ആലപ്പുഴ: കേരളോത്സവം പരിപാടിയിലെ ബാനറിൽ കെ.സി. വേണുഗോപാൽ എംപിയുടെ ചിത്രം വലുതായി ഉൾപ്പെടുത്തിയതിന്റെ പേരിൽ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ. ഉദ്ഘാടനകനായ തന്റെ ഫോട്ടോ ചെറുതായി വെച്ചെന്ന് ചൂണ്ടിക്കാട്ടിയ സുധാകരൻ, പരിപാടിയിൽ പങ്കെടുക്കാത്തവരുടെ ഫോട്ടോ എന്തിനാണ് ഇത്രയും വലുതായി ബാനറിൽ ഉൾപ്പെടുത്തിയതെന്നും പ്രസംഗത്തിനിടെ ചോദിച്ചു.
‘ഇതൊന്നും നമ്മുടെ അന്തസ്സിന് യോജിച്ചതല്ല. കേന്ദ്രത്തിന്റെ പദ്ധതിയിൽ എംപിക്ക് ഒന്നാം സ്ഥാനമാണ്. സംസ്ഥാനത്തിന്റെ പദ്ധതികളിൽ എംഎൽഎയ്ക്ക് ഒന്നാം സ്ഥാനം, അതുകഴിഞ്ഞ് എംപി. എംപി എംഎൽഎയുടെ തോളിലോ, എംൽഎ എംപിയുടെ തോളിലോ അല്ല. എല്ലാവർക്കും അവരുടേതായ അസ്തിത്വമുണ്ട്. ഇതൊന്നും ഇല്ലാതാക്കാൻ സംഘാടകർ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല. ബാനർ കണ്ടിട്ടല്ല ആരും വോട്ട് ചെയ്യുന്നത്. ചില ബാനർ കണ്ടാൽ ചിലപ്പോൾ വോട്ട് കുറഞ്ഞേക്കാം. അതുകൊണ്ട് ഇങ്ങനൊന്നും ബാനർ എഴുതാൻ പാടില്ല. പങ്കെടുക്കാത്തവരുടെ വലിയ തല എന്തിനാണ് ബാനറിൽ?’, അദ്ദേഹം ചോദിച്ചു.
ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കേരളോത്സവം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സുധാകരന്റെ വിമർശനം. വേദിയിൽ സ്ഥാപിച്ച ബാനറിൽ കെ.സി. വേണുഗോപാലിന്റെ ചിത്രം മുകളിൽ വലിയതായും സുധാകരന്റെ ചിത്രം അതിന് താഴെ ചെറുതായുമാണ് നൽകിയിരുന്നത്. ഇതാണ് സുധാകരനെ പ്രകോപിപ്പിച്ചത്.
Published: 21 Nov 2026, 01:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented