തിരുവനന്തപുരം: ജനാധിപത്യത്തിന്റെ തണലിൽ ഉദ്യോഗസ്ഥർ അധികാരകേന്ദ്രങ്ങളാവുന്നത് അപകടകരമായ അവസ്ഥയും ഏകാധിപത്യ പ്രവണതയുമുണ്ടാക്കുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾകൂടി ഉൾക്കൊണ്ട് നീതിപീഠത്തിൽനിന്ന് വിധിന്യായങ്ങളുണ്ടാകുമ്പോഴാണ് അത് മനോഹരമാകുന്നതെന്ന്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് സംഘടിപ്പിക്കുന്ന ഭരണഘടനാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു സ്പീക്കർ പറഞ്ഞു.

To advertise here,

ഭരണഘടനാധാർമികതയും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസാരിച്ചു. വ്യക്തിയുടെ ധാർമ്മികതയല്ല ഭരണഘടനയുടെ ധാർമ്മികത. അത് ഒരു സമൂഹത്തിൽ എന്താണ് വേണ്ടത് എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഭരണഘടനയ്ക്ക് മുകളിൽ ഒരു നിയമമില്ല. അതിന്റെ അന്തഃസത്ത ധാർമ്മികതയാണ്. ഭരണഘടനയെ വകവെക്കില്ലെന്ന് പറയുന്നവർക്ക് ഇന്ത്യയിൽ തുടരാനാകില്ല. ഭരണഘടനയുടെ അന്തഃസത്ത മനസ്സിലാക്കി നീതി ഉറപ്പാക്കുകയാണ് നീതിപീഠം ചെയ്യുന്നത്. അതുകൊണ്ടാണ്, കോടതികൾ നിയമപീഠമല്ലാതെ നീതിപീഠമാകുന്നതും. നിയമപരമായ ശരി എല്ലായ്‌പ്പോഴും ധാർമ്മികമായി ശരിയാകണമെന്നില്ല. തിരിച്ചും അതേ. ഇത് കോടതികൾക്ക് മുമ്പിൽ പലപ്പോഴും എത്തുന്ന കാര്യമാണ്. ന്യായാധിപരല്ല ഭരണഘടനയുടെ സംരക്ഷകർ. അത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ന്യായാധിപർക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നു മാത്രമേയുള്ളൂ. ഇന്നത്തെ ശരി നാളെത്തെ ശരിയാകണമെന്നില്ല. അതുകൊണ്ടാണ് ഭരണഘടനയ്ക്കടക്കം ഭേദഗതികളുണ്ടായത്. ലോകത്തിലെ ശക്തവും സുന്ദരവുമായ ഭരണഘടനയാണ് ഇന്ത്യയിലേതെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം ലോ കോളേജിൽ നടന്ന ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് ഓഫ് ഗവേണൻസ് അംഗം ജ്യോതികുമാർ ചാമക്കാല എം.എൽ.എ. അധ്യക്ഷത വഹിച്ചു. കേന്ദ്രസർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ജി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ജ്വൽ ജോൺ ആലപ്പാട്ട്, ലോ കോളേജ് പ്രിൻസിപ്പൽ ഡോ. എം. ഹമീമ, മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എ.കെ. സുദർശൻ, ജില്ലാ കോഡിനേറ്റർ ഡോ. ജിഷ അബ്രഹാം, ഡോ. യു. സലീന എന്നിവർ സംസാരിച്ചു.