കൊച്ചി: മട്ടാഞ്ചേരിയിലെ ജീര്‍ണിച്ച് നിലംപൊത്താറായ ഗോഡൗണില്‍ ഒറ്റയ്ക്ക് കഴിയുന്ന നേപ്പാള്‍ സ്വദേശിയായ വയോധിക പീമാ കുമാരിയെ നാട്ടിലെത്തിക്കാന്‍ സഹായവുമായി ജൈന്‍ ഫൗണ്ടേഷന്‍. നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് ഇവരെ നാട്ടിലെത്തിക്കുമെന്ന് ഫൗണ്ടേഷന്‍ ഡയറക്ടര്‍ മുകേഷ് ജൈന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ശോചനീയാവസ്ഥയില്‍ കഴിയുന്ന വയോധികയുടെ അവസ്ഥ മാതൃഭൂമി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടി. 

To advertise here,

മാതൃഭൂമി ഡോട്ട് കോം വാര്‍ത്തയെത്തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒ. ഓഫീസിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ അന്വേഷിക്കുകയും ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം സാമൂഹ്യനീതി വകുപ്പില്‍നിന്നുള്ള ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഷയത്തില്‍ ഹൈബി ഈഡന്‍ എം.പി.യും ഇടപെട്ടിട്ടുണ്ട്. പീമാ കുമാരിയുടെ വാര്‍ത്ത കണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറോട് സംസാരിച്ചിട്ടുണ്ട്. അവരെ എത്രയുംവേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എം.പി. പറഞ്ഞു.

'ഭര്‍ത്താവും അച്ഛനും അമ്മയുമെല്ലാം മരിച്ചുപോയി. ബാക്കി ബന്ധുക്കളെല്ലാം അവിടെയുണ്ട്. അവിടെ ജനിച്ചാല്‍ അവിടെത്തന്നെ മരിക്കണം. എന്നാല്‍ മാത്രമേ എനിക്ക് സ്വര്‍ഗം കിട്ടൂ' എന്നാണ് പീമാ കുമാരി പറയുന്നത്.   

പീമാ കുമാരിയെ സ്വന്തം ചെലവില്‍ വിമാനമാര്‍ഗം നേപ്പാളിലേക്ക് കൊണ്ടുപോകാന്‍ സന്നദ്ധത പ്രകടിപ്പിച്ചാണ് മുകേഷ് ജൈന്‍ രംഗത്തെത്തിയത്. ഇവരെ നേപ്പാളിലേക്ക് എത്തിക്കാനും ഒപ്പം യാത്രചെയ്യാനും തയ്യാറാണെന്ന് മുകേഷ് ജെയിന്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥരും ഇവര്‍ക്ക് സഹായവുമായെത്തിയിരുന്നു. വിദേശത്തേക്കുള്ള യാത്രയായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എംബസിയുമായി ബന്ധപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കും. നേപ്പാളില്‍ ചില ബന്ധുക്കളുണ്ടെന്ന് പീമാ കുമാരി പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ നല്‍കിയ ഫോണ്‍ നമ്പറുകളില്‍ മുകേഷ് ജെയിന്‍ വിളിച്ചു. പീമാകുമാരിയുടെ ബന്ധുക്കള്‍ അവരെ സ്വീകരിക്കാന്‍ തയ്യാറായിട്ടുണ്ട്. 

നേപ്പാള്‍ കുടുംബത്തിലെ അംഗമാണിവര്‍. ഭര്‍ത്താവ് മട്ടാഞ്ചേരി പാണ്ടികശാലയിലെ ഗൂര്‍ഖയായിരുന്നു. മട്ടാഞ്ചേരിയിലെ കുരുമുളക് കച്ചവടസ്ഥാപനത്തിന്റെ പാണ്ടികശാലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. പിന്നീട് ഈ സ്ഥാപനം പൂട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവും മരിച്ചു. ഇന്ത്യയില്‍ മറ്റ് ബന്ധുക്കളില്ലാത്തതിനാല്‍ ഇവര്‍ക്ക് ഇവിടെത്തന്നെ താമസിക്കേണ്ടി വരുകയായിരുന്നു.