സീതത്തോട്(പത്തനംതിട്ട): വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ വീടുകളില്‍നിന്ന് ഭക്ഷണ സാധനങ്ങള്‍ തുടരെ മോഷണം പോകുന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വ്യക്തതയില്ലാതെ പോലീസ്. ഒട്ടേറെവീടുകളില്‍ മോഷണം നടന്നിട്ടും യാതൊരു സൂചനയും പോലിസിന് ലഭിച്ചിട്ടില്ല. വനം വകുപ്പിനും സംഭവത്തില്‍ തുമ്പുമുണ്ടാക്കാന്‍ കഴിയാതായതോടെ ജനം ആശങ്കയിലാണ്. എന്നാല്‍, സംഭവം സത്യമാണെന്ന് വനംവകുപ്പും പോലീസും സമ്മതിക്കുന്നുമുണ്ട്.

To advertise here,

അതിനിടെ പോലീസ്-വനം വകുപ്പ് അധികൃതരുടെ അന്വേഷണം എങ്ങുമെത്താതയതോടെ ജനങ്ങള്‍ സംഘടിച്ച് അന്വേഷണം നടത്താമെന്ന നിലയിലും ആലോചന തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന അഭ്യൂഹം ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കി.

ഏതാനും മാസങ്ങള്‍ക്കിടെ പത്തിലേറെത്തവണയാണ് ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ചത്. മാവോയിസ്റ്റ് സാന്നിധ്യം ആരോപിച്ചതിനെ തുടര്‍ന്ന് പോലീസിന്റെ വിവിധ രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പടെയുള്ളവരെത്തി ചിലസ്ഥലങ്ങളില്‍ പരിശോധന നടത്തി. പ്രദേശങ്ങളിലുള്ള ഏതെങ്കിലും മാനസിക വൈകല്യമുള്ളവരാകാം സംഭവത്തിന് പിന്നിലെന്ന് പോലീസ് ആദ്യം സംശയിച്ചിരുന്നു. ഇത്തരം ചില വ്യക്തികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷണം അത്തരത്തില്‍ സംഭവിച്ചിട്ടുള്ളതല്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

മോഷണം നടന്ന സ്ഥലങ്ങളിലെല്ലാം ഉള്‍പ്രദേശങ്ങളായതിനാല്‍ പുറത്തുനിന്ന് ആളുകളെത്തി മോഷണം നടത്താനുള്ള സാധ്യത തീരെയില്ല. ഇവിടങ്ങളില്‍ പുറത്തുനിന്ന് ആളുകള്‍ എത്തിയാല്‍ അപ്പോള്‍തന്നെ തിരിച്ചറിയാനാകും. മോഷണം നടന്ന വീടുകളിലെ സാഹചര്യം പരിശോധിച്ചാല്‍ വനത്തിനുള്ളില്‍നിന്ന് ആളുകളെത്തിയാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. മോഷ്ടാക്കളുടെ സഞ്ചാരപാത പരിശോധിച്ചതില്‍നിന്ന് ഇവര്‍ വന്നതും തിരികെ പോയിരിക്കുന്നതും വനത്തിനുള്ളിലേക്കാണെന്നും വ്യക്തമാകുന്നു.

വീടുകളില്‍ കയറുന്ന മോഷ്ടാക്കള്‍ പാകം ചെയ്തുവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍, ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങള്‍, പാത്രങ്ങള്‍, ചെറുആയുധങ്ങള്‍ എന്നിവയൊക്കെയാണ് മോഷ്ടിക്കുന്നത്. ഇതില്‍നിന്ന് ഭക്ഷണം പാകംചെയ്തു കഴിക്കുന്നതിന് വേണ്ടിയാണ് മോഷണം എന്ന് വ്യക്തമാകുന്നു. എന്നാല്‍, പോലീസും വനംവകുപ്പും നടത്തുന്ന അന്വേഷണത്തില്‍ ആരാണിതിന് പിന്നിലെന്ന് കണ്ടെത്താന്‍ സൂചനപോലും കിട്ടിയിട്ടില്ല.

മുന്‍കാലങ്ങളിലെ പോലെ പൊതുജനങ്ങളിപ്പോള്‍ വനത്തിനുള്ളിലേക്ക് പോകാറില്ല. മുന്‍പ് വനത്തിനുള്ളില്‍ എന്ത് നടന്നാലും ജനം കണ്ടെത്തുക പതിവായിരുന്നു. പൊതുജനങ്ങള്‍ വനത്തിനുള്ളിലേക്ക് കടക്കാതിരിക്കുകയും വന്യമൃഗഭീഷണി ശക്തമാകുകയും ചെയ്തതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും വനത്തിനുള്ളില്‍ കാര്യമായ പരിശോധന നടത്തുന്നില്ല. വനമേഖലയിലെ റോഡുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലേക്ക് അവരും ചുരുങ്ങി. അതുകൊണ്ട് വനത്തിനുള്ളില്‍ സംഘടിതമായി ആരെങ്കിലും കടന്നുകൂടിയാല്‍ പുറത്തറിയാനുള്ള സാധ്യത വിരളമാണ്. വനം ചെക്ക് പോസ്റ്റുകളിലും, മറ്റ് പരിശോധനാകേന്ദ്രങ്ങളിലും പെടാതെതന്നെ വനത്തിനുള്ളില്‍ വന്നുപോകുന്നതിന് മിക്കസ്ഥലങ്ങളിലും പഴയ വഴികളുണ്ട്. ഗൂഡ്രിക്കല്‍, വടശ്ശേരിക്കര വനം റെയിഞ്ചുകളുടെ പരിധിയിലാണ് മോഷണസംഭവങ്ങള്‍ അധികവും നടന്നിട്ടുള്ളത്. ഇതില്‍ ഗൂഡ്രിക്കല്‍ വനമേഖല സംസ്ഥാനത്തെ തന്ത്രപ്രധാന മേഖലകള്‍ ഉള്‍പ്പെടുന്ന വനമേഖലയാണ്. ശബരിഗിരി പദ്ധതി, വന്‍കിട ഡാമുകള്‍, പൊന്നമ്പലമേട്, ഗവി തുടങ്ങിയവയെല്ലാം ഗൂഡ്രിക്കല്‍ വനമേഖലയിലാണ്.