മലപ്പുറം: സി.പി.എം. സംസ്ഥാന സമിതിയംഗം കെ. അനില്‍ കുമാറിന്റെ വിവാദ തട്ടം പരാമര്‍ശത്തില്‍ വീണ്ടും പ്രതികരണവുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി. വിശ്വാസങ്ങളിലേക്ക് കടന്നുചെല്ലുന്നത് നല്ലതല്ലെന്നും അതുവെച്ച് വോട്ടുപിടിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കേ അത് ഉപകരിക്കൂവെന്നും അദ്ദേഹം വ്യക്തമക്കി.

To advertise here,

മുന്‍പ് മുസ്ലിം ന്യൂനപക്ഷം വിദ്യാഭ്യാസത്തില്‍ വളരെ പിറകിലായിരുന്നു. ഇപ്പോള്‍ പ്രൊഫഷണല്‍ കോളേജുകളിലെല്ലാം മുസ്ലിംങ്ങള്‍ നിറഞ്ഞുകവിഞ്ഞ് ഇരിപ്പുണ്ട്. അഖിലേന്ത്യാ മത്സര പരീക്ഷകളിലും ലോക കായിക മത്സരങ്ങളിലുമെല്ലാം മുസ്ലിം സ്ത്രീകളുണ്ട്. എല്ലാം ഈ വസ്ത്രങ്ങളണിഞ്ഞു തന്നെയാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇതേ വസ്ത്രമണിഞ്ഞ് ഇനിയും ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസങ്ങളിലേക്ക് കടന്നുചെല്ലരുത്. അത് നല്ലതല്ല. വിശ്വാസത്തിന്റെ ശാസ്ത്രീയതയും മറ്റുവശങ്ങളും തിരയുന്നത് ഈ കാലത്ത് പ്രസക്തിയില്ല. അതുവെച്ച് വോട്ടുപിടിക്കാന്‍ ശ്രമിക്കുന്ന ഒരു വലിയ ശക്തി ഇന്ത്യയിലുണ്ട്. ഇത്തരം പ്രസ്താവനകള്‍ അവരെ സഹായിക്കുകയേ ഉള്ളൂ. അതിനെതിരായി മതേതരകക്ഷികളെല്ലാം മുന്നണി സൃഷ്ടിച്ച് ഒരുമിച്ച് നീങ്ങുകയാണ്. അപ്പോഴാണ്  സി.പി.എം. പോലെ ഒരു പാര്‍ട്ടിയില്‍നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശം. അത് സൂക്ഷ്മത ഇല്ലാതെ പറഞ്ഞതാണെന്ന് അവര്‍ക്ക് നിഷേധിക്കാം. പക്ഷേ, എങ്ങനെ ആ അബദ്ധം പറ്റി എന്നത് ചര്‍ച്ച ചെയ്യപ്പെടുമെന്നത് ഉറപ്പാണെന്നും കുഞ്ഞാലിക്കുട്ടി. 

ഖരമാലിന്യ സംസ്‌കരണവും അതിന്റെ പ്രചാരണവും തന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ഇതുസംബന്ധിച്ച സര്‍ക്കാര്‍ പരസ്യത്തില്‍ പങ്കെടുത്തതിനെ ന്യായീകരിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാലിന്യ സംസ്‌കരണം എന്നത് സ്വന്തം വിഷയമായി കൊണ്ടുനടക്കുകയാണ്. ആ വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍നിന്ന് പ്രശംസ ലഭിച്ചിട്ടുണ്ട്. അതു സംബന്ധിച്ച വകുപ്പ് മന്ത്രിയായിരുന്നു, കൂടാതെ അതിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിരുന്നു. ഇപ്പോഴും സ്വന്തം മണ്ഡലത്തില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.