കൊച്ചി: രഹസ്യ ആപ്പുകളും ഡാർക്ക്നെറ്റും വഴി യുവാക്കൾക്കിടയിലേക്ക് തീവ്രനിലപാടുകാർ നുഴഞ്ഞുകയറുന്നത് രഹസ്യാന്വേഷണ ഏജൻസികൾക്കും പോലീസിനും ഒരുപോലെ വെല്ലുവിളിയാകുന്നു. ക്രിമിനൽ പശ്ചാത്തലമില്ലാത്തവരും മുൻപ്‌ സമാനസംഭവങ്ങളിൽ പ്രതികളല്ലാത്തവരും ഇത്തരക്കാരുടെ ഉപകരണമാകുന്നത് അന്വേഷണ ഏജൻസികളും ഞെട്ടലോടെയാണ് കാണുന്നത്. നോട്ടപ്പുള്ളികളുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിക്കുന്നതിനാൽ സംശയം തോന്നാത്തവരെയാണ് വലവീശി പിടിക്കുന്നത്.

To advertise here,

ഡാർക്ക്നെറ്റിലെ സന്ദർശകരും രഹസ്യ ആപ്പുകളിലെ അംഗങ്ങളുമാണ് വലയിൽ വീഴുന്നത്. അന്വേഷണ സംഘങ്ങൾക്ക് വേഗം കടന്നുചെല്ലാൻ കഴിയാത്ത പൂർണ സുരക്ഷിതത്വമുള്ള രഹസ്യ ആപ്പുകൾ ഒട്ടേറെയാണ്. സുരക്ഷാ കാരണങ്ങളാൽ ചിലത് നിരോധിക്കുമെങ്കിലും പുതിയത് വീണ്ടും പ്രത്യക്ഷപ്പെടും. ഐ.പി. അഡ്രസും ലൊക്കേഷനും ഒളിപ്പിച്ച്, എൻക്രിപ്റ്റഡ് ആയി ഇന്റർനെറ്റ് ഉപയോഗിക്കാൻ സഹായിക്കുന്ന ആപ്പുകളിലൂടെ ഇത്തരം സംഘങ്ങൾ നൂറുകണക്കിന് ആളുകളുമായി സൗഹൃദമുണ്ടാക്കുകയും വലയിൽ വീഴുന്നവരെ കൃത്യത്തിന് ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.

കുറ്റവാളികൾ, മയക്കുമരുന്ന് മാഫിയകൾ, സൈബർ തട്ടിപ്പുകാർ എന്നിവർ നിരീക്ഷണങ്ങളിൽനിന്ന് രക്ഷപ്പെടാൻ ഇത്തരം മാർഗങ്ങൾ ഉപയോഗിക്കുന്നു. നിയമവിരുദ്ധമായ ഇടപാടുകൾ നടത്തുന്നവർ തങ്ങളുടെ ഐ.പി. വിലാസവും ലൊക്കേഷനും മറച്ചുവെക്കാൻ വി.പി.എൻ. സംവിധാനങ്ങളും പിയർ-ടു-പിയർ നെറ്റ്‌വർക്കുകളുമാണ് ഉപയോഗിക്കുന്നത്.

ഈ സന്ദേശങ്ങൾ ചോർത്താനോ, അവയുടെ ഡേറ്റ സെർവറുകളിൽനിന്ന് വീണ്ടെടുക്കാനോ പലപ്പോഴും സാധിക്കാറില്ല. ചില ആപ്പുകളിൽ നിശ്ചിത സെക്കൻഡുകൾക്കുള്ളിലോ, മിനിറ്റുകൾക്കുള്ളിലോ സന്ദേശങ്ങൾ സ്വയം നശിച്ചുപോകുന്ന സംവിധാനവുമുണ്ട്. ഇത്തരം ഫോണുകൾ പിടിച്ചെടുത്താൽപ്പോലും ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുക ദുഷ്കരമാണ്. നിർമിതബുദ്ധി സാങ്കേതികവിദ്യകളും ഡാർക്ക് വെബ് നിരീക്ഷണ ടൂളുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും പൂർണമായി വിജയിക്കണമെന്നില്ല.

കൊച്ചി സിനഗോഗിന്‌ പുറത്തെ തീവെപ്പ്‌ ഉൾപ്പെടെ ചെയ്യാൻ പ്രതിക്ക് നിർദേശം കൊടുത്തതിന് പിന്നിൽ രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളാണെന്ന സൂചന കിട്ടിയിട്ടുണ്ട്. നിർദേശം നൽകിയ ‘ബോസി’ന്റെ പേരുപോലും ദൗത്യം ഏറ്റെടുത്തയാളിന് അറിയില്ലെന്നതും ദുരൂഹത കൂട്ടുന്നു. സൗഹൃദമുണ്ടാക്കിയശേഷം ഒരു ടാർഗറ്റ് നൽകുകയും അതിന് പ്രതിഫലം നൽകുകയുമാണ് തന്ത്രം. തെളിവായി കുറ്റകൃത്യങ്ങൾ വീഡിയോയിൽ പകർത്തിനൽകണം. പണമിടപാടുകൾ ക്രിപ്റ്റോ കറൻസിവഴിയായതിനാൽ അത്രവേഗം കണ്ടെത്താനാവില്ല. അതിനാൽത്തന്നെ ‘ബോസി’ലേക്ക് എത്തുകയെന്നതും ദുഷ്കരമാണ്.