പാനൂര്‍: പാനൂര്‍ സ്‌ഫോടനത്തിലെ സൂത്രധാരനടക്കം ഒളിവിലായിരുന്ന രണ്ടുപേര്‍കൂടി അറസ്റ്റില്‍. അമല്‍ ബാബു, മിഥുന്‍ എന്നിവരാണ് അറസ്റ്റിലായത്.  ഇതോടെ കേസിലെ 12 പ്രതികളില്‍ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവിലുള്ള ബാക്കി പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്. 

To advertise here,

സ്‌ഫോടനം നടക്കുമ്പോള്‍  സംഭവസ്ഥലത്തുണ്ടായിരുന്ന അമല്‍ ബാബുവാണ് ബോംബ് ഒളിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മിഥുന്‍ സ്‌ഫോടനം നടക്കുമ്പോള്‍ ബംഗളൂരുവിലായിരുന്നു. എന്നാല്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റ വിനീഷുമായി ബന്ധം പുലര്‍ത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സ്‌ഫോടനത്തിനു ശേഷം അമലുമായും മിഥുന്‍ ഫോണിൽ സംസാരിച്ചിട്ടുണ്ട്.

പ്രതിപട്ടികയിലുള്ളവര്‍ക്കും അറസ്റ്റിലായവര്‍ക്കും സി.പി.എം ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം. സംഭവം നടന്ന വീടിന് അടുത്തുനിന്ന് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ചിരുന്ന ഏഴ് സ്റ്റീല്‍ ബോംബ് ശനിയാഴ്ച തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തിയിരുന്നു. പരിക്കേറ്റവരെ ആസ്പത്രിയിലെത്തിക്കാന്‍ സഹായിച്ച അരുണിനെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. അരുണില്‍ നിന്നാണ് മറ്റുപ്രതികളെക്കുറിച്ചുള്ള വിവരം കിട്ടിയത്. 

പാനൂര്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് വ്യാഴാഴ്ച്ച സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകരുകയും ചെയ്തിരുന്നു.