
കൊണ്ടോട്ടി: ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ യാഥാർഥ്യമാകുമ്പോൾ ഏറ്റവുംകൂടുതൽ നേട്ടം ലഭിക്കുക മലപ്പുറം ജില്ലയ്ക്ക്. ഉൾനാടൻ ഗ്രാമങ്ങളിൽ വികസനക്കുതിപ്പുണ്ടാകുന്നതിനൊപ്പം ജില്ലയുടെ വ്യാവസായിക സാമ്പത്തികരംഗങ്ങളിൽ കുതിച്ചുചാട്ടത്തിന് പാത വഴിയൊരുക്കും.
നിലവിലെ പാലക്കാട് -കോഴിക്കോട് ദേശീയപാതയെ അപേക്ഷിച്ച് പുതിയപാതയിൽ ദൂരവും യാത്രാസമയവും ഗണ്യമായി കുറയും. അതോടൊപ്പം പുതിയ വ്യാവസായിക - വാണിജ്യപദ്ധതികളെ ജില്ലയിലേക്ക് ആകർഷിക്കാൻ ഇതുവഴി കഴിയും. കോയമ്പത്തൂർ- മംഗളൂരു ചരക്കു ഗതാഗതം സുഗമമാകുമെന്നത് പാതയുടെ പൊതുനേട്ടമാണ്. വ്യാവസായികരംഗത്ത് ജില്ല പിന്നിലാകാൻ പലതാണ് കാരണം. പശ്ചാത്തലരംഗങ്ങളിലെ അപര്യാപ്തതമൂലം വ്യാവസായികമായി മേൽവിലാസമില്ലാത്തതും പ്രോത്സാഹനമില്ലാത്തതുമാണ് ജില്ലയ്ക്ക് തിരിച്ചടിയായത്. മലപ്പുറം ജില്ലക്കാർതന്നെ മറ്റു പ്രദേശങ്ങളിലാണ് സ്ഥാപനങ്ങൾ തുടങ്ങുന്നത്. ഭരണകൂടം മനസ്സുവെച്ചാൽ ഈ പേരുദോഷം മാറ്റാനാകും.
പാത കടന്നുപോകുന്ന പ്രദേശങ്ങളിൽ വ്യാവസായിക മേഖലകൾ നിർമിച്ചാൽ നിക്ഷേപം എളുപ്പത്തിൽ ആകർഷിക്കാനാകും. പ്രാദേശിക വികസനത്തിനൊപ്പം വലിയതോതിലുള്ള തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിച്ചെടുക്കാം. കോഴിക്കോട് വിമാനത്താവളത്തിന്റെ സാധ്യതകളും ഉപയോഗപ്പെടുത്താനാകും.
നഗരങ്ങൾക്ക് ആശ്വാസം
പാത കടന്നുപോകുന്ന ഉൾപ്രദേശങ്ങളിൽ വികസനക്കുതിപ്പിന് വേഗംകൂട്ടും. വാണിജ്യ, വ്യാപാരസ്ഥാപനങ്ങൾ വരുന്നതോടെ പ്രാദേശികമായി ജോലിസാധ്യതകൾ വർധിക്കുകയും വരുമാനം ഉയരുകയുംചെയ്യും. ഭൂമിവില വർധിക്കുന്നത് റിയൽ എസ്റ്റേറ്റ് രംഗത്തിനും നേട്ടമാകും. പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ നഗരങ്ങൾക്കും ഗ്രീൻഫീൽഡ് പാത വലിയ ആശ്വാസമാകും. നഗരങ്ങളിലെ വാഹനക്കുരുക്ക് വലിയൊരളവിൽ ഇല്ലാതാകും. പെരിന്തൽമണ്ണ, മലപ്പുറം, കൊണ്ടോട്ടി നഗരങ്ങളിലെല്ലാം ഗതാഗതക്കുരുക്കിന് പ്രധാനകാരണം ചരക്ക് വാഹനങ്ങളാണ്. കണ്ടെയ്നർ ലോറികളും പാചകവാതക ടാങ്കറുകളും ചരക്ക് ലോറികളുമെല്ലാം നഗരങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിനൊപ്പം യാത്രാവാഹനങ്ങളുമാകുമ്പോൾ ഗതാഗതക്കുരുക്ക് പതിവാണ്. ചരക്കുവാഹനങ്ങൾക്കൊപ്പം ദീർഘദൂര യാത്രാവാഹനങ്ങളും ഗ്രീൻഫീൽഡ് ഹൈവേ വഴിയാകുന്നതോടെ നഗരങ്ങളിലെ തിരക്കിന് അറുതിയാകും. നിലവിൽ തിരക്ക് നിയന്ത്രിക്കാൻ കണ്ടെയ്‌നർ ലോറികളും വലിയ പാചകവാതക ടാങ്കറുകളും രാത്രിയിൽ മാത്രമാണ് നഗരങ്ങളിലൂടെ ഓടുന്നത്. ഇവയ്ക്ക് നിയന്ത്രണമില്ലാതെ പുതിയ പാതയിലൂടെ ഓടാനാകും. നിലവിലെ ദേശീയപാത വികസിപ്പിക്കുന്നത് അത്യാവശ്യമല്ലാതാകുന്നതും നേട്ടമാണ്.
കുറഞ്ഞ കുടിയൊഴിപ്പിക്കൽ
പൊതുവേ ആൾത്താമസം കുറവായ മേഖലയിലൂടെയാണ് പാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതെന്നതിനാൽ കുടിയൊഴിപ്പിക്കൽ കുറയുമെന്നാണ് അധികൃതർ പറയുന്നത്. നിലവിലെ ദേശീയപാത വികസിപ്പിക്കുകയാണെങ്കിൽ നിരവധി കച്ചവടസ്ഥാപനങ്ങളും വീടുകളുമെല്ലാം പൊളിച്ച് ഒഴിവാക്കേണ്ടിവരുമായിരുന്നു.
15 വില്ലേജുകൾ, 304.6 ഹെക്ടർ ഭൂമി
ജില്ലയിൽ നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി, പെരിന്തൽമണ്ണ എന്നിങ്ങനെ നാലു താലൂക്കുകളിലായി 15 വില്ലേജുകളിലൂടെയാണ് പാത കടന്നു പോവുക. എടപ്പറ്റ, കരുവാരക്കുണ്ട്, തുവ്വൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, പോരൂർ, എളംകൂർ, കാരക്കുന്ന്, പെരകമണ്ണ, കാവന്നൂർ, അരീക്കോട്, മുതുവല്ലൂർ, ചീക്കോട്, വാഴക്കാട്, വാഴയൂർ വില്ലേജുകളിലായി 304.593 ഹെക്ടർ ഭൂമിയാണ് ദേശീയപാതയ്ക്കായി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് ദേശീയപാത അതോറിറ്റിയെ സഹായിക്കുന്നതിനായി ടി.പി.എഫ്. എന്ന കൺസൾട്ടൻസി കമ്പനിയുമുണ്ട്. ഇത് നടപടികൾ വേഗത്തിലാക്കും.

ആറുവരിപ്പാതപോലെ ആകർഷകമായ നഷ്ടപരിഹാരം
കോട്ടയ്ക്കൽ: ആറുവരിപ്പാതയ്ക്ക് നൽകിയപോലുള്ള ആകർഷകമായ നഷ്ടപരിഹാരമായിരിക്കും ഗ്രീൻഫീൽഡ് ഹൈവേക്കും ഭൂവുടമകൾക്ക് നൽകുക.
ഒരു സ്ഥലത്ത് ഏറ്റവും ഉയർന്ന വിലയ്ക്ക് ക്രയവിക്രയംചെയ്ത ഭൂമിയുടെ വില ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ നോക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുക. കെട്ടിടങ്ങൾക്കും മറ്റുവസ്തുക്കൾക്കും വേറേ പണമുണ്ട്. ഈ രീതിയിൽ നിശ്ചയിക്കുന്ന നഷ്ടപരിഹാരത്തുകയുടെ 100 ശതമാനം അധികത്തുകയാണ് നഷ്ടംസംഭവിക്കുന്നവർക്ക് നൽകുക. ഇങ്ങനെയുള്ള നഷ്ടപരിഹാരം ‘സൊലേഷ്യം’ എന്നാണ് അറിയപ്പെടുക. യാതനാസഹായം എന്നാണ് സൊലേഷ്യത്തിന്റെ അർഥം. ആറുവരിപ്പാതയ്ക്ക് ഒരു ഹെക്ടറിന്(2.47 ഏക്കർ) ശരാശരി 20 കോടി നഷ്ടപരിഹാരം നൽകിയിരുന്നു.
ലഭിച്ചത് 50-ൽ താഴെ പരാതികൾ
ഹൈവേയ്ക്കായി ഭൂമിയും കെട്ടിടങ്ങളും നൽകുന്നവർക്ക് പരാതി സമർപ്പിക്കാൻ വിജ്ഞാപനംവന്ന ജൂൺ ഒന്നുമുതൽ 21 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. കോഴിച്ചെനയിലെ ദേശീയപാതാവിഭാഗം ഓഫീസിൽ ഇതുവരെ ലഭിച്ചത് അമ്പതിൽത്താഴെ പരാതികൾ മാത്രമാണെന്ന് ഇതിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ സി. പത്മചന്ദ്രക്കുറുപ്പ് പറഞ്ഞു.
‘പരാതിപ്രവാഹം’ ഇല്ലാത്തത് ആറുവരിപ്പാതയിൽ നല്ല നഷ്ടപരിഹാരം ലഭിച്ചതിന്റെ അനുഭവം ജനങ്ങളുടെ മുന്നിലുള്ളതുകൊണ്ടാകാമെന്നാണ് ദേശീയപാതാവിഭാഗത്തിന്റെ വിലയിരുത്തൽ. എന്നാൽ ആറുവരിപ്പാതയുടെ കാര്യത്തിൽ അവസാനതീയതിയോടുപ്പിച്ചായിരുന്നു പരാതിയുടെ കുത്തൊഴുക്കുണ്ടായത്.
Content Highlights: palakkad - kozhikode Greenfield highway
Published: 10 Jun 2022, 10:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented