പത്തനംതിട്ട: നിലയ്ക്കലിൽ തീർത്ഥാടകരുമായി എത്തിയ ഡ്രൈവർക്കെതിരെ പോലീസ് അതിക്രമം കാണിച്ച സംഭവത്തിൽ നടപടിയെടുക്കുമെന്ന് എഡിജിപി പി. വിജയൻ. എറണാകുളം വടക്കൻ പരവൂർ സ്വദേശിയായ പ്രശാന്തിനാണ് മർദനമേറ്റത്. ഡ്രൈവറെ മർദിച്ച എറണാകുളം റൂറൽ എഎസ്‌ഐ (ASI) ജിജോയ്‌ക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് എഡിജിപി പി. വിജയൻ നിർദേശിച്ചു.

To advertise here,

ശബരിമല തീർത്ഥാടകരുമായി എത്തിയ വാഹനം നിലയ്ക്കലിൽ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ശനിയാഴ്ച വെളുപ്പിനെ നാലുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. എറണാകുളത്തുനിന്നും തീർത്ഥാടകരുമായി എത്തിയ വാഹനത്തിൽ നിന്ന് അവരെ ഇറക്കിയ ശേഷം 11-ാം നമ്പറിൽ വരുന്ന പാർക്കിങ് ഏരിയയിലേക്ക് പോകാനാണ് അവിടെ ഉണ്ടായിരുന്ന പോലീസുകാരൻ നിർദേശിച്ചത്.

ഇതനുസരിച്ച് തീർത്ഥാടകരെ ഇറക്കുന്ന സമയത്താണ് എഎസ്‌ഐ ജിജോയ് ഇവിടേക്ക് എത്തിയത്. അനുവദിച്ചിട്ടുള്ള പാർക്കിങ് സ്ലോട്ടിൽ ചെന്നശേഷം തീർത്ഥാടകരെ ഇറക്കിയാൽ മതിയെന്ന് അദ്ദേഹം നിർദേശിച്ചു. എന്നാൽ തന്നോട് മറ്റൊരു പോലീസുദ്യോഗസ്ഥൻ ഇവിടെ തീർത്ഥാടകരെ ഇറക്കിക്കൊള്ളാൻ പറഞ്ഞുവെന്ന് പ്രശാന്ത് പറഞ്ഞതോടെയാണ് തർക്കത്തിന്റെ തുടക്കം.

തർക്കം മൂർച്ഛിച്ചതോടെ പ്രശാന്ത് തന്റെ മൊബൈൽ ക്യാമറയിൽ എഎസ്‌ഐയുടെ ദൃശ്യം പകർത്താൻ ശ്രമിച്ചതോടെ അദ്ദേഹം മൊബൈൽ തട്ടിക്കളയാൻ ശ്രമിക്കുകയുമായിരുന്നു. പിന്നാലെ, വാഹനത്തിന്റെ നമ്പർ പ്ലേറ്റ് നോക്കിയശേഷം എറണാകുളത്തുനിന്നും പിടിച്ചോളാം എന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും പരാമർശം ഉണ്ടായതായി പ്രശാന്ത് പറയുന്നു.

അപ്പോൾ താൻ, എറണാകുളത്ത് നോർത്ത് പരവൂർ നിന്നാണെന്നും, കുറച്ചുകൂടി വ്യക്തമാകുന്നതിനായി മുഖ്യമന്ത്രിയുടെ നാട്ടിൽ നിന്നാണെന്നും പ്രശാന്ത് പറഞ്ഞു. അതിൽ ഭീഷണിയുടെ സ്വരമുണ്ടെന്ന് പറഞ്ഞാണ് എഎസ്‌ഐ തനിക്കുനേരെ അതിക്രമം കാണിച്ചത് എന്ന് പ്രശാന്ത് പറയുന്നു. പ്രശാന്തിന്റെ ഫോണിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് എഎസ്‌ഐക്കെതിരെ നടപടിയെടുക്കാൻ തീരുമാനമായത്.

വിഷയത്തിൽ ഇടപെട്ട എഡിജിപി പി. വിജയൻ, വൈകാതെ തന്നെ എഎസ്‌ഐക്കെതിരെ മാതൃകാപരമായ നടപടി ഉണ്ടാകണമെന്ന് നിർദേശം നൽകി. നിലയ്ക്കൽ സ്‌പെഷ്യൽ ഓഫീസറാണ് വിഷയത്തിൽ അന്വേഷണം നടത്തുന്നത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എറണാകുളം റൂറൽ ജില്ലാ ആസ്ഥാനത്തെ എഎസ്‌ഐ ആയ ജിജോയ്‌ക്കെതിരെ സസ്‌പെൻഷൻ നടപടി ഉണ്ടാവുക.

നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രശാന്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 'എന്റെ കൈയിൽ ആ വീഡിയോ ഉണ്ടായതുകൊണ്ടാണ് പോലീസ് നടപടിയെടുത്തത്. ആ വീഡിയോ ഇല്ലായിരുന്നെങ്കിൽ ഞാൻ പറയുന്നതെല്ലാം വെറുംവാക്കാക്കി കളയുമായിരുന്നു. വേറെ തെളിവില്ലാത്തതുകൊണ്ട് എഎസ്‌ഐക്കെതിരെ നടപടി എടുക്കുമായിരുന്നില്ല.' പ്രശാന്ത് പറയുന്നു.

അതേസമയം, അയ്യപ്പന്മാരെ ബുദ്ധിമുട്ടിച്ചാൽ ആരായാലും നടപടിയെടുക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. 'ഇത്തരം കേസുകൾ സർക്കാർ കർശനമായി അന്വേഷിക്കും. തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും സർക്കാർ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും.' മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.