പത്തനംതിട്ട: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പമ്പയാറ്റിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നു. മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ എപ്പോൾ വേണമെങ്കിലും അണക്കെട്ട് തുറന്നേക്കാം. ഡാമിന്റെ പരമാവധി സംഭരണശേഷിയായ 192 അടിയിലേക്ക് ജലനിരപ്പ് എത്തിയതോടെ ഏതുസമയവും ഷട്ടറുകൾ തുറന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ മൂന്ന് ഷട്ടറുകൾ ഉയർത്താനുള്ള സാധ്യതയുണ്ട്, ഇത് കക്കാട്ടാറിലും പമ്പയാറിലും ജലനിരപ്പ് വീണ്ടും ഉയരാൻ കാരണമാകും.

To advertise here,

പമ്പയിൽ ജലനിരപ്പ് ഉയർന്നതോടെ ആറന്മുള മേഖലയിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. റാന്നിയിൽനിന്നുള്ള വെള്ളം എത്തുന്നതിനൊപ്പം മൂഴിയാർ ഡാം കൂടി തുറക്കുന്നത് സ്ഥിതിഗതികൾ ഗുരുതരമാക്കുമെന്ന് അബിൻ വർക്കി എംഎൽഎ അറിയിച്ചു. ഇവിടെ മത്സ്യബന്ധന ബോട്ടുകളും എൻഡിആർഎഫ് സംഘവും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. 20-ലധികം ദുരിതാശ്വാസ ക്യാമ്പുകൾ ആറന്മുളയിൽ ഇതിനകം തുറന്നു. വീടുകളുടെ ഒന്നാം നിലയിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.

വീടുകളിൽ വെള്ളം കയറിയിട്ടും പലരും മാറിതാമസിക്കാൻ മടിക്കുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. പലയിടങ്ങളിലും ആളുകളെ ജെസിബിയിലും ബോട്ടുകളിലുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. പമ്പയാറിന്റെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. അതേസമയം, കക്കി ഉൾപ്പെടെയുള്ള വലിയ ഡാമുകൾ തുറക്കുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. അട്ടത്തോട് ഭാഗത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് നിലക്കലിൽനിന്നുള്ള ഭക്തർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ എരുമേലി വഴി എത്തുന്ന ഭക്തർക്കും പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഉണ്ട്. ശബരിമലയും പരിസര പ്രദേശങ്ങളിലും പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പുഴയിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഭക്തർ പമ്പയിൽ ഇറങ്ങി ബലിതർപ്പണമോ സ്‌നാനമോ നടത്തുന്നത് തടഞ്ഞിട്ടുണ്ട്. നിലവിൽ സന്നിധാനത്തുള്ളവർക്കും ദർശനത്തിന് എത്തുന്നവർക്കും മഴക്കെടുതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ബാധകമാണ്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചു മാത്രമേ ഭക്തർ മുന്നോട്ട് പോകാവൂ എന്ന് നിർദ്ദേശമുണ്ട്.

ശക്തമായ മഴയിൽ റാന്നി ടൗണിൽ വെള്ളം കയറിയത് വ്യാപാരികളെ പ്രതിസന്ധിയിലാക്കി. ഓണം പ്രമാണിച്ച് എത്തിച്ച സ്റ്റോക്കുകൾ പലയിടത്തും നശിച്ചു. മുൻകൂട്ടി ജാഗ്രത നിർദ്ദേശം നൽകുന്നതിൽ ജില്ലാ ഭരണകൂടം പരാജയപ്പെട്ടുവെന്ന് വ്യാപാരികൾ ആരോപിച്ചു. നദിയിലെ മണ്ണും ചെളിയും നീക്കം ചെയ്യാത്തതാണ് വെള്ളം പെട്ടെന്ന് കയറാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പെരുന്നാട്, വടശ്ശേരിക്കര, നാരായണപുരം മേഖലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കോഴഞ്ചേരി, തിരുവല്ല റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സ്വകാര്യ ബസ് ഗതാഗതം സ്തംഭിച്ചു.