
കോഴിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ വീര്‍പ്പുമുട്ടലിന് ആശ്വാസമായിവന്ന ഗ്രീന്‍ഫീല്‍ഡ് ദേശീയപാത പണി ആരംഭിക്കുംമുന്‍പ് 'കുരുക്കി'ലേക്ക്. സ്ഥലം ഏറ്റെടുത്തു നല്‍കിയ തുകയുടെ വലിയഭാഗം തിരിച്ചുവാങ്ങാന്‍ തീരുമാനിച്ചതാണ് കുരുക്കിനിടവെക്കുന്നത്. 20 കോടിയിലേറെ രൂപ തിരിച്ചുപിടിക്കാനാണ് തീരുമാനം. ഇതിനെതിരേ നൂറിലേറെ സ്ഥലഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു.
121 കിലോമീറ്റര്‍ നീളത്തില്‍ ആറുവരിപ്പാതയായി രൂപകല്പനചെയ്ത ഹൈവേയില്‍ കോഴിക്കോട് ജില്ലയിലെ ആറരക്കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കലാണ് കുരുക്കിലേക്കു വഴിയൊരുക്കിയത്. 718 സ്ഥല ഉടമകളില്‍നിന്നായി 28 ഹെക്ടര്‍ ഭൂമിയാണ് പന്തീരാങ്കാവിനും വാഴക്കാടിനും ഇടയിലായി ഏറ്റെടുത്തത്. ഇതില്‍ 292 സ്ഥല ഉടമകള്‍ക്കാണ് ആദ്യഘട്ട നഷ്ടപരിഹാരമായി 188.7 കോടി രൂപ നല്‍കിയത്. ഈ തുക അനുവദിച്ച ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍തന്നെയാണ് പിന്നീട് രണ്ടുതവണയായി ഇത് കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്ഥലമേറ്റെടുക്കലിന്റെ ആര്‍ബിട്രേറ്റര്‍കൂടിയായ കളക്ടര്‍ ഇതിനുള്ള നടപടിയും ആരംഭിച്ചു. ഇതിന്റെഭാഗമായി പണം നല്‍കിയവരെ വിളിച്ചുവരുത്തി പ്രത്യേക സിറ്റിങ് നടത്തി സ്ഥലവില കുറച്ചവിവരം അറിയിക്കുകയും ചെയ്തു.
വില കുറച്ചത് മലപ്പുറവുമായുള്ള താരതമ്യം
മലപ്പുറം ജില്ലയിലുള്ള സ്ഥലഉടമകള്‍ക്ക് കോഴിക്കോട്ടെ സ്ഥലഉടമകള്‍ക്ക് ലഭിച്ചത്ര നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയെത്തുടര്‍ന്നാണ് എന്‍.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടര്‍ ഇക്കാര്യം പുനഃപരിശോധിച്ചത്. റവന്യൂ ഇന്‍സ്‌പെക്ടര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, തഹസില്‍ദാര്‍, ഡെപ്യൂട്ടി കളക്ടര്‍ തുടങ്ങിയ ഉദ്യോഗസ്ഥരെല്ലാം പരിശോധിച്ച് ഒടുവില്‍ ദേശീയപാത പ്രോജക്ട് ഓഫീസര്‍വരെ പരിശോധിച്ചതാണ് ഇപ്പോള്‍ പുനഃപരിശോധിക്കുന്നത്. ഈ താരതമ്യംചെയ്യല്‍ മറ്റുജില്ലകളിലെ സ്ഥലമെടുപ്പിനെയും ബാധിക്കുമെന്നതാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
ഒരുവര്‍ഷം ഇതിനകം വൈകി
2022 ഏപ്രില്‍ ആറിന് വിജ്ഞാപനം പുറത്തിറങ്ങിയ കോഴിക്കോട്ടെ ഭൂമി ഏറ്റെടുക്കല്‍ ആദ്യവര്‍ഷം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഒരു വിഭാഗത്തിന് നഷ്ടപരിഹാരം നല്‍കല്‍വരെയായെങ്കിലും പിന്നീട് കാര്യങ്ങള്‍ മുടന്തി.
പദ്ധതിയുടെ അടിസ്ഥാന വാല്വേഷന്‍ റിപ്പോര്‍ട്ട് (ബി.വി.ആര്‍.) പരിഷ്‌കരിച്ചിറക്കിയതോടെ കാര്യങ്ങള്‍ ആദ്യംമുതല്‍ ചെയ്യുന്ന അവസ്ഥയിലായി. 426 സ്ഥലഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന നടപടി ഉടന്‍ നടത്താനാണ് ആലോചന. അതിനുശേഷംമാത്രമേ പണം കൂടുതലായി നല്‍കിയെന്ന് പരാതിയുള്ളവരില്‍നിന്ന് അധികമുള്ളത് തിരിച്ചുവാങ്ങൂ.
Content Highlights: palakkad kozhikode greenfield highway
Published: 17 Jul 2024, 09:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented