കുഞ്ഞുങ്ങളെ ശാശ്വതമായ ശാരീരിക വൈകല്യത്തിലേക്കും ജീവഹാനിയിലേക്കും തള്ളിയിടാൻ ശേഷിയുള്ള പോളിയോമൈലൈറ്റിസ് (Poliomyelitis) അഥവാ പോളിയോ എന്ന രോഗത്തെ വാക്സിനേഷനിലൂടെ രാജ്യത്തിന് വിജയകരമായി തടഞ്ഞുനിർത്താൻ സാധിച്ചു. 2014-ൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും ഈ നേട്ടം ശാശ്വതമായി നിലനിർത്താൻ നിർബന്ധിത വാക്സിനേഷൻ ഷെഡ്യൂളുകൾ കൃത്യമായി തുടരേണ്ടത് അത്യന്താപേക്ഷിതമാണ്.

To advertise here,

എന്നാൽ "ഇന്ത്യ പോളിയോ മുക്തമായിട്ടും, ഒരു തവണ വാക്സിൻ നൽകിയ കുഞ്ഞിന് എന്തുകൊണ്ടാണ് പല ഘട്ടങ്ങളിലായി ഒന്നിലധികം ഡോസുകൾ വീണ്ടും നൽകുന്നത്?" എന്ന ചോദ്യം പല രക്ഷിതാക്കളിലും ഉയർന്നുവരാറുണ്ട്. ഒരൊറ്റ ഡോസ് കൊണ്ട് പോളിയോ വൈറസിനെതിരെയുള്ള പൂർണ്ണ പ്രതിരോധശേഷി കൈവരിക്കാൻ ശരീരത്തിന് കഴിയില്ലെന്ന ശാസ്ത്രീയ യാഥാർത്ഥ്യമാണ് ഇതിന് പിന്നിലുള്ളത്. രോഗത്തെ പൂർണ്ണമായി ചെറുത്തുതോൽപ്പിക്കാനും ഭാവിയിൽ വൈറസിന്റെ ഒരു പുനരാഗമനവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനും ഒന്നിലധികം ഡോസുകൾ എന്തുകൊണ്ട് അനിവാര്യമാകുന്നു എന്നതിനെക്കുറിച്ച് ഏതൊരു രക്ഷിതാവും കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.

വ്യത്യസ്ത പോളിയോ വാക്സിനുകൾ

പോളിയോ വാക്സിൻ നൽകുന്നതിന്റെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന രണ്ട് തരം വാക്സിനുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്:

വായിലൂടെ നൽകുന്ന തുള്ളിമരുന്ന് (ഓറൽ പോളിയോ വാക്സിൻ): വായിലൂടെ തുള്ളിമരുന്നായി നൽകുന്ന ഈ പ്രതിരോധ മരുന്നിൽ രോഗമുണ്ടാക്കാൻ ശേഷിയില്ലാത്ത തരത്തിൽ വീര്യം കുറഞ്ഞ വൈറസുകളാണുള്ളത്. ഇത് കുഞ്ഞിന്റെ ദഹനവ്യവസ്ഥയിൽ കടന്ന് പ്രതിരോധശേഷി വളർത്തുന്നു.

കുത്തിവെയ്പ്പിലൂടെ നൽകുന്ന വാക്സിൻ (ഇനാക്റ്റിവേറ്റഡ് പോളിയോ വാക്സിൻ): കുത്തിവെയ്പ്പായി നൽകുന്ന ഈ വാക്സിനിൽ നിർജ്ജീവമാക്കിയ വൈറസുകളാണുള്ളത്. ഇത് രക്തത്തിൽ നേരിട്ട് പ്രതിരോധ കോശങ്ങളെ (ഐ.ജി.ജി ആന്റിബോഡികൾ) ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു.

എന്തുകൊണ്ട് ഒന്നിലധികം ഡോസുകൾ അത്യന്താപേക്ഷിതമാണ്?

പോളിയോ വാക്സിൻ ഒരു തവണ മാത്രം നൽകിയാൽ കുഞ്ഞിന് പൂർണ്ണ പ്രതിരോധശേഷി ലഭിക്കില്ല. ഒന്നിലധികം ഡോസുകൾ നൽകേണ്ടിവരുന്നതിന് പ്രധാനമായും അഞ്ച് ശാസ്ത്രീയ കാരണങ്ങളുണ്ട്:

1. ആദ്യ ഡോസ് പ്രതിരോധശേഷിയുടെ തുടക്കം മാത്രം : ഒരു കുഞ്ഞിന് പോളിയോ വാക്സിൻ നൽകുമ്പോൾ ആദ്യ ഡോസ് ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് വൈറസിനെ തിരിച്ചറിയാൻ മാത്രമാണ് പ്രാപ്തമാക്കുക. എന്നാൽ ഒന്നിൽ കൂടുതൽ ഡോസുകൾ നൽകിയാൽ മാത്രമേ ശരീരത്തിൽ ദീർഘകാലം നിലനിൽക്കുന്ന ആന്റിബോഡികളും പ്രതിരോധ ഓർമ്മകോശങ്ങളും (മെമ്മറി ബി, ടി സെല്ലുകൾ) നിർമ്മിക്കപ്പെടുക.

2. അമ്മമാരിൽ നിന്ന് ലഭിക്കുന്ന ആന്റിബോഡികളുടെ സ്വാധീനം (മറ്റേർണൽ ആന്റിബോഡീസ്) : ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ലഭിക്കുന്ന ആന്റിബോഡികൾ ആദ്യത്തെ ഏതാനും മാസങ്ങളിൽ കുഞ്ഞിന്റെ ശരീരത്തിലുണ്ടാകും. ആദ്യത്തെ പോളിയോ ഡോസ് നൽകുമ്പോൾ, ഈ മറ്റേർണൽ ആന്റിബോഡികൾ വാക്സിനിലെ വൈറസ് കണികകളെ നിർജ്ജീവമാക്കാൻ സാധ്യതയുണ്ട്. ഇതിനാൽ വാക്സിന്റെ പൂർണ്ണ ഫലം കുഞ്ഞിന് ലഭിക്കാതെ പോയേക്കാം. തുടർച്ചയായ ഡോസുകളിലൂടെ മാത്രമേ ഈ തടസ്സം മറികടന്ന് കുഞ്ഞിന് സ്വന്തമായി പൂർണ്ണ പ്രതിരോധശേഷി നേടാനാകൂ.

3. ദഹനവ്യവസ്ഥയിലെ മറ്റ് വൈറസുകളുടെ സാന്നിധ്യം : നമ്മുടെ നാട്ടിലെ കാലാവസ്ഥയിലും പരിസ്ഥിതിയിലും കുട്ടികളുടെ ദഹനവ്യവസ്ഥയിൽ പലതരം എന്ററോവൈറസുകൾ (Enteroviruses) സ്വാഭാവികമായി ഉണ്ടാകാം. കുഞ്ഞിന് വായിലൂടെ തുള്ളിമരുന്ന് നൽകുമ്പോൾ കുടലിൽ മറ്റ് വൈറസുകൾ ഉണ്ടെങ്കിൽ വാക്സിനിൽ അടങ്ങിയ വൈറസിന് ശരിയായ രീതിയിൽ പ്രതിരോധം സൃഷ്ടിക്കാൻ സാധിക്കാതെ വന്നേക്കാം. അതുകൊണ്ട് ഒന്നിലധികം തവണ തുള്ളിമരുന്ന് നൽകുന്നതിലൂടെ ഓരോ ഘട്ടത്തിലും വാക്സിൻ പൂർണ്ണമായി ഫലപ്രദമാകാനുള്ള സാധ്യത ഉറപ്പാക്കുന്നു.

4. പ്രതിരോധവും സാമൂഹിക സംരക്ഷണവും : വായിലൂടെ നൽകുന്ന പോളിയോ തുള്ളിമരുന്ന് കുടലിന്റെ ഉപരിതലത്തിൽ ശക്തമായ മ്യൂക്കോസൽ ഇമ്യൂണിറ്റി ഉണ്ടാക്കുന്നു. ഇത് കുഞ്ഞിന് രോഗം വരുന്നത് തടയുക മാത്രമല്ല മറ്റു ഉറവിടങ്ങളിൽ നിന്ന് വൈറസ് കുഞ്ഞിന്റെ ശരീരത്തിൽ കടന്നുകൂടിയാലും അത് മറ്റുള്ളവരിലേക്ക് പടരുന്നത് തടയുകയും ചെയ്യുന്നു. ഇത് സമൂഹത്തിൽ ശക്തമായ പ്രതിരോധകവചം സൃഷ്ടിക്കുന്നു.

പ്രതിരോധ കുത്തിവെയ്പ്പ് പട്ടികയും പൾസ് പോളിയോയും

ദേശീയ പ്രതിരോധ കുത്തിവെയ്പ്പ് പട്ടിക (National Immunization Schedule) അനുസരിച്ച് കുഞ്ഞുങ്ങൾക്ക് കൃത്യമായ ഇടവേളകളിൽ പോളിയോ വാക്സിൻ നൽകണം:

പ്രായംവാക്സിൻ തരം
1. ജനന സമയത്ത് (ബർത്ത് ഡോസ്)ഒ.പി.വി സീറോ ഡോസ്
6 ആഴ്ച (1.5 മാസം)ഒ.പി.വി 1st ഡോസ്, ഫ്രാക്ഷണൽ ഐ.പി.വി 1st ഡോസ്
10 ആഴ്ച (2.5 മാസം)ഒ.പി.വി 2nd ഡോസ്
14 ആഴ്ച (3.5 മാസം)ഒ.പി.വി 3rd ഡോസ്, ഫ്രാക്ഷണൽ ഐ.പി.വി 2nd ഡോസ്
16-24 മാസം (1.5 വയസ്സ്)ഒ.പി.വി ബൂസ്റ്റർ ഡോസ്

പതിവ് കുത്തിവെയ്പ്പുകൾക്ക് പുറമെ സർക്കാർ സംഘടിപ്പിക്കുന്ന പൾസ് പോളിയോ ക്യാമ്പയിനുകളിൽ 5 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും തുള്ളിമരുന്ന് നൽകുന്നു. മുൻപ് എല്ലാ ഡോസുകളും കൃത്യമായി എടുത്ത കുട്ടിക്ക് പൾസ് പോളിയോ ദിനങ്ങളിൽ വീണ്ടും തുള്ളിമരുന്ന് നൽകുന്നത് തികച്ചും സുരക്ഷിതമാണ്. ഇത് സമൂഹത്തിൽ പോളിയോ വൈറസിന്റെ പുനരാഗമനം പൂർണ്ണമായും തടയുന്നു.

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വാക്സിനേഷൻ കാർഡിൽ നിർദ്ദേശിച്ചിരിക്കുന്ന തീയതികളിൽ തന്നെ പോളിയോ ഡോസുകൾ നൽകുക.
  • പൾസ് പോളിയോ ഒഴിവാക്കരുത്: മുമ്പ് ഡോസുകൾ എടുത്തിട്ടുണ്ടെങ്കിലും പൾസ് പോളിയോ ദിനങ്ങളിൽ തുള്ളിമരുന്ന് നൽകാൻ മറക്കരുത്.
  • കുഞ്ഞിന് ലളിതമായ പനിയോ ജലദോഷമോ ഉണ്ടെങ്കിൽ സാധാരണയായി വാക്സിൻ മാറ്റിവെക്കേണ്ടതില്ല. എങ്കിലും കഠിനമായ അസുഖങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ പീഡിയാട്രീഷ്യനോട്‌ ഉപദേശം തേടുക.
  • നമ്മുടെ കുട്ടികളുടെയും വരുംതലമുറയുടെയും ആരോഗ്യകരമായ ഭാവി ഉറപ്പുവരുത്താൻ കൃത്യമായ പോളിയോ വാക്സിനേഷൻ അത്യന്താപേക്ഷിതമാണ്.

കോഴിക്കോട് ആസ്റ്റർ മിംസിൽ പീഡിയാട്രിക്സ് വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമാണ് ലേഖകൻ.