കോഴിക്കോട്: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.വി. ദിവ്യയ്ക്കെതിരായ പരാതിയുടെ അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എംഡി മുഹമ്മദ് ആസിഫിൽ നിന്ന് വിജിലൻസ് മൊഴിയെടുക്കുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് മൊഴിയെടുക്കുന്നത്‌. രാവിലെ പത്തരയോടെയാണ് മൊഴി നൽകാനായി മുഹമ്മദ് ആസിഫ് ഹാജരായത്. വിജിലൻസ് ഡിവൈഎസ്പിയാണ് മൊഴി രേഖപ്പെടുത്തുന്നത്.

To advertise here,

കണ്ണൂർ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട നിർമാണ കരാറുകളും അതിന്റെ രേഖകളും ജി.എസ്.ടി. രേഖകളുമാണ് ഹാജരാക്കാൻ ആവശ്യപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി മാങ്ങാട്ടുപറമ്പിലെ കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ വിജിലൻസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ തുടർച്ചയാണ് മൊഴിയെടുക്കൽ.

12 കോടിയുടെ പദ്ധതി നടപ്പാക്കിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തിലാണ് വിജിലൻസ് പരിശോധന. നേരത്തേ ജില്ലാ പഞ്ചായത്ത് ഓഫീസിലും സിൽക്കിലും വിജിലൻസ് പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. കാർട്ടൺ ഇന്ത്യ കമ്പനിക്ക് കരാർ നൽകിയ പദ്ധതികളുടെ അഞ്ച് പ്രധാന ഫയലുകളാണ് അന്ന് കസ്റ്റഡിയിലെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് 'സിൽക്ക്' മുഖേനയാണ് കാർട്ടൺ ഇന്ത്യയ്ക്ക് കരാറുകൾ നൽകിയത്. വിജിലൻസ് ഉത്തരമേഖലാ എസ്.പി.ക്കാണ് അന്വേഷണച്ചുമതല. പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാർട്ടൺ ഇന്ത്യ അലൈസിന് 12 കോടിയിലധികം രൂപയുടെ കരാറുകൾ നൽകിയതിന് പിന്നിൽ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം.

ദിവ്യയുടെ ബിനാമി കമ്പനിയാണ് കാർട്ടൺ ഇന്ത്യയെന്നും വഴിവിട്ട് ഈ കമ്പനിക്ക് കരാറുകൾ നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്നും കാട്ടി കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് വിജിലൻസിന് പരാതി നൽകിയത്.