‍ത്ത ബുധനാഴ്ച രാത്രി ഏഴരയോടെയാണ് പൊന്നൂക്കരയില്‍ എത്തിയത്. ഇതേ തുടർന്ന് രാത്രി ഒമ്പതോടെ പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിന് സമീപത്തെ വീടിനരികില്‍ ജനപ്രതിനിധികൾ അടക്കമുള്ള ആളുകള്‍ എത്തിത്തുടങ്ങി. എങ്കിലും പ്രദീപിന്റെ വീട്ടുകാരെ വിവരമറിയിക്കാതിരിക്കാന്‍ എല്ലാവരും ശ്രമിച്ചു.
സുഹൃത്തും അയല്‍വാസിയുമായ ശിവപ്രസാദിനോട് ഒരാഴ്ച മുമ്പാണ് പ്രദീപ് യാത്രപറഞ്ഞ് മടങ്ങിയത്. പൊന്നൂക്കരയില്‍ വീടുപണിയുന്നതിന് ചെറിയൊരു സ്ഥലം വാങ്ങിയിരുന്നു. രണ്ടുവര്‍ഷംകൂടി കഴിഞ്ഞാല്‍ റിട്ടയര്‍മെന്റാണ്. സേനയില്‍ തുടരുന്നതിനെപ്പറ്റിയും സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. എന്തായാലും സ്വന്തം നാട് വിട്ടൊരു സ്ഥിരതാമസം പ്രദീപിന് താത്പര്യമുണ്ടായിരുന്നില്ലെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.
2002-ലാണ് പ്രദീപ് വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് എയര്‍ ക്രൂ ആയി. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷനുകള്‍, ഉത്തരാഖണ്ഡിലും കേരളത്തിലും പ്രളയസമയത്തെ രക്ഷാപ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്.
രാധാകൃഷ്ണന്‍-കുമാരി ദമ്പതികളുടെ മകനാണ്. ശ്രീലക്ഷ്മിയാണ് ഭാര്യ. ദക്ഷിണ്‍ദേവ്, ദേവപ്രയാഗ് എന്നിവര്‍ മക്കളാണ്. കുടുംബത്തോടൊപ്പം സുലൂര്‍ എയര്‍ഫോഴ്‌സ് ക്വാര്‍ട്ടേഴ്‌സിലാണ് താമസം. തൃശൂര്‍ പുത്തൂര്‍ പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിന് സമീപമാണ് വീട്. പുത്തൂര്‍ ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയശേഷമാണ് എയര്‍ഫോഴ്‌സില്‍ ചേര്‍ന്നത്. വെപ്പണ്‍ ഫിറ്റര്‍ ആയാണ് ആയാണ് ആദ്യനിയമനം. പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെട്ടു.
Content Highlights: Ponnukkara village in Thrissur grieves loss of JWO Pradeep in deadly helicopter crash
Published: 09 Dec 2021, 09:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented