കണ്ണൂര്‍: പ്രധാനമന്ത്രിയായിരിക്കെ 2009 ജനുവരി എട്ടിന് മന്‍മോഹന്‍ സിങ് കണ്ണൂരിലെത്തിയിരുന്നു; ഏഴിമല നാവിക അക്കാദമി നാടിന് സമര്‍പ്പിക്കാന്‍. നാവികസേനയുടെ ചരിത്രത്തിലെ അനര്‍ഘനിമിഷം. കരിപ്പൂരില്‍നിന്ന് പ്രത്യേക ഹെലികോപ്റ്ററിലായിരുന്നു ഉച്ചയ്ക്ക് 2.40-ഓടെ അദ്ദേഹമെത്തിയത്. 

To advertise here,

നാവികസേന മേധാവി അഡ്മിറല്‍ സുരീഷ് മേത്ത, ദക്ഷിണമേഖലാ മേധാവി വൈസ് അഡ്മിറല്‍ സുനില്‍ കെ. ഭാംലെ, അക്കാദമി കമാന്‍ഡിങ് ഓഫീസര്‍ റിയര്‍ അഡ്മിറല്‍ എം.പി. മുരളീധരന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനവേദിയിലേക്ക് സ്വീകരിച്ചു. 

അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി, മുഖ്യമന്ത്രി വി.എസ്. അച്യുതനാനന്ദന്‍, മന്ത്രിമാര്‍ തുടങ്ങിയ ഭരണാധിപന്മാരും ജനപ്രതിനിധികളുടെയും സാന്നിധ്യമുണ്ടായിരുന്നു. പ്രത്യേകം ക്ഷണിക്കപ്പെട്ട 600-ഓളം പേരടങ്ങിയതായിരുന്നു സദസ്സ്. നിശ്ചയിച്ചതിലും ഒരുമണിക്കൂര്‍ വൈകിയിരുന്നു അദ്ദേഹം സ്ഥലത്ത് എത്താന്‍.

പ്രധാനമന്ത്രി എത്തുന്ന ഹെലിപ്പാഡിനടുത്തുനിന്ന് പരിപാടിയുടെ തലേദിവസം സുരക്ഷാഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ സ്ഫോടകവസ്തു കണ്ടെടുത്തിരുന്നു. പാറമടകളില്‍ സ്ഫോടനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളടങ്ങിയ മിശ്രിതം കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു ഇത്. പിറ്റേന്ന് പോലീസ് കേസെടുക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ സുരക്ഷാപാളിച്ചയെന്ന ആക്ഷേപവുമുയര്‍ന്നിരുന്നു. .

പലസ്തീന് ഐക്യദാര്‍ഢ്യം

ഗാസയില്‍ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. പലസ്തീനോടുള്ള ഇന്ത്യയുടെ ശക്തമായ ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന വാക്കുകള്‍. ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും ചര്‍ച്ചകളിലൂടെ പരിഹാരം കാണാനും ആഹ്വാനം ചെയ്തു. വ്യോമാഭ്യാസം നടത്തുന്ന വിമാനങ്ങളുടെ ഇരമ്പല്‍ കാരണം പ്രസംഗം രണ്ടുതവണ തടസ്സപ്പെട്ടിരുന്നു.