
• വേണുവിന്റെ മൃതദേഹം കൊല്ലം പന്മനമനയിലെ പൂജാഭവനത്തിൽ കൊണ്ടുവന്നപ്പോൾ വിലപിക്കുന്ന ഭാര്യ സിന്ധുവും(നടുവിൽ) മക്കളായ വർഷയും വിദ്യയും |ഫോട്ടോ:സി.ആർ.ഗിരീഷ് കുമാർ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം സ്വദേശി വേണുവിന്റേതെന്ന് കരുതുന്ന കൂടുതല്‍ ശബ്ദസന്ദേശങ്ങള്‍ പുറത്ത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ആശുപത്രി ഏറ്റെടുക്കുമോയെന്നും സാധാരണക്കാരോട് ഇങ്ങനെ മര്യാദക്കേട് കാണിക്കാമോ എന്നും വേണു സന്ദേശത്തില്‍ ചോദിക്കുന്നു. ഒരു ബന്ധുവിന് അയച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ആരോഗ്യനിലയെ കുറിച്ച് ആശങ്ക അറിയിച്ചുള്ളതാണ് സന്ദേശം. അത്രമാത്രം സങ്കടം വന്നിട്ടാണ് താന്‍ ഈ സന്ദേശം അയക്കുന്നതെന്നും ഇത് പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്നും വേണു പറഞ്ഞു.
ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്ത് ബ്ലോക്ക് മാറ്റുന്നതിനായി കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് വേണുവിനെ തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്തത്. ഒരു നിമിഷം പോലും പാഴാക്കരുതെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് അഞ്ചാമത്തെ ദിവസമായിട്ടും ആന്‍ജിയോഗ്രാം, എക്കോ തുടങ്ങിയ പരിശോധനകള്‍ക്ക് വിധേയമാക്കിയില്ല. അതിന്റെ ദുഖമാണ് വേണു പങ്കുവച്ചത്.
'ഒരു ആന്‍ജിയോഗ്രാം ചെയ്യുന്നതിന് വേണ്ടിയിട്ടും ഒരു എക്കോ എടുക്കുന്നതിന് വേണ്ടിയിട്ടാണോ ഈ അഞ്ചു ദിവസം' എന്ന് അദ്ദേഹം ചോദ്യമുയര്‍ത്തുന്നു. വെള്ളി, ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളായി താന്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും അദ്ദേഹം ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കുന്നു.
തന്റെ ജീവന് ഭീഷണിയുണ്ടാകുന്ന ഈ സാഹചര്യത്തില്‍ ആരോഗ്യനില മോശമാവുകയോ ഭക്ഷണത്തിന്റെ പോരായ്മയോ ഉണ്ടായാല്‍ എന്ത് ചെയ്യാന്‍ പറ്റുമെന്നും തന്റെ കുടുംബത്തിനുണ്ടാകുന്ന നഷ്ടം ആരാണ് നികത്തുകയെന്നും വേണു ചോദിച്ചു. ഈ കാണിക്കുന്നത് 'എന്തൊരു മര്യാദയില്ലാത്ത ഇടപെടലാണ്' എന്നും അദ്ദേഹം പറയുന്നു. തനിക്കിത് രക്ഷപ്പെടാനുള്ള അവസാന അവസരമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
ബുധനാഴ്ച വൈകിട്ട് എക്കോയും വ്യാഴാഴ്ച ആന്‍ജിയോഗ്രാമും ചെയ്യാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍, വ്യാഴാഴ്ച വായിച്ച പട്ടികയില്‍ വേണുവിന്റെ പേരില്ലായിരുന്നു. തനിക്ക് ജീവഹാനി സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വാര്‍ഡിലെ ഡോക്ടര്‍മാരും ജീവനക്കാരുമാണെന്ന് വേണു ഈ സന്ദേശത്തില്‍ പറയുന്നു.
എന്തെങ്കിലും സംഭവിച്ചാല്‍ അവരെ വെറുതെ വിടരുതെന്നും കോടതിക്ക് മുന്നില്‍ എത്തിച്ച് പരമാവധി ശിക്ഷ ലഭ്യമാക്കണമെന്നും ഇത് തന്റെ അപേക്ഷയായി കണക്കാക്കണമെന്നും അദ്ദേഹം ഓഡിയോ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. ആന്‍ജിയോഗ്രാം ഒഴിവാക്കിയതിന്റെ കാരണം തനിക്ക് അറിയില്ലെന്നും തന്റെ ജീവന് അറയപ്പെട്ടാല് അതിന്റെ ഉത്തരവാദികള്‍ ഉദ്യോഗസ്ഥരാണെന്നും വേണു കൂട്ടിച്ചേര്‍ത്തു.
ഈ ശബ്ദസന്ദേശം മരണമൊഴിയായി എടുക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കേസ് എടുക്കേണ്ടിവരും.
ക്രിയാറ്റിന്റെ അളവ് കൂടുതലായിരുന്നതുകൊണ്ടാണ് ചികിത്സ നല്‍കാതിരുന്നത് എന്നായിരുന്നു മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. എന്നാല്‍, ഇന്ന് പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രിയാറ്റിന്റെ അളവ് കുറവായിരുന്നെന്നും ആന്‍ജിയോഗ്രാം അടക്കമുള്ള ചികിത്സകള്‍ നല്കി വേണുവിന്റെ ജീവന് രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും കണ്ടെത്തി. നിലവില്‍ ഈ സംഭവത്തില്‍ അന്വേഷണമോ പോലീസ് നടപടികളോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. മരണത്തിന് മുന്‍പില്‍നിന്ന് ജീവനുവേണ്ടി കേണപേക്ഷിക്കുന്ന ഒരു രോഗിയുടെ ശബ്ദസന്ദേശം എന്ന നിലയിലാണ് ഈ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്നതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
പന്മന മനയില്‍ സ്വദേശിയായ വേണു ഒട്ടോ ഓടിച്ചായിരുന്നു കുടുംബം നോക്കിയിരുന്നത്. ഭാര്യ സിന്ധു ഒരു സ്വകാര്യ സ്കൂളില്‍ ടീച്ചറാണ്. രണ്ട് പെണ്മക്കളാണ് വേണുവിന്. മൂത്തയാള്‍ ബിരുദം കഴിഞ്ഞു. രണ്ടാമത്തെ മകള്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. മക്കളുടെ കാര്യത്തിലെല്ലാം വലിയ സ്വപ്നങ്ങളായിരുന്നു വേണുവിന് ഉണ്ടായിരുന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
Content Highlights: Disturbing audio messages emerge from a patient alleging medical negligence at Thiruvananthapuram Medical College. Hear his desperate plea and call for justice.
Published: 08 Nov 2025, 05:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented