ന്യൂഡല്‍ഹി: ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. സുരക്ഷാ പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ഘോഷയാത്ര അനുവദിക്കാതിരുന്നത്. കഴിഞ്ഞദിവസം ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കും അനുമതി നല്‍കിയിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ എന്ത് സുരക്ഷാ പ്രശ്നം മുൻനിർത്തിയാണ് അനുമതി നിഷേധിച്ചതെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.

To advertise here,

ഡല്‍ഹിയില്‍ കഴിഞ്ഞ 11 മുതല്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കും അനുമതി നല്‍കിയിരുന്നില്ല. അത്തരത്തിലുള്ള ഒരു ഘോഷയാത്രയും ഈ ദിവസങ്ങളില്‍ അനുവദിച്ചിരുന്നില്ല. അതിന്റെ ഭാഗമായിത്തന്നെയാണ് ഈ നടപടിയെന്നും മന്ത്രി പറഞ്ഞു. തഹാവൂര്‍ റാണയുടെ വരവുമായി ബന്ധപ്പെട്ട സുരക്ഷാകാരണമാണോ എന്ന ചോദ്യത്തിന് മാധ്യമങ്ങള്‍ അത്തരത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി. 

'സുരക്ഷാ പ്രശ്‌നമെന്തെന്നത് മാധ്യമങ്ങള്‍ പറഞ്ഞു, ഞാന്‍ കേട്ടു. സുരക്ഷ ശക്തമാണെന്ന് കണ്ടു. കാരണം കേരളത്തിലെ മാധ്യമങ്ങള്‍ക്കറിയാം', അദ്ദേഹം പറഞ്ഞു. എന്താണ് സുരക്ഷാ പ്രശ്നം എന്ന മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് കൃത്യമായി മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.

'ഞാന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു, അത് ജനങ്ങളെ അറിയിക്കുക', എന്നായിരുന്നു മന്ത്രിയുടെ മറുപടി. '11-ാം തീയതി മുതല്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാണ്. അത് മാധ്യമങ്ങള്‍ പറയുന്നതാണ്. അതുകൊണ്ട് ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കും അനുമതി കൊടുത്തിട്ടില്ല. അതുകൊണ്ട് ഇന്ന് കുരിശിന്‍റെ വഴിയുടെ കാര്യത്തിലും അനുമതി കൊടുത്തിട്ടില്ല എന്ന് മന്ത്രി പറഞ്ഞെന്ന് പറഞ്ഞാല്‍ മതി. ജനങ്ങള്‍ മനസ്സിലാക്കട്ടെ', ജോര്‍ജ് കുര്യന്‍ പറഞ്ഞു.