കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള നിർദേശമാണ് സിപിഐ നേതൃത്വത്തിന് മുമ്പാകെ സിപിഎം വെക്കുകയെന്നാണ് റിപ്പോർട്ട്.

To advertise here,

പദവി രണ്ട് പാർട്ടികൾക്കും അഭിമാനപ്രശ്നമായി മാറിയതോടെ വിട്ടുവീഴ്ച ചെയ്യുന്നത് രാഷ്ട്രീയമായി വലിയ ക്ഷീണവും കീഴടങ്ങലുമായി വ്യാഖ്യാനിക്കപ്പെടാവുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പദവി തന്നെ ‘ഉപേക്ഷിച്ച്’ പ്രശ്നപരിഹാരത്തിലേക്ക് സിപിഎം എത്തിയത്. സിപിഎം പദവി ത്യജിക്കുന്നതോടെ സിപിഐയും കടുംപിടിത്തം ഉപേക്ഷിക്കാനാണ് സാധ്യത.

സിപിഎം കെ.എൻ ബാലഗോപാലിന് വേണ്ടിയും സിപിഐ മുൻമന്ത്രിയും സിപിഐ പാർലമെന്ററി പാർട്ടി നേതാവ് കെ. രാജന് വേണ്ടിയുമാണ് പ്രതിപക്ഷ ഉപനേതാവ് പദവിക്കായി നിലകൊണ്ടത്. കേരള കോൺഗ്രസ് എം നേതാവ് ജോസ്.കെ മാണിയും പ്രശ്നം എത്രയും വേഗം തീർക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

സർക്കാർ 100 ദിവസം പിന്നിട്ടിട്ടും എൽഡിഎഫ് യോഗം പോലും കൃത്യമായ ചേരാനാകാത്തത് ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തർക്കം കാരണമാണ്. പദവിയിൽ തീരുമാനമായിട്ട് മാത്രമേ യോഗത്തിനുള്ളൂ എന്ന നിലപാടിലായിരുന്നു സിപിഐ. പദവി കിട്ടിയേ തീരുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പദവി സിപിഎമ്മിനായിരിക്കുമെന്നും താൻ കത്ത് കൊടുക്കേണ്ട താമസമേ ഉള്ളൂവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പരസ്യമായി പറഞ്ഞതോടെയാണ് ഭിന്നത രൂക്ഷമായത്.

തുടർന്ന് സിപിഎം നേതാക്കളായ സി.എൻ മോഹനനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഎമ്മിന് തന്നെയായിരിക്കും പദവി എന്നും അതാണ് കീഴ്‌വഴക്കമെന്നും ആവർത്തിച്ചു. എന്നാൽ ചില കീഴ്‌വഴക്കങ്ങൾ മാറിയേ തീരൂവെന്നും മാറി ചിന്തിക്കാൻ സിപിഎം തയ്യാറാകണമെന്നും സിപിഐ നേതാക്കളായ പി. സന്തോഷ് കുമാറും രാജാജി മാത്യു തോമസ് അടക്കമുള്ളവർ മറുപടി നൽകി. യുവജന നേതാക്കൾ സോഷ്യൽമീഡിയയിലും ഭിന്നതയ്ക്ക് ശക്തി പകർന്നു.

ഇതിനിടെ മുസ്ലിം ലീഗ് തന്നെ സിപിഐക്ക് ക്ഷണവുമായി രംഗത്തിറങ്ങുന്ന സാഹചര്യവുമുണ്ടായിരുന്നു. ഉപനേതൃ പദവി സിപിഎം ഏറ്റെടുത്താൽ സിപിഐ കടുത്ത നിലപാടിലേക്ക് പോകുമായിരുന്നു. പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് പോലും പാർട്ടി ആലോചിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അസന്നിഗ്ധമായി പദവിയിൽ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് സിപിഐക്ക് പദവി വിട്ടു നൽകുന്നത് അവരെ സംബന്ധിച്ചും ആലോചിക്കാനാകാത്ത കാര്യമായി. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഒടുവിൽ പദവി തന്നെ ഉപേക്ഷിച്ചുള്ള പ്രശ്‌നപരിഹാരമാണ് ഒടുവിൽ ഉരുത്തിരിയുന്നത്‌.