പാലക്കാട്: എലപ്പുള്ളി പഞ്ചായത്തില്‍ യുഡിഎഫിന്റെയും ബിജെപിയുടെയും ബ്രൂവറിവിരുദ്ധപ്രചാരണം ഫലം കണ്ടില്ല. ബ്രൂവറി വരാനിരിക്കുന്ന മണ്ണുകാട് വാര്‍ഡില്‍ ഉള്‍പ്പെടെ വലിയ വിജയം സ്വന്തമാക്കിയ എല്‍ഡിഎഫ്, പഞ്ചായത്ത് ഭരണം യുഡിഎഫില്‍നിന്ന് പിടിച്ചെടുത്തു. ആകെയുള്ള 23 സീറ്റുകളില്‍ 14 സീറ്റുകളിലും വിജയിച്ചാണ് നേട്ടം. അഞ്ച് സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍, നാല് സീറ്റുകള്‍ മാത്രമാണ് നിലവില്‍ ഭരണമുള്ള യുഡിഎഫിന് നേടാനായത്.

To advertise here,

തദ്ദേശതിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫും ബിജെപിയും പഞ്ചായത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുന്ന ബ്രൂവറിയാണ് പ്രധാന പ്രചാരണവിഷയമാക്കിയിരുന്നത്. എല്‍ഡിഎഫ് വന്നാല്‍ മദ്യശാല വരുമെന്നും അത് ജലചൂഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫ് വന്‍ പ്രചാരണം അഴിച്ചുവിട്ടത്. ഇതേ പ്രചാരണരീതി തന്നെയാണ് ബിജെപിയും സ്വീകരിച്ചത്.

എന്നാല്‍, പ്രചാരണവേളയില്‍ സിപിഎം ഇതിനെ പ്രതിരോധിച്ചിരുന്നു. വ്യവസായ വകുപ്പിന്റെ പ്രാഥമിക ഉദ്യോഗസ്ഥചര്‍ച്ചയില്‍, പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭരണസമിതി എതിര്‍പ്പ് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എല്‍ഡിഎഫിന്റെ പ്രചാരണം.

എല്‍ഡിഎഫിന്റെ വാദങ്ങള്‍ ജനം മുഖവിലയ്‌ക്കെടുത്തുവെന്നതിന് തെളിവായി ജനവിധി. എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡായ മണ്ണുകാട് 106 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മുരളികുമാര്‍ നിലനിര്‍ത്തി. 444 വോട്ടുകളാണ് മുരളികുമാര്‍ നേടിയത്. 338 വോട്ടു നേടിയ ബിജെപി സ്ഥാനാര്‍ഥി സോനുവാണ് രണ്ടാംസ്ഥാനത്ത്. മണ്ണുകാട് വാര്‍ഡ് പിടിച്ചെടുക്കാനായി യുഡിഎഫ് കളത്തിലിറക്കിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. സുനില്‍കുമാര്‍ 253 വോട്ടുകള്‍ മാത്രം നേടി മൂന്നാംസ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.

ബ്രൂവറിക്കെതിരേ നിരന്തരം ശബ്ദമുയര്‍ത്തിയതിനെത്തുടര്‍ന്ന്, സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബുവും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറാം വാര്‍ഡായ പാറയിലാണ് ഇവര്‍ മത്സരിച്ചത്. ബിജെപിയുടെ പ്രമോദ് കുമാറാണ് ഈ വാര്‍ഡില്‍ വിജയിച്ചത്. എല്‍ഡിഎഫിന്റെ എ. അശോകനാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസിനകത്തെ പടലപ്പിണക്കങ്ങളും ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്.