വിഴിഞ്ഞം: നീണ്ടകരയിൽനിന്നു മീൻപിടിക്കാനായി പോയ ട്രോളിങ് ബോട്ട് ഇടിച്ചുതകർത്ത പനാമ കപ്പലിനെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്(ഡി.ജി. ഷിപ്പിങ്) അധികൃതർ കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ എം.ടി. സോളിസ് എന്ന എണ്ണക്കപ്പലിനെ കസ്റ്റഡിയിലെടുത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ഓടെ വിഴിഞ്ഞം പുറംകടലിലെത്തിച്ചു.

To advertise here,

അപകടത്തെത്തുടർന്ന് കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കൽ മൈൽ അകലെ കപ്പലിനെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. കോസ്റ്റ്ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ സുരേഷ് കുറുപ്പിനോട് ഡി.ജി. ഷിപ്പിങ് അധികൃതർ കപ്പൽ കസ്റ്റഡിയിലെടുത്തു നൽകാനായി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കോസ്റ്റ്ഗാർഡിന്റെ അനഘ് എന്ന കപ്പൽ എം.ടി. സോളിസിനെ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിലെത്തിക്കുകയായിരുന്നു. തുടർന്ന് കൊച്ചിയിൽനിന്നെത്തിയ ഡി.ജി. ഷിപ്പിങ്ങിന്റെ ചീഫ് സർവേയർ ഉൾപ്പെട്ട ഉദ്യോഗസ്ഥസംഘം കപ്പലിലെത്തി പ്രാഥമിക സർവേ നടത്തി.

ചൊവ്വാഴ്ച രാവിലെയോടെ മുംബൈയിലെ മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ്(എം.എം.ഡി.) അധികൃതരെത്തി പരിശോധിക്കും. അന്താരാഷ്ട്ര കപ്പൽച്ചാലിനു സമീപത്തായിരുന്നു അപകടമെന്നാണ് പ്രാഥമിക അന്വേഷണം. ഇത് സ്ഥിരീകരിക്കുന്നതിന് കപ്പലിലെ ക്യാപ്റ്റൻ ഉൾപ്പെട്ട 20 അംഗ ജീവനക്കാരിൽനിന്നു വിവരശേഖരണം നടത്തും.

ശനിയാഴ്ച ഉച്ചയ്ക്ക് 1.45-ഓടെ കന്യാകുമാരിയിലെ മുട്ടം തുറമുഖത്തുനിന്ന് ഏകദേശം 57 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. കൊല്ലം നീണ്ടകരയിൽനിന്ന് കന്യാകുമാരി ഭാഗത്തേക്കു മീൻപിടിത്തത്തിനുപോയ മരുത്തടിയിൽ ചിറക്കര പുതുവലിൽ രാജേഷ് മാത്യുവിന്റെ സെയ്ന്റ് ജോസഫ് എന്ന ട്രോളിങ് ബോട്ടാണ് എണ്ണക്കപ്പലിടിച്ച് തകർന്ന് മുങ്ങിപ്പോയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ ഒൻപതുപേരെ കപ്പൽ ജീവനക്കാർ രക്ഷിച്ചിരുന്നു. രണ്ടുപേരെ ഇതുവരെയും കണ്ടെത്തിയിട്ടില്ല.

സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റ്ഗാർഡ് കേസെടുത്തു. അപകടം നടന്നത് തമിഴ്നാട്ടിലായതിനാൽ ഇവിടെനിന്ന് കേസ് തുടർനടപടികൾക്കായി അങ്ങോട്ടേക്കു മാറ്റും.