കോഴിക്കോട്: സി.പി.ഐയെ പിന്തുണച്ചുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ.പി.എ. മജീദ് ചന്ദ്രികയിൽ എഴുതിയ ലേഖനത്തിൽ പ്രതികരണവുമായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. എൽ.ഡി.എഫിൽ തങ്ങൾ പൊരിവെയിലത്താണോ തണലത്താണോ ഉള്ളതെന്ന് ചിന്തിക്കേണ്ടത് സി.പി.ഐയാണെന്നും ഞങ്ങളുടെ അഭിപ്രായത്തിൽ അവരിപ്പോൾ പൊരിവെയിലത്താണ് നിൽക്കുന്നതെന്നും സലാം കോഴിക്കോട് പറഞ്ഞു.
ചന്ദ്രികയിലെ ലേഖനം ഏതെങ്കിലും പാർട്ടിയെ ക്ഷണിക്കുന്നതല്ലെന്നും ‘ക്ഷണം’ എന്ന വാക്ക് ലേഖനത്തിൽ ഇല്ലെന്നും സലാം ചൂണ്ടിക്കാണിച്ചു. ഇടതുമുന്നണിയിൽ സി.പി.ഐ. അനുഭവിക്കുന്ന അവഗണനയാണ് ലേഖനത്തിലുള്ളത്. സി.പി.ഐയുടെ പഴയ പ്രതാപവും മുസ്ലിം ലീഗുമായുള്ള സഖ്യകാലത്തെ നേട്ടവുമാണ് ലേഖനത്തിലുള്ളത്.
യു.ഡി.എഫിലേക്ക് സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യം ഇപ്പോൾ ഇല്ലെന്നും സലാം പറഞ്ഞു. നിലവിൽ അങ്ങനെ ഒരു ചർച്ചയും നടക്കുന്നില്ല. യു.ഡി.എഫിലേക്ക് ഒരു രാഷ്ട്രീയ പാർട്ടിയെയും ഞങ്ങൾ ഇപ്പോൾ ക്ഷണിച്ചിട്ടില്ലെന്നും സലാം വ്യക്തമാക്കി.
മുസ്ലിം ലീഗും മതസംഘടനകളും തമ്മിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. മതസംഘടനകളുടെ കാര്യത്തിൽ ലീഗ് ഇടപെടാറില്ലെന്നും സമസ്ത തർക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടിയായി സലാം പറഞ്ഞു.
വഖഫ് ബോർഡ് പുന:സംഘടന നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി സർക്കാരിന് അതിനുള്ള അനുമതി നൽകിയിട്ടുണ്ട്. അതിന് അനുസരിച്ച് പരിശോധിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്നും പി.എം.എ സലാം പറഞ്ഞു.
Published: 29 Aug 2026, 12:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented