
തിരുവനന്തപുരം: മന്ത്രിസഭയിലും പാർട്ടിയിലും നേതാക്കൾ രണ്ടുധ്രുവങ്ങളിലേക്ക് മാറുംവിധം കോൺഗ്രസിലെ തർക്കം മുറുകുന്നു. ദേശീയ നേതൃത്വം ഇടപെടാതെ പ്രശ്‌നപരിഹാരമുണ്ടാകില്ലെന്ന സ്ഥിതി. പരാതി പലവഴി ഹൈക്കമാൻഡിൽ എത്തിയിട്ടുമുണ്ട്, പക്ഷേ, ഇടപെടലുണ്ടായിട്ടില്ല. അടിയന്തര ഒത്തുതീർപ്പിനുള്ള വഴിതേടി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അടുത്തദിവസം ഡൽഹിയിലേക്കു പോകും.
സർക്കാർ-പാർട്ടി ഏകോപനത്തിന് മുഴുവൻസമയ കെ.പി.സി.സി. പ്രസിഡന്റ് ഇല്ലെന്നതാണ് പ്രധാനവിഷയം. പുതിയ പ്രസിഡന്റിനെയും എം.എൽ.എ.മാർ ഡി.സി.സി. പ്രസിഡന്റായ ഇടങ്ങളിലെ മാറ്റവുമടങ്ങുന്ന പുനഃസംഘടനയാണ് ഹൈക്കമാൻഡ് പരിഗണിച്ചിരുന്നത്. അതിനടിയിൽത്തന്നെ ഭരണ-സംഘടനാതർക്കം കടുത്തു. പി.എസ്.സി., ദേവസ്വംബോർഡ് നിയമനങ്ങളിൽ പ്രത്യക്ഷപ്പോരായി. പുനഃസംഘടനവരെ കാത്തിരുന്നാൽ സ്ഥിതി വഷളാകുമെന്ന് പല നേതാക്കളും ഹൈക്കമാൻഡിനെ അറിയിച്ചു. ബോർഡ്-കോർപ്പറേഷൻ നിയമനമടക്കം നടത്തേണ്ടതുണ്ട്. ഇതിന് 'ഒത്തുതീർപ്പ് സമിതി' എന്ന നിർദേശവുമായാണ് സണ്ണി ജോസഫ് ഡൽഹിക്ക് വണ്ടികയറുന്നത്. മുതിർന്ന നേതാവെന്ന നിലയിൽ മന്ത്രി രമേശ് ചെന്നിത്തലയും ചർച്ചകളിൽ പങ്കാളിയാകുന്നുണ്ട്.
കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയും ചർച്ചനടത്തി തീരുമാനമെടുക്കാമെന്ന നിലപാടാണ് വി.ഡി. സതീശന്. പാർട്ടിയിലെ എല്ലാഗ്രൂപ്പുകളെയും തൃപ്തിപ്പെടുത്താൻ ഇതിലൂടെ കഴിയില്ലെന്ന് സണ്ണി ജോസഫ് വാദിക്കുന്നു. ഇതോടെയാണ് കെ.സി. പക്ഷത്തുനിന്ന് എ.പി. അനിൽകുമാർ പ്രധാന വിമർശകനായി രംഗത്തെത്തിയത്.
പരിഗണന കിട്ടുന്നില്ലെന്ന പരാതി പഴയ എ-വിഭാഗം നേതാക്കളും ഉന്നയിക്കുന്നു. സംഘടനാച്ചുമതലയുള്ള എ.ഐ. സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേരിലാണ് ഒരു ഗ്രൂപ്പ് കലാപക്കൊടിയേന്തി മുന്നിലുള്ളത്.
സൈബറിടത്തിലും ഗ്രൂപ്പുയോഗങ്ങളിലുമൊക്കെയായി പാർട്ടിക്കുള്ളിൽ ഒളിപ്പോര് കടുത്തിട്ടും അദ്ദേഹം മൗനം തുടരുകയാണ്.
അറിയാത്ത കാര്യങ്ങളിൽ എന്തിന് ഇടപെടണമെന്ന് വേണുഗോപാൽ കേരളനേതാക്കളോട് തിരിച്ചുചോദിച്ചുവെന്നാണ് പറയുന്നത്. ലീഗിനെ കൂടി അക്രമിച്ചുകൊണ്ടുള്ള നിലപാട് എ.പി. അനിൽകുമാർ സ്വീകരിച്ചതോടെയാണ് രംഗം കൂടുതൽ വഷളായത്.
സതീശൻ അഞ്ചുവർഷം പൂർത്തിയാക്കും
''ആര് എന്തു കളിച്ചിട്ടും കാര്യമില്ല. അഞ്ചുവർഷം വി.ഡി. സതീശൻ പൂർത്തിയാക്കും. മുഖ്യമന്ത്രി ശക്തമായിത്തന്നെ മുന്നോട്ടുപോകും. കാബിനറ്റിന്റെയും ജനങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ട്.'' - മന്ത്രി കെ. മുരളീധരൻ
കൊള്ളാത്ത മന്ത്രിമാരെ പുറത്താക്കണം
''മന്ത്രിമാരിൽ കൊള്ളാത്തവരുണ്ടെങ്കിൽ മാറ്റണം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒറ്റമന്ത്രിയും അവിടെ ഇരിക്കാൻ പാടില്ല. അത് ഭരണഘടനാവിരുദ്ധമാണ്. മുഖ്യമന്ത്രിയെ ഭരിക്കാൻ അനുവദിക്കണം. മുഖ്യമന്ത്രിയുടെ വിശ്വാസമാണ് മന്ത്രിയാകുന്നതിൽ പ്രധാനം. അദ്ദേഹത്തിനു വിശ്വാസമുള്ളിടത്തോളം കാലമേ ഒരാൾക്ക് മന്ത്രിസഭയിൽ തുടരാനാകൂ.'' - ജി.സുധാകരൻ, എം.എൽ.എ.
Content Highlights: Severe internal rift and factionalism within the Kerala Congress party., KPCC President Sunny Joseph traveling to Delhi to seek intervention from the high command., Disputes regarding government-party coordination, appointments, and upcoming reorganization., Statements from key leaders including K. Muraleedharan and G. Sudhakaran on cabinet stability.
Published: 22 Nov 2026, 04:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented