തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ മദ്യക്കമ്പനിക്ക് അനുമതിനൽകിയത് സംബന്ധിച്ച് എൽ.ഡി.എഫിൽ ഭിന്നസ്വരം രൂക്ഷമാകുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയതീരുമാനം ഉണ്ടാകണമെന്ന ആവശ്യം സി.പി.ഐ.യും ആർ.ജെ.ഡി.യും ഉന്നയിച്ചു. ജെ.ഡി.എസിനുള്ളിലും എതിർപ്പ് ശക്തമാണ്. അക്കാര്യം ഔദ്യോഗികമായി ജെ.ഡി.എസ്. നിഷേധിക്കുന്നുണ്ടെങ്കിലും സംസ്ഥാന നേതൃയോഗത്തിലുയർന്ന വിമർശനം ഇത് വ്യക്തമാക്കുന്നുണ്ട്.
അനുമതിനൽകിയ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോകേണ്ടതില്ലെന്നാണ് സി.പി.എമ്മിന്റെയും സർക്കാരിന്റെയും തീരുമാനം. തെറ്റിദ്ധാരണ മാറ്റാൻ പരസ്യമായ വിശദീകരണം എന്ന രീതിയിലേക്ക് സർക്കാർ മാറിയത് അതുകൊണ്ടാണ്. ആരോപണങ്ങൾക്ക് മന്ത്രി എം.ബി. രാജേഷ് വിശദീകരണം നൽകുന്നുണ്ട്. വിശദീകരിച്ചാൽ മാറാത്ത ഒരു തെറ്റിദ്ധാരണയും ഘടകകക്ഷികൾക്ക് ഉണ്ടാവില്ലെന്ന ആത്മവിശ്വാസം മന്ത്രി പ്രകടിപ്പിച്ചിട്ടുണ്ട്.
ഏഴിന് നിയമസഭാസമ്മേളനം പുനരാരംഭിക്കുന്നതിനുമുൻപ് മുന്നണിയിലെ ഭിന്നാഭിപ്രായം ഒതുക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ.യുമായി ചർച്ചനടത്തി ധാരണയുണ്ടാക്കാനാണ് ആലോചന. ഇതിൽ മുഖ്യമന്ത്രിയും പങ്കാളിയായേക്കും. പത്തുമുതൽ നടക്കുന്ന ബജറ്റ് ചർച്ചയിൽ ബ്രൂവറി വിഷയം പ്രതിപക്ഷം ആവർത്തിച്ചുന്നയിക്കുമെന്ന് ഉറപ്പാണ്.
മദ്യക്കമ്പനിക്ക് അനുമതി നൽകിയതിനെ അംഗീകരിക്കാനാകില്ലെന്ന നിലപാട് സി.പി.ഐ. സംസ്ഥാന നിർവാഹകസമിതി യോഗം ചർച്ച ചെയ്തെടുത്ത തീരുമാനമാണ്. അതിനാൽ, ഇതിനുവിരുദ്ധമായ ഒരു രാഷ്ട്രീയനിലപാട് സി.പി.ഐ. മന്ത്രിമാർക്കും സ്വീകരിക്കാനാകില്ല. ഈമാസം 17-ന് സി.പി.ഐ. വീണ്ടും സംസ്ഥാന നിർവാഹകസമിതി യോഗം ചേരുന്നുണ്ട്. അതിനുമുമ്പ് രാഷ്ട്രീയസമവായം ഉണ്ടായില്ലെങ്കിൽ, ഇക്കാര്യത്തിൽ നിലപാട് പരസ്യമാക്കാൻ സി.പി.ഐ. നിർബന്ധിതമാകും.
സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിയും പാർട്ടി സമ്മേളനങ്ങളുടെ തിരക്കിലാണ്. കൂടിക്കാഴ്ച സംബന്ധിച്ച് അനൗപചാരികസംസാരം ഇരുപാർട്ടിയിലെയും സെക്രട്ടറിമാർ തമ്മിൽ നടത്തിയിട്ടുണ്ടെന്നാണ് വിവരം. മുന്നണിയോഗം അതിനിടയിൽ ചേരാനാകുമോയെന്നതും ആലോചിക്കുന്നുണ്ട്.
ചർച്ചയാവശ്യപ്പെട്ട് ആർ.ജെ.ഡി. കത്തുനൽകും
പാലക്കാട് എലപ്പുള്ളിൽ സ്വകാര്യ മദ്യക്കമ്പനി തുടങ്ങുന്നതുസംബന്ധിച്ച് എൽ.ഡി.എഫിൽ ചർച്ചവേണമെന്ന് ആർ.ജെ.ഡി. സംസ്ഥാന നേതൃയോഗം. ഇക്കാര്യമാവശ്യപ്പെട്ട് മുന്നണി കൺവീനർക്ക് കത്തുനൽകാൻ തീരുമാനിച്ചു. അതുവരെ തുടർനടപടികളെല്ലാം നിർത്തിവെക്കണമെന്നാവശ്യപ്പെടും.
കൊക്കകോള കമ്പനിക്കുനേരേ സമരം നടത്തുകയും പ്ലാന്റ് പൂട്ടുകയും ചെയ്തത് ഓർമ്മിപ്പിച്ചായിരുന്നു ഇതേക്കുറിച്ച് സെക്രട്ടറി ജനറൽ വറുഗീസ് ജോർജിന്റെ പ്രതികരണം. ‘‘കോളക്കമ്പനിയെക്കാൾ വലുതല്ലല്ലോ ബ്രൂവറി’’ -അദ്ദേഹം ചോദിച്ചു. കൊക്കകോള ഉത്പാദനം തുടങ്ങിയതിനുശേഷം ലോകത്തിൽ എവിടെയെങ്കിലും അവരുടെ പ്ലാന്റ് പൂട്ടിയിട്ടുണ്ടെങ്കിൽ അത് പാലക്കാട് പ്ലാച്ചിമടയിലാണ്. എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റുകൾ നടത്തിയ പ്രതിരോധത്തിന്റെ ഫലമാണിതെന്നും വറുഗീസ് ജോർജ് പറഞ്ഞു.
സംസ്ഥാനപ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ജില്ലാപ്രസിഡന്റുമാരും സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു. ബ്രൂവറി വിഷയം സംബന്ധിച്ച് വിശദമായ ചർച്ച യോഗത്തിലുണ്ടായി. പാരിസ്ഥിതികപ്രശ്നം, പഞ്ചായത്ത് അനുമതി, ഗ്രാമസഭാ അംഗീകാരം, കുടിവെള്ളലഭ്യത, പ്രദേശത്തെ ജനങ്ങളുടെ ആശങ്ക ഇങ്ങനെ പലതും ഇതിലുണ്ടെന്ന് യോഗം വിലയിരുത്തി.
ഇത്തരമൊരു വിഷയത്തിൽ മന്ത്രിസഭായോഗം തീരുമാനമെടുത്തുപോകുമ്പോൾ ഇടതുമുന്നണിയുടെ അംഗീകാരംകൂടി ഉണ്ടാകേണ്ടതുണ്ട്. അതുണ്ടായിട്ടില്ല. ജനങ്ങളിൽ ആശങ്കയും പ്രതിഷേധവും ഉയരുന്ന ഒരുവിഷയമായതിനാൽ, മുന്നണിയിൽ ചർച്ചചെയ്യുന്നതുവരെ തുടർപ്രവർത്തനം നിർത്തിവെക്കണമെന്നായിരുന്നു യോഗത്തിലുണ്ടായ അഭിപ്രായം. കേരളത്തിൽ വർധിച്ചുവരുന്ന മദ്യാസക്തിയും മദ്യത്തിന്റെ ലഭ്യതയും സാമൂഹികാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. ഇത് പരിഹരിക്കാനാവശ്യമായ നിയന്ത്രണം കൊണ്ടുവരുകയാണ് വേണ്ടതെന്നും യോഗം നിർദേശിച്ചു.
കേന്ദ്രബജറ്റിൽ കേരളത്തോടുകാണിച്ച അവഗണന പ്രതിഷേധാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തംപോലും കേന്ദ്രം പരിഗണിച്ചില്ല. അർഹമായ പരിഗണന നൽകാതെ, കേരളത്തെ അകറ്റിനിർത്തുന്നത് ഫെഡറൽ തത്ത്വത്തിന്റെ എല്ലാസീമകളും ലംഘിക്കുന്നതാണെന്നും യോഗം വിലയിരുത്തി. മേയ് 28 സമുചിതമായി ആചരിക്കാൻ തീരുമാനിച്ചു. പി. വിശ്വംഭരൻ ജന്മശതാബ്ദിയാഘോഷം ജൂണിൽ നടത്തും.
Content Highlights: palakkad liquor unit cpi rjd stance ldf
Published: 03 Feb 2025, 06:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented