പാലക്കാട്: തപാൽ ഓഫീസുകൾ അടച്ചുപൂട്ടിയതോടെ പിൻകോ‍ഡുകളിൽ മാറ്റംവരുന്നത് ആളുകളെ വലയ്ക്കും. അടച്ചുപൂട്ടുന്ന തപാൽ ഓഫീസുകളുടെ പരിധിയിലുള്ളവർക്കാണ് തിരിച്ചറിയൽ രേഖകളിൽ പിൻകോ‍ഡുകൾ മാറ്റേണ്ടിവരുന്നത്. ആധാർ കാർഡ്, പാസ്പോർട്ട്, വോട്ടേഴ്സ് ഐഡി കാർഡ് തുടങ്ങിയ പ്രധാന തിരിച്ചറിയൽ രേഖകളിലെല്ലാം പിൻകോ‍ഡ് നിർബന്ധമാണ്. പിൻകോ‍ഡ് കൂടി ചേർക്കുമ്പോഴാണ് മേൽവിലാസം പൂർത്തിയാകുന്നത്. ഇവ ഇല്ലാതാകുന്നതോടെ നിലവിലുള്ള മേൽവിലാസം നഷ്ടമാകുന്ന അവസ്ഥയാണുള്ളത്.

To advertise here,

പോസ്റ്റ്മാന്റെ സേവനം ഇല്ലാത്തവയാണ് നോൺ ഡെലിവറി തപാൽ ഓഫീസുകൾ. സബ് പോസ്റ്റ് ഓഫീസുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേകമായി പിൻകോ‍ഡുകളില്ലാത്തവയാണ് ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ. നോൺ ഡെലിവറി തപാൽ ഓഫീസുകളും ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളും പൂട്ടേണ്ടിവരുമ്പോൾ മാത്രം ഇവയുടെ പിൻകോഡുകൾ മാറ്റേണ്ടിവരുന്നില്ല. മറ്റ് തപാൽ ഓഫീസുകളെല്ലാം പൂട്ടുകയാണെങ്കിൽ ഇവയുടെ പിൻകോഡുകളിൽ മാറ്റംവരുമെന്നും തപാൽ ഓഫീസ് അധികൃതർ പറയുന്നു.

അടച്ചുപൂട്ടൽ പട്ടികയിൽ 150 തപാൽ ഓഫീസുകൾ

സംസ്ഥാനത്താകെ 36 തപാൽ ഓഫീസുകളാണ് നിലവിൽ അടച്ചുപൂട്ടിയത്. 150-തിലധികം തപാൽ ഓഫീസുകളാണ് ആദ്യഘട്ടത്തിലെ അടച്ചുപൂട്ടൽ പട്ടികയിലുള്ളത്. പാലക്കാട് ഡിവിഷനിൽ അംബികാപുരം, തത്തമംഗലം സൗത്ത് തപാൽ ഓഫീസുകൾ 2025 സെപ്റ്റംബർ 19-ന് അടച്ചുപൂട്ടി. പാലക്കാട് കോളേജ്, ശേഖരീപുരം, ചിറ്റൂർ കോളേജ്, തെക്കേഗ്രാമം സബ് ഓഫീസുകളും പുത്തൂർ, ന്യൂ കല്പാത്തി, മൂത്താന്തറ, നൂറണി അഗ്രഹാരം, ചെന്താമരനഗർ, ചിറ്റൂർ കോർട്ട് തുടങ്ങിയ ശാഖാ ഓഫീസുകളും അടച്ചുപൂട്ടാനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. ജില്ലയിൽ പാലക്കാട് ഡിവിഷനിൽ മൂന്നും ഒറ്റപ്പാലം ഡിവിഷനിൽ അഞ്ചുമടക്കം എട്ട് തപാൽ ഓഫീസുകളാണ് അടച്ചുപൂട്ടിയത്. പാലക്കാട് ഡിവിഷനിൽ പത്തും ഒറ്റപ്പാലം ഡിവിഷനിൽ രണ്ടും തപാൽ ഓഫീസുകളാണ് ജില്ലയിൽ ആദ്യഘട്ടത്തിൽ അടച്ചുപൂട്ടൽ പട്ടികയിലുള്ളത്.

തപാൽ ഓഫീസുകൾ മാറ്റുമ്പോൾ പിൻകോഡുകളുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന് തപാൽ ഓഫീസ് അധികൃതർ യാതൊരു നിർദേശവും നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്.

ലാഭകരമല്ലാത്തവയും അടച്ചുപൂട്ടും

പോസ്റ്റൽ ആക്ട് ഭേദഗതിചെയ്ത് കേന്ദ്രസർക്കാരിന്റെ പുനഃസംഘടനാ നയത്തിന്റെ ഭാഗമായാണ് അടച്ചുപൂട്ടൽ. തപാൽ ഓഫീസുകൾ ഇല്ലാത്തിടത്ത് തുടങ്ങുകയും കൂടുതൽപേർക്ക് സേവനം ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് റേഷനലൈസേഷൻ നടപ്പാക്കുന്നതെന്നാണ് വാദം. നഗരത്തിൽ രണ്ട് കിലോമീറ്റർ ദൂരപരിധിക്കകത്തും ഗ്രാമത്തിൽ അഞ്ച് കിലോമീറ്റർ ദൂരപരിധിക്കകത്തും ഒന്നിൽക്കൂടുതൽ ഓഫീസുകൾ ഉണ്ടെങ്കിൽ അവ ഇല്ലാത്തിടങ്ങളിലേക്ക് മാറ്റും. ലാഭകരമല്ലാത്ത തപാൽ ഓഫീസുകൾ പൂട്ടാൻ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ, ലാഭകരമായ തപാൽ ഓഫീസുകളും പൂട്ടുന്ന പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. തപാൽ ഓഫീസുകളുടെ അടച്ചുപൂട്ടലിനെതിരേ വിവിധ തപാൽ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്.

പിൻകോഡ് മാറ്റത്തെ സംബന്ധിച്ച് നിലവിൽ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അടച്ചുപൂട്ടൽ പട്ടികയിൽ ഇതുവരെ വ്യക്തതയായിട്ടില്ലെന്നുമാണ് പാലക്കാട് തപാൽ വകുപ്പ് അധികൃതരുടെ വിശദീകരണം.