
തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയുമായി യു.ഡി.എഫ്. മുന്നോട്ടെന്നതരത്തിൽ പറഞ്ഞ കൺവീനർ അടൂർ പ്രകാശിനെ ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി തിരുത്തി. യു.ഡി.എഫ്. യോഗം അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതിനു പിന്നാലെ, പദ്ധതി തുടരാൻ തീരുമാനിച്ചിട്ടില്ലെന്നും വിഷയം മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്നുമുള്ള വിശദീകരണവുമായി അടൂർ പ്രകാശ് നിലപാട് മാറ്റി. പദ്ധതിയുമായി മുന്നോട്ടുപോകും എന്നൊരു വാക്ക് അടൂർ പ്രകാശ് വ്യാഴാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞില്ലെങ്കിലും അതുതന്നെയാണ് യു.ഡി.എഫ്. ഉദ്ദേശിക്കുന്നതെന്നു വ്യക്തമായിരുന്നു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ നിലപാടുകളോട് ചേർന്നെന്ന സി.പി.എം. വിമർശനംകൂടി വന്നതോടെ അതിനെ പ്രതിരോധിക്കാനാണ് കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങിയത്.
യു.ഡി.എഫ്. യോഗതീരുമാനങ്ങൾ പോയിന്റുകളാക്കി ണ്ടകുറിച്ചുകൊണ്ടാണ് അടൂർ പ്രകാശ് പത്രസമ്മേളനത്തിന് എത്തിയതെങ്കിലും പറഞ്ഞുവന്നപ്പോൾ മാറ്റംവന്നു. ഉണ്ടായ ആശയക്കുഴപ്പം തത്കാലം പരിഹരിച്ചെന്നാണ് യു.ഡി.എഫിന്റെ ആശ്വാസം.
മലക്കംമറിച്ചിൽ
അടൂർ പ്രകാശ്- വ്യാഴാഴ്ച:
കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തിൽ പി.എം.ശ്രീ പദ്ധതി നടപ്പാക്കാതെ വഴിയില്ല. വിദ്യാഭ്യാസത്തിനുള്ള കേന്ദ്രസഹായം സംസ്ഥാനത്തിന് ലഭിക്കണമെങ്കിൽ പദ്ധതി നടപ്പാക്കേണ്ടിവരും. ഏത് സ്‌കൂളുകളെയാണ് ഉൾപ്പെടുത്തുന്നതെന്ന കാര്യത്തിൽ മാത്രമാണ് വ്യക്തതവേണ്ടത്.
പി.കെ. കുഞ്ഞാലിക്കുട്ടി:
യു.ഡി.എഫ്. യോഗത്തിൽ പി.എം.ശ്രീ സംബന്ധിച്ച് ചർച്ചയേ ഉണ്ടായില്ല. ലീഗിനും കോൺഗ്രസിനും വ്യത്യസ്ത അഭിപ്രായമാണെന്നു പറയുന്നത് അടിസ്ഥാനരഹിതമാണ്. അങ്ങനെയൊരു അജൻഡയേ യോഗത്തിൽ ഉണ്ടായിരുന്നില്ല. മന്ത്രിസഭ ഇക്കാര്യത്തിൽ ഒരു സബ് കമ്മിറ്റിയെ വെച്ചിട്ടുണ്ട്. ആ കമ്മിറ്റിയുടെ റിപ്പോർട്ടിനുശേഷം യു.ഡി.എഫും മുഖ്യമന്ത്രിയും അഭിപ്രായം പറയും. കേന്ദ്രം പറഞ്ഞ കണ്ടീഷനുകൾ ഒന്നും കേരളത്തിലെ പാഠ്യപദ്ധതിയിൽ നടപ്പാക്കാൻ പോകുന്നില്ല. അങ്ങനെ ഒരു ഘട്ടംവന്നാൽ എന്തുവേണമെന്ന് അപ്പോൾ പറയും.
അടൂർ പ്രകാശ്- വെള്ളിയാഴ്ച:
പദ്ധതിയിൽനിന്ന് പിന്മാറാൻ പറ്റില്ല എന്ന് പറഞ്ഞിട്ടില്ല. അത്തരം കാര്യങ്ങൾ യു.ഡി.എഫ്. ചർച്ചചെയ്യും. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽമാത്രമേ കാര്യങ്ങൾ ചെയ്യൂ എന്നാണ് പറഞ്ഞത്.
പിന്മാറാമെന്ന് ധ്വനിപ്പിച്ച് കേന്ദ്രം
ന്യൂഡൽഹി: പി.എം.ശ്രീ പദ്ധതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാൻ കഴിയുമെന്ന് ധ്വനിപ്പിക്കുന്ന വിശദീകരണവുമായി കേന്ദ്രസർക്കാർ. എന്നാൽ, പിന്മാറാമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറഞ്ഞിട്ടുമില്ല. രാജ്യസഭയിൽ പി.വി. അബ്ദുൾ വഹാബിന്റെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
പി.എം.ശ്രീ.യുടെ ഭാഗമാകാത്തതോ, പി.എം.ശ്രീയിൽനിന്ന് പിന്മാറുന്നതോ ആയ സംസ്ഥാനങ്ങൾക്ക് നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണെന്ന ചോദ്യത്തിനാണ് മറുപടി.
പി.എം.ശ്രീയുടെ ലക്ഷ്യങ്ങളും നേട്ടങ്ങളും വിശദീകരിച്ചശേഷം, പിന്മാറുന്ന സംസ്ഥാനങ്ങൾക്ക് പദ്ധതിയുടെ നേട്ടങ്ങൾ നഷ്ടപ്പെടുന്നെന്നാണ് മന്ത്രിയുടെ മറുപടിയിലുള്ളത്. പിന്മാറാൻ വഴികളുണ്ടെന്ന സൂചന നൽകുന്നതാണ് ഈ പരാമർശം. ധാരണാപത്രം ഒപ്പിട്ടശേഷം പിന്മാറാൻ വ്യവസ്ഥകളുണ്ടോ എന്നതിന് നേരിട്ടുള്ള മറുപടി നൽകുന്നില്ല. പിന്മാറിയാൽ സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള കേന്ദ്രസഹായം നഷ്ടപ്പെടുമോ എന്ന ചോദ്യത്തിനും മറുപടിയില്ല. സംസ്ഥാനങ്ങൾക്ക് അവരുടെ പ്രത്യേകമായ ആവശ്യങ്ങൾക്ക് അനുസൃതമായി കരിക്കുലത്തിന് രൂപംനൽകാൻ സാധ്യതകളുണ്ട്. എന്നാൽ, ഇത് പദ്ധതിയുടെ അടിസ്ഥാനതത്ത്വങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം.
പിന്മാറിയാൽ സാമ്പത്തിക തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: പദ്ധതി നടപ്പാക്കാനുള്ള സ്കൂളുകൾ തിരഞ്ഞെടുക്കുന്നതിലും കരിക്കുലത്തിലും പിടിമുറുക്കി പി.എം.ശ്രീയുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ്. വിദ്യാഭ്യാസമേഖലയിൽ കേന്ദ്രസഹായം നിർണായകമായ സാഹചര്യത്തിൽ പദ്ധതിയിൽനിന്ന് പിന്മാറുന്നത് സംസ്ഥാനത്തിന് സാമ്പത്തികമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്.
മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് അടുത്തയാഴ്ച വരുന്നതോടെ കൂടുതൽ വ്യക്തതയുണ്ടാവും. റിപ്പോർട്ടിന്റെ ഉള്ളടക്കവും നിയമോപദേശവും കേന്ദ്രസർക്കാരുമായുള്ള ചർച്ചകളുടെ ഫലവും വിലയിരുത്തിയശേഷമാകും അന്തിമതീരുമാനം.
രാഷ്ട്രീയവിവാദമായതോടെ വിശദമായ പരിശോധനയ്ക്കും ആലോചനകൾക്കും ശേഷമാണ് തീരുമാനമെടുത്തതെന്നു വ്യക്തമാക്കാനുള്ള തന്ത്രംകൂടിയാകും ഇത്.
ഉപാധികളിൽ വിട്ടുവീഴ്ചയില്ല
കേന്ദ്രത്തിനുമുന്നിൽ സംസ്ഥാനം ഉന്നയിക്കുന്ന രണ്ട് പ്രധാന ആവശ്യങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് യു.ഡി.എഫിന്റെ തീരുമാനം. സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാനത്തിനായിരിക്കണമെന്നും കേരള സിലബസിൽത്തന്നെ പഠനം തുടരണമെന്നും സർക്കാർ ആവശ്യപ്പെടും. ഇതിൽ കേന്ദ്രം അനുകൂലനിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയും സർക്കാരിനുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശൻ യു.ഡി.എഫ്. യോഗത്തിലും ഇതേ നിലപാട് വിശദീകരിച്ചതായാണ് വിവരം.
പിന്മാറ്റം തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ
കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുന്നത് നിയമപരമായി പ്രയാസമാണെന്ന ഉപദേശവും സർക്കാരിന് ലഭിച്ചതായി അറിയുന്നു. പദ്ധതിപ്രകാരം ഓരോ ബ്ലോക്കിലും രണ്ട് സ്കൂളുകൾക്ക് ഒരുകോടിരൂപ വീതം കേന്ദ്രസഹായം ലഭിക്കും. ഈ തുക നഷ്ടമാകുന്നതിനപ്പുറം മറ്റു കേന്ദ്രാവിഷ്കൃത പദ്ധതികളിലെ സഹായധന വിതരണത്തിലും പ്രതികൂല സാഹചര്യം ഉണ്ടായേക്കാമെന്ന ആശങ്കയും സർക്കാരിനുണ്ട്.
കരുതലോടെ ലീഗ്
മലപ്പുറം: പി.എം.ശ്രീ വിഷയത്തിൽ ഉപസമിതിയുടെ റിപ്പോർട്ടിനുശേഷം യു.ഡി.എഫും മുഖ്യമന്ത്രിയും അഭിപ്രായം പറയുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത് ലീഗിന്റെ കരുതലോടെയുള്ള പ്രതികരണത്തിന്റെ ഭാഗമാണ്.
കഴിഞ്ഞദിവസം ലീഗ് എം.പി. അബ്ദുൾവഹാബിന്റെ ചോദ്യത്തിന് മന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ നൽകിയ മറുപടിയിൽ പി.എം.ശ്രീ. പദ്ധതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാനാവും എന്ന് വ്യക്തമാക്കിയിരുന്നു. പി.എം.ശ്രീക്കുള്ള പ്രത്യേക ഫണ്ട് മാത്രമേ അതുകാരണം തടസ്സപ്പെടൂ എന്നും ചൗധരി പറഞ്ഞു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ഒന്നും പ്രതികരിച്ചില്ല.
കോൺഗ്രസ് എം.പി. ജെബി മേത്തർ കഴിഞ്ഞദിവസം രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി ജയന്ത് ചൗധരിയുടെ മറുപടി കേരളത്തിന് ഇതുവരെ പി.എം.ശ്രീ. ഫണ്ട് അനുവദിച്ചിട്ടില്ല എന്നാണ്. 2025 ഒക്ടോബർ രണ്ടിന് കേരളസർക്കാർ ധാരണാപത്രം ഒപ്പിട്ടെങ്കിലും സ്കൂളുകളുടെ പട്ടിക നൽകുകയോ തുടർനടപടികളിലേക്ക് കടക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞു.
Content Highlights: UDF denies immediate implementation of PM SHRI without cabinet sub-committee report., PK Kunhalikutty clarifies that no final decision has been made by the UDF., Central government indicates potential exit options for states from PM SHRI., Financial concerns and curriculum autonomy remain primary conditions for Kerala., Kerala government has not yet received PM SHRI funding despite signing the MoU in 2025.
Published: 01 Aug 2026, 07:59 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented