കൊച്ചി പോലുള്ള നഗരത്തിൽ താമസിക്കുന്ന ഒരാളുടെ കാര്യം സങ്കൽപ്പിക്കുക. കത്തുന്ന വെയിലിലും അദ്ദേഹത്തിന്റെ മനസ്സ് പുകയുന്നത് മാസം തോറും വരുന്ന കറന്റ് ബില്ലിനെക്കുറിച്ചോർത്താണ്. സോളാർ പാനലുകൾ സ്ഥാപിക്കുന്നത് ലാഭകരമാണെന്ന് അറിയാമെങ്കിലും 2.15 ലക്ഷത്തോളം രൂപ മുൻകൂട്ടി മുടക്കാൻ അദ്ദേഹത്തിന്റെ കൈവശമില്ല. സർക്കാർ നൽകുന്ന 78,000 രൂപ സബ്‌സിഡി കിഴിച്ചാലും ബാക്കി 1.37 ലക്ഷം രൂപ കണ്ടെത്തണം. ഇവിടെയാണ് സോളാർ വായ്പ ഉപകരിക്കുക. ഈ വായ്പയിലൂടെ ലഭിക്കുന്ന മാസത്തവണ (EMI) പലപ്പോഴും നിലവിലെ വൈദ്യുതി ബില്ലിനേക്കാൾ കുറവായിരിക്കും.

To advertise here,

സോളാർ വായ്പ

സോളാർ ലോൺ വ്യക്തിഗത വായ്പകളിൽ നിന്ന് വ്യത്യസ്തമാണ്:

കുറഞ്ഞ പലിശ: സർക്കാർ പിന്തുണയുള്ള പദ്ധതിയായതിനാൽ പൊതുമേഖലാ ബാങ്കുകൾ 5.75 ശതമാനം മുതൽ പലിശ ഈടാക്കുമ്പോൾ, വ്യക്തിഗത വായ്പകൾക്ക് 11% മുതൽ 16% വരെയാണ്.

തിരിച്ചടവ് കാലാവധി: സോളാർ ലോണുകൾക്ക് 10 വർഷംവരെ കാലാവധി ലഭിക്കുന്നു. വ്യക്തിഗത വായ്പകൾ സാധാരണമായി 5 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കണം.

ഈട് ആവശ്യമില്ല: രണ്ടു ലക്ഷം രൂപവരെയുള്ള ലോണുകൾക്ക് യാതൊരുവിധ ഈടും ഗ്യാരന്റിയും ആവശ്യമില്ല. സോളാർ സിസ്റ്റം തന്നെയായിരിക്കും ഇതിൽ ഈടായി കണക്കാക്കുന്നത്.

ബാങ്കുകളിലെ പലിശ നിരക്ക്

പൊതുമേഖലാ ബാങ്കുകൾ

  • എസ്ബിഐ, പിഎൻബി തുടങ്ങിയ ബാങ്കുകൾ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
  • എസ്ബിഐ സൂര്യ ഘർ ലോൺ: മൂന്നു കിലോവാട്ട് വരെയുള്ള സിസ്റ്റങ്ങൾക്ക് (2 ലക്ഷംവരെ) 5.75 ശതമാനം പലിശ.
  • ബാങ്ക് ഓഫ് ഇന്ത്യ: വ്യക്തികൾക്ക് പുറമേ ഹൗസിംഗ് സൊസൈറ്റികൾക്കും ഒരു കോടി രൂപ വരെ വായ്പ നൽകുന്നു.
  • യൂണിയൻ ബാങ്ക്: 25 കിലോവാട്ട് വരെയുള്ള സിസ്റ്റങ്ങൾക്ക് വായ്പ അനുവദിക്കുന്നു.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (NBFCs)

  • സോളാർ സ്‌ക്വയർ (SolarSquare) പോലുള്ള സ്ഥാപനങ്ങൾ നൽകുന്ന വായ്പകൾക്ക് പലിശ നിരക്ക് കൂടുതലാണെങ്കിലും (12-13%) ചില നേട്ടങ്ങളുണ്ട്.
  • സർക്കാർ സബ്‌സിഡി തന്നെ ഡൗൺ പേയ്മെന്റായി കണക്കാക്കുന്നു. അതിനാൽ ഉപഭോക്താവ് കയ്യിൽ നിന്ന് പണം മുടക്കേണ്ടതില്ല.
  • 24 മണിക്കൂറിനുള്ളിൽ വായ്പ അനുവദിക്കുന്നു.
  • ബാങ്കിലേക്ക് പോകേണ്ടതില്ല. ഡിജിറ്റലായി നടപടികൾ പൂർത്തിയാക്കാം.

വായ്പ എളുപ്പത്തിൽ

സിബിൽ സ്‌കോർ: പൊതുമേഖലാ ബാങ്കുകൾക്ക് 680-ന് മുകളിൽ സ്‌കോർ വേണം. എന്നാൽ NBFC-കൾ 650-ന് മുകളിലുള്ളവരെ പരിഗണിക്കുന്നു.

വായ്പ തുക: രണ്ട് ലക്ഷത്തിന് മുകളിൽ വായ്പ എടുക്കുമ്പോൾ പലിശ നിരക്ക് കൂടാൻ സാധ്യതയുണ്ട്.

ബാങ്കുമായുള്ള ബന്ധം: നിലവിൽ അക്കൗണ്ടുള്ള ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാൻ എളുപ്പമാണ്.

 

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • മിക്കവാറും പൊതുമേഖലാ ബാങ്കുകളും പദ്ധതി ചിലവിന്റെ 90 ശതമാനം വരെയാണ് വായ്പ നൽകുന്നത്. ബാക്കി 10% ഉപഭോക്താവ് വഹിക്കണം.
  • ലോൺ എടുത്തശേഷം തിരിച്ചടവ് തുടങ്ങാൻ ആറ് മാസംവരെ സമയം ലഭിക്കും. സോളാർ പാനലുകൾ വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങാൻ ഈ സമയം സഹായിക്കും.
  • കാലാവധിക്ക് മുൻപ് അടച്ചുതീർത്താൽ സാധാരണമായി പിഴ ഈടാക്കാറില്ല. സർക്കാർ സബ്‌സിഡി ലഭിക്കുമ്പോൾ അത് ലോൺ തുകയിലേക്ക് അടയ്ക്കാം.
  • ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽനിന്നാണെങ്കിൽ എളുപ്പത്തിൽ വായ്പ ലഭിക്കും. അതേസമയം, കൂടുതൽ പലിശ നൽകേണ്ടിവന്നേക്കാം. കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുമെന്നതാണ് പൊതുമേഖലാ ബാങ്കുകളിലെ സവിശേഷത.