
ശിവപ്രിയ | Photo: Screengrab/ Mathrubhumi News
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം. കരിക്കകം സ്വദേശി ശിവപ്രിയയാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. അണുബാധയെത്തുടർന്നായിരുന്നു മരണമെന്നാണ് ആരോപണം. മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വേണു എന്നയാൾ മരിച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരേ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സമാനമായ പുതിയ സംഭവം.
ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ശിവപ്രിയക്കേറ്റ അണുബാധയ്ക്ക് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. വീട്ടുകാർ നന്നായി രോഗിയെ ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്.
കഴിഞ്ഞ മാസം 22-ാം തീയതിയാണ് ശിവപ്രിയ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. പിന്നീട് പനിയെത്തുടർന്ന് 26-ാം തീയതി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യവതിയായിരുന്നു ശിവപ്രിയ എന്ന് ഭർത്താവ് മനു പറയുന്നു.
"ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. നടന്നിട്ടാണ് പ്രസവത്തിനായി പോയത്. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പോയപ്പോൾ ചെറിയ പനി ഉണ്ടായിരുന്നു. കൃത്യമായി ആശുപത്രിയിൽനിന്ന് നോക്കാതെ വിട്ടതാണ്. പിറ്റേദിവസം പനി കൂടിയതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ വന്നു. ഉള്ള് പരിശോധിച്ച ശേഷം ഇവർ പറഞ്ഞു, സ്റ്റിച്ച് പൊട്ടി എന്ന്. സ്റ്റിച്ച് പൊട്ടിയെങ്കിൽ വേദന വരൂല്ലേ. തലകറക്കം വന്നതിന് ശേഷം എന്നെ വിളിച്ച് കാണിച്ചു തന്നതാണ്. സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. പിന്നെ ഓരോ ദിവസവും വയ്യാതായി. പിന്നെ വെന്റിലേറ്ററിലായി. കഴിഞ്ഞ ദിവസം ഭക്ഷണത്തിനായി ട്യൂബ് ഇട്ടു. അതിന് ശേഷം കണ്ണ് തുറന്നിട്ടില്ല. ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഇങ്ങനെ ആയതെന്നാണ് ഡോക്ടർ പറയുന്നത്. അണുബാധയേറ്റിരിക്കുന്ന ബാക്ടീരിയ ആശുപത്രി മുഖേന മാത്രം ഉണ്ടാകുന്നതാണ്. അതിന്റെ റിപ്പോർട്ടടക്കം എന്റെ കൈയിൽ ഉണ്ട്", ശിവപ്രിയയുടെ ഭർത്താവ് പറഞ്ഞു.
മതിയായ ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസം വേണു എന്നയാൾ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരേ വൻതോതിൽ വിമർശനങ്ങളുയരുന്നുണ്ട്. മരിക്കുന്നതിന് മുമ്പ് വേണും ആശുപത്രിക്കിടക്കയിൽ നിന്ന് സുഹൃത്തിനയച്ച ശബ്ദസന്ദേശവും ആരോഗ്യവകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണത്തിന് ആരോഗ്യവകുപ്പ് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് എസ്എടി ആശുപത്രിയിൽ ചികിത്സാ പിഴവിനെത്തുടർന്ന് യുവതി മരിച്ചുവെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്.
Content Highlights: woman died after childbirth at SAT Hospital.
Published: 09 Nov 2025, 02:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented