അടിമാലി: നവജാതശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കണ്ടെത്തി. വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട തോക്കുപാറ സൗഹൃദഗിരിക്ക് സമീപത്തെ പുരയിടത്തിലാണ് മൃതദേഹം കണ്ടത്. ആൺകുട്ടിയുടേതാണെന്നാണ് പ്രാഥമിക വിവരം. ഏതാനുംദിവസത്തെ പഴക്കമുണ്ടെന്ന് വെള്ളത്തൂവൽ പോലീസ് പറഞ്ഞു

To advertise here,

പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉറുമ്പരിച്ച അവസ്ഥയിലായിരുന്നു. പ്രസവിച്ച യുവതി ഏതെന്ന് അറിയാൻ ഡി.എൻ.എ.പരിശോധന ഉൾപ്പെടെയുള്ള നടപടിക്കായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

പ്രദേശത്തുള്ള ഒരു യുവതിയെ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്ച പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിൽ ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഈ യുവതി ഏതാനും ദിവസങ്ങൾക്കുമുമ്പ് പ്രസവിച്ചതായി മനസ്സിലാക്കി. എന്നാൽ, കുഞ്ഞിനെ സംബന്ധിച്ച് യാതൊരു വിവരവും യുവതിയുടെ ബന്ധുക്കളോ, യുവതിയോ ആശുപത്രി അധികൃതരോട് പറഞ്ഞിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ മെഡിക്കൽ കോളജ് പോലീസിൽ വിവരം അറിയിച്ചു. ഇതുപ്രകാരമാണ് വെള്ളത്തൂവൽ പോലീസ് യുവതിയുടെ വിലാസത്തിൽപ്പെട്ട വീടും പരിസരവും പരിശോധിച്ചത്. യുവതി മെഡിക്കൽ കോളേജിൽ പോലീസ് നിരീക്ഷണത്തിലാണ്.