അഗ്നിരക്ഷാസേനയിലെ മുങ്ങൽ വിദഗ്ധൻ കായലിൽ നിന്ന് വയർലെസ് സെറ്റ് മുങ്ങിത്തപ്പിയെടുത്തു

കൊല്ലം: ആക്‌ഷൻ ഹീറോ ബിജു സിനിമയിലെ രംഗങ്ങളെ ഓർമ്മിപ്പിച്ച് വയർലെസ് സെറ്റിനായി തിരച്ചിൽ! ഇത്തവണ രംഗം അഷ്ടമുടിക്കായലിലാണ്! പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ ഫൈനൽ മത്സരം കാണാൻ ആളുകൾ തിങ്ങിക്കൂടിയപ്പോൾ പോലീസിന് കിട്ടി ഒരു 'അണ്ടർവാട്ടർ' പണി. തിരക്ക് നിയന്ത്രിക്കുന്നതിനിടെ അഞ്ചാലുംമൂട് എസ്.ഐ.യുടെ വയർലെസ് സെറ്റ് കായലിൽ വീണു. പിന്നെ സെറ്റിനായി തിരച്ചിൽ!
പ്രധാന വേദിക്കരികിലായിരുന്നു സംഭവം. പോലീസിന്റെ ആശയവിനിമയ ഉപകരണം വെള്ളത്തിലേക്ക് പോയതോടെ വീണ്ടെടുക്കാനുള്ള ദൗത്യം തുടങ്ങി. മത്സരത്തിനുശേഷം ആറുമണിയോട അഗ്നിരക്ഷാസേനയിലെ മുങ്ങൽ വിദഗ്ധൻ കായലിൽ മുങ്ങി 15 മിനിറ്റോളം നടത്തിയ തിരച്ചിലിനൊടുവിൽ സെറ്റ് കണ്ടടുത്തു. ഉദ്യോഗസ്ഥരുടെ മുഖത്ത് ആശ്വാസത്തിന്റെ നിറഞ്ഞ ചിരി.
സെറ്റ് തിരിച്ചുകിട്ടിയെങ്കിലും കഥ തീരുന്നില്ല. പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനൊപ്പം സംഭവത്തെക്കുറിച്ച് മേലുദ്യോഗസ്ഥരെ അറിയിക്കുകയും ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തുകയും വേണം. ഡ്യൂട്ടിക്കിടെയുണ്ടായ അപകടമാണോ അശ്രദ്ധയാണോ എന്ന പരിശോധനയ്ക്കുശേഷമായിരിക്കും തുടർനടപടികൾ. വീഴ്ച കണ്ടെത്തിയാൽ വകുപ്പുതല നടപടികൾക്കും ഉപകരണത്തിന്റെ വില ഈടാക്കുന്നതിനും സാധ്യതയുണ്ട്. സിനിമയിൽ ക്ലൈമാക്സ് കഴിഞ്ഞാൽ തിരശ്ശീല വീഴും; ഇവിടെ വയർലെസ് സെറ്റിന്റെ പരിശോധനയും ഔദ്യോഗിക നടപടികളുംകൂടി പൂർത്തിയാകണം!
Content Highlights: Anchalummoodu Sub-Inspector's wireless set accidentally fell into Ashtamudi Lake during crowd control at the President's Trophy Boat Race in Kollam, prompting a 15-minute underwater search by Fire Force divers.
Published: 22 Nov 2026, 07:38 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented