
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരഞ്ഞെടുപ്പിന് മുൻപ് ഈ പദ്ധതിയെ ശക്തമായി എതിർത്തവർ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പദ്ധതിയുമായി മുന്നോട്ടു പോകുന്നത് പഴയ എൽഡിഎഫ് സർക്കാർ ഒപ്പിട്ട ധാരണാപത്രം കാരണമാണെന്ന യുഡിഎഫിന്റെ വാദം തികച്ചും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന് പുറമെ കോൺഗ്രസ് ഭരണത്തിലുള്ള ഇതര സംസ്ഥാന സർക്കാരുകളും യാതൊരു വിയോജിപ്പും കൂടാതെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയം അതേപടി നടപ്പിലാക്കുക എന്നതാണ് കോൺഗ്രസിന്റെ ദേശീയ നയമെന്നും അതിന്റെ ഭാഗമായാണ് കേരളത്തിലും ഇപ്പോൾ ഈ പദ്ധതി നടപ്പിലാക്കാൻ അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുൻപ് എൽഡിഎഫ് സർക്കാർ ഈ ധാരണാപത്രത്തിൽ ഒപ്പിടാൻ നിർബന്ധിതമാകുകയായിരുന്നു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ എസ്.എസ്.കെ ഫണ്ട് തടഞ്ഞുവെച്ചതോടെ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലായി. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് അന്ന് ഒരു ധാരണാപത്രം ഒപ്പിട്ടത്. എന്നാൽ ഒരു മാസത്തിനകം തന്നെ ആ തീരുമാനം പൂർണ്ണമായും മരവിപ്പിക്കുകയായിരുന്നു. പദ്ധതിയെക്കുറിച്ച് ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കുമെന്ന് വ്യക്തമാക്കിയ എൽഡിഎഫ് സർക്കാർ 2025 നവംബർ 12-ന് കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു.
ധാരണാപത്രത്തിൽ ഒപ്പിട്ടു എന്നതുകൊണ്ട് മാത്രം പദ്ധതി നടപ്പിലാകില്ലെന്നും അതിൽ നിന്ന് പിന്മാറാൻ സംസ്ഥാന സർക്കാരിന് നിയമപരമായി സാധിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ സംസ്ഥാന-ജില്ലാ തലത്തിലുള്ള മോണിറ്ററിങ് കമ്മിറ്റികൾ രൂപീകരിക്കുകയോ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ വിശദാംശങ്ങൾ കേന്ദ്രത്തിന് കൈമാറുകയോ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ചെയ്തിട്ടില്ല. സംസ്ഥാന സർക്കാർ മുൻകൈ എടുത്താൽ മാത്രമേ പദ്ധതി നടപ്പിലാകൂ എന്നിരിക്കെ, യുഡിഎഫ് ഇപ്പോൾ ഇതിനായി തിടുക്കം കാണിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിഎം ശ്രീ പദ്ധതി ഉപേക്ഷിക്കാവുന്ന ഒന്നാണെന്നിരിക്കെ, അതിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് സർക്കാരിന് എവിടെ നിന്നെങ്കിലും നിയമോപദേശം ലഭിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. പുതിയ അഡ്വക്കേറ്റ് ജനറൽ അത്തരമൊരു ഉപദേശം നൽകിയിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് പണം ലഭിച്ചുവെന്ന മുഖ്യമന്ത്രിയുടെ വാദവും വസ്തുതവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. പിഎം ശ്രീ പദ്ധതിക്കായി കേന്ദ്രം കേരളത്തിന് പണം നൽകിയിട്ടില്ലെന്ന് പാർലമെന്റിൽ വ്യക്തമാക്കിയതാണ്. കേരളത്തിന് ലഭിച്ചത് എസ്.എസ്.കെ ഫണ്ടാണെന്നും അത് വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള യൂണിഫോമിനും പാഠപുസ്തകങ്ങൾക്കുമായി ക്രമീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Pinarayi Vijayan slams UDF for adopting the PM SHRI scheme, challenging their claims on the 2025-26 education policy.
Published: 18 Jun 2026, 05:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented