ആലപ്പുഴ: പോളിയോ നിർമാർജനയത്നത്തിന്റെ ഭാഗമായി തുള്ളിമരുന്ന് ആവശ്യമായ കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് ഓരോവർഷവും കുറയുന്നു. 10 വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായത്. ജനനനിരക്കിലെ ഇടിവാണു കാരണം. 2016-ൽ അഞ്ചുവയസ്സിൽ താഴെയുള്ള 26 ലക്ഷം കുട്ടികളെയാണ് വാക്സിനേഷനു പരിഗണിച്ചത്. എന്നാൽ, ഇത്തവണ അത് 19.8 ലക്ഷമായി കുറഞ്ഞു. 2018 മുതലാണ് കുറവു പ്രകടമായത്.

To advertise here,

വാക്സിനേഷന് ആരോഗ്യവകുപ്പു പരിഗണിക്കുന്ന കുട്ടികളിൽ 88-96 ശതമാനം പേർ ഒറ്റദിവസം തുള്ളിമരുന്നു സ്വീകരിക്കാറുണ്ട്. ബാക്കിയുള്ളവർ തൊട്ടടുത്ത ദിവസങ്ങളിലും സ്വീകരിക്കുകയാണു പതിവ്.

ഒരുകുട്ടിമതിയെന്ന നിലപാട്

: പുതുതലമുറ ദമ്പതിമാരിൽ പലർക്കും ഒരു കുട്ടി മതിയെന്ന നിലപാടാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ചിലർ അതിനുപോലും തയ്യാറല്ല. വിവാഹം കഴിക്കാൻ താത്പര്യമില്ലാത്തവരുമുണ്ട്. വിദേശത്തു ജോലിക്കു പോകുന്നവർ അവിടെ സ്ഥിരതാമസമാക്കുന്നതും കുട്ടികൾ കുറയാൻ കാരണമാണ്.

30,000 ‘വയൽ’ വാക്സിൻ കുറച്ചു മതി

: കുട്ടികൾ കുറഞ്ഞതോടെ വാക്സിനേഷനുള്ള സർക്കാരിന്റെ ബാധ്യതയും കുറഞ്ഞു. 2016-ൽ 26 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാനായി 1.30 ലക്ഷം വയൽ വാക്സിനാണു വേണ്ടിവന്നത്. എന്നാലിപ്പോൾ ലക്ഷം വയൽ മതി. 30,000 വയലിന്റെ കുറവ്. ഒരു വയൽ വാക്സിൻ 18-20 കുട്ടികൾക്കു കൊടുക്കാം.

വർഷം വാക്സിൻ ആവശ്യമുള്ള കുട്ടികളുടെ എണ്ണം (ലക്ഷത്തിൽ)

2016 26

2017 26.16

2018 24.5

2019 24.5

2020 24.5

2021 24.49

2022 24.36

2023 19.8

2024 21

2025 21.11

2026 19.8