കോഴിക്കോട്: തിരുവമ്പാടി മുന്‍ എം.എല്‍.എയും സി.പി.എം. നേതാവുമായ ജോര്‍ജ് എം. തോമസിനെതിരായ പരാതിയില്‍, പരാതിക്കാരനായ തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്റെ മൊഴി പോലീസ് വ്യാഴാഴ്ച രേഖപ്പെടുത്തും. പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കൂട്ട് നിന്നു, പണം വാങ്ങി പോക്‌സോ കേസ് ഒത്തു തീര്‍പ്പാക്കി, കേസ് ഒത്തു തീര്‍പ്പാക്കാന്‍ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് വയനാട്ടില്‍ ഭൂമി വാങ്ങി നല്‍കി, ക്വാറി ഉടമകളില്‍ നിന്ന് ഉള്‍പ്പടെ പണം വാങ്ങി തുടങ്ങി ആരോപണങ്ങളാണ് ജോര്‍ജ് എം. തോമസിനെതിരായുള്ളത്.

To advertise here,

എം.എല്‍.എ. ആയിരുന്ന പത്ത് വര്‍ഷക്കാലം ജോര്‍ജ് എം. തോമസ് ചെയ്ത നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയത്. ഈ പരാതിയില്‍ ആണ് വടകര റൂറല്‍ എസ്.പി. ഓഫീസില്‍ വെച്ച് ബാലകൃഷ്ണന്റെ മൊഴി എടുക്കുക.

ജോര്‍ജ് എം. തോമസിനെതിരെ നേരത്തെ പാര്‍ട്ടി അന്വേഷണം നടത്തുകയും നടപടി എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, നടപടി പരസ്യപ്പെടുത്താന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഇത് വരെ തയ്യാറായിട്ടില്ല.