എലപ്പുള്ളി: സംസ്ഥാന സര്‍ക്കാര്‍ മദ്യക്കമ്പനിക്കായി അനുമതിനല്‍കിയ മണ്ണുക്കാട് പ്രദേശമുള്‍പ്പെടുന്ന ഏഴാംവാര്‍ഡില്‍ മദ്യക്കമ്പനിക്കെതിരേ സമരരംഗത്ത് സജീവമായ എലപ്പുള്ളി പോരാട്ട ജനകീയസമിതിയുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചേക്കും. ദിവസങ്ങള്‍ക്കുമുന്‍പ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പിന്തുണ ലഭിക്കാതെവന്ന സാഹചര്യത്തിലാണ് സമിതിയുടെ നിലപാട്. പോരാട്ട ജനകീയസമിതിയുടെ സ്ഥാനാര്‍ഥിക്ക് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പിന്തുണയുണ്ടാകുമെന്ന് സമരസമിതി കോഡിനേറ്റര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ നേരത്തേ അവകാശപ്പെട്ടിരുന്നു. ശേഷമാണ് മണ്ണുക്കാട് സ്വദേശിയായ കേശവദാസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

To advertise here,

എന്നാല്‍, ഈ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കില്ലെന്നും വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിതന്നെ മത്സരിക്കുമെന്നും കഴിഞ്ഞദിവസം ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുന്നതില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെത്തന്നെ നിര്‍ത്തണമെന്ന നിലപാടിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം.

പഞ്ചായത്തിലെ ഭൂരിഭാഗം വാര്‍ഡിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടുണ്ടെങ്കിലും മണ്ണുക്കാട് വാര്‍ഡിന്റെ കാര്യത്തില്‍ നേതൃത്വം നിലപാട് അറിയിച്ചിട്ടില്ല. കോണ്‍ഗ്രസും ബിജെപിയും പിന്തുണച്ചില്ലെങ്കില്‍ മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് സമരസമിതി കോഡിനേറ്റര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു.

പോരാട്ട ജനകീയസമിതിയിലെ പ്രധാന ഭാരവാഹികള്‍ ബിജെപി, കോണ്‍ഗ്രസ് അംഗങ്ങളാണ്. പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബുവാണ് പോരാട്ട ജനകീയസമിതിയുടെ അധ്യക്ഷ. നേരത്തേ ബ്രൂവറി വിഷയത്തില്‍ പോരാട്ട ജനകീയസമിതി നിയമനടപടികളിലേക്ക് കടന്നപ്പോള്‍ നിലവിലെ കോണ്‍ഗ്രസ് ഭരണസമിതി അംഗങ്ങള്‍ക്കൊപ്പംതന്നെ ബിജെപി അംഗങ്ങളും സമിതിക്കൊപ്പം ചേര്‍ന്ന് ഹര്‍ജി നല്‍കിയിരുന്നു.

നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുനില്‍കുമാറിനെ മണ്ണുക്കാട് വാര്‍ഡില്‍ മത്സരിപ്പിക്കുമെന്ന സൂചനയുമുണ്ട്. പക്ഷേ, നേതൃത്വം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. കോണ്‍ഗ്രസും ബിജെപിയും വിട്ടുനില്‍ക്കുന്ന സമീപനം സ്വീകരിച്ചതോടെ എലപ്പുള്ളി പോരാട്ട ജനകീയസമിതിയുടെ രാഷ്ട്രീയ ചുവടുവെപ്പിന് മങ്ങലേല്‍ക്കുകയാണ്.