തിരുവനന്തപുരം: പി.എസ്.സി. വഴി നിയമനം നടത്തുന്ന ഏറ്റവും ഉയർന്ന തസ്തികകളിൽ ഒന്നാണ് ആസൂത്രണബോർഡ് ചീഫിന്റേത്. ആറു ഡിവിഷനുകളിലായി ആറ്് തസ്തികകൾ. ആറിനും വെവ്വേറെ വിജ്ഞാപനപ്രകാരം പരീക്ഷയും അഭിമുഖവും നടത്തിയാണ് നിയമനം. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പ്ലാൻ കോഡിനേഷൻ, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് എന്നീ മൂന്നുവിഭാഗങ്ങൾക്ക് 2022-ലായിരുന്നു വിജ്ഞാപനം. 2023-ൽ പരീക്ഷയും 2024-ൽ അഭിമുഖവും നടത്തി. 2025 മേയിൽ രണ്ടുവിഭാഗങ്ങളുടെ റാങ്കുപട്ടിക പ്രസിദ്ധീകരിച്ചു. അതിൽ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ടചർ വിഭാഗത്തിലാണ് അട്ടിമറി ആരോപണം ഉയർന്നത്.

To advertise here,

നിരന്തരശ്രമത്തിലൂടെ പരാതിക്കാരായ രണ്ട് ഉദ്യോഗാർഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിച്ചപ്പോഴാണ് പരീക്ഷയിലെ പത്ത് ഉത്തരങ്ങൾക്ക് മാർക്കിട്ടില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. യു.ഡി.എഫ്. സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം പി.എസ്.സി. ആസ്ഥാനത്ത് ആഴ്ചകളോളം കയറിയിറങ്ങി രേഖകൾ ശേഖരിച്ച് ക്രമക്കേട് സ്ഥിരീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കി റിപ്പോർട്ട് നൽകി. മറ്റു പരാതികളിലും അന്വേഷണം നടക്കുകയാണ്.

അതിനിടെയാണ് ചീഫ് തസ്തികയുടെ മൂല്യനിർണയവും അഭിമുഖവും പൂർത്തിയാക്കി പി.എസ്.സി. റാങ്കുപട്ടിക പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചത്. മൂന്നാംറാങ്കുകാരനായ പരാതിക്കാരൻ ഒന്നാംറാങ്കുനേടി. ഒന്നാംറാങ്ക് സ്വന്തമാക്കി ജോലി കരസ്ഥമാക്കിയ അരുൺ ജെ. പ്രതാപ് അഞ്ചാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു. ഇടതുസംഘടനാപ്രവർത്തകനായിരുന്നു ഇയാൾ.

സർക്കാരുകളോടും ഭരണപക്ഷ പാർട്ടികളോടും ആഭിമുഖ്യമുള്ളവരെ റാങ്കുപട്ടികകളിൽ അനധികൃതമായി തിരുകിക്കയറ്റാൻ പി.എസ്.സി. കൂട്ടുനിന്നു എന്ന സംശയം ഇതോടെ ഉദ്യോഗാർഥികളിൽ ബലപ്പെടുകയാണ്.