കോട്ടയം: ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിൽ കിടന്ന യുവാവിനെ സമയോചിത ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് പോലീസ്. കോട്ടയം ചിങ്ങവനത്താണ് സംഭവം. ചിങ്ങവനം എസ്.ഐ അജ്മൽ ഷായുടെ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ദാമ്പത്യപ്രശ്നങ്ങളെ തുടർന്നുണ്ടായ മാനസിക വിഷമത്തെത്തുടർന്ന് ജീവനൊടുക്കാൻ തീരുമാനിച്ച യുവാവ് താൻ പോകുകയാണെന്ന് അജ്മൽ ഷായെ ഫോണിൽ വിളിച്ചുപറയുകയായിരുന്നു. മരിച്ചാൽ ഭാര്യയെ വിവരം അറിയിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതോടെ ഫോണിലൂടെ യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് സംസാരത്തിലൂടെ യുവാവിന്റെ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു.
യുവാവ് റെയിൽവേ ട്രാക്കിൽ കിടക്കുകയാണെന്ന് മനസിലാക്കിയ പോലീസ് സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഇരുട്ടത്ത് ട്രാക്കിലൂടെ ഓടിയെത്തിയ പോലീസ് സംഘം ഒടുവിൽ പാളത്തിൽ മൊബൈൽ ഫോണിന്റെ വെളിച്ചം കണ്ടെത്തുകയായിരുന്നു. തുടർന്ന് യുവാവിനെ ട്രാക്കിൽനിന്ന് മാറ്റി സുരക്ഷിതനാക്കി.
"നിന്റെ അമ്മയും സഹോദരനും സുഹൃത്തുക്കളുമെല്ലാം നിന്നെ സ്നേഹിക്കുന്നവരാണ്. ഞങ്ങളും നിന്റെ കൂടെയുണ്ട്. നീ വിളിച്ചപ്പോ ഞാൻ വന്നില്ലേ.. ഞങ്ങൾ കൂടെയുള്ളപ്പോൾ നിന്നെ മരിക്കാൻ വിടുമോ?" എന്നായിരുന്നു യുവാവിനോട് പോലീസിന്റെ വാക്കുകൾ.
യുവാവിനെ ആശ്വസിപ്പിച്ചും സംസാരിച്ചും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയയിരുന്നു പോലീസ്. തുടർന്ന് യുവാവിന് പെൺകുട്ടിയുമായി സംസാരിക്കാനും അവസരമൊരുക്കി. ഇപ്പോൾ ബന്ധുക്കൾക്കൊപ്പം വിട്ടിരിക്കുകയാണ്. യുവാവിന് കൗൺസിലിങ് നൽകുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: Kottayam Changanassery police timely saved a youth from a railway track., SI Ajmal Shah tracked the victim's location after a distress phone call., Police provided emotional support and arranged a conversation with a loved one., Marital issues and mental distress led the youth to take the extreme step.
Published: 29 Nov 2026, 10:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented