മലപ്പുറം: കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന മോട്ടോർവാഹന നിയമലംഘനം കണ്ടെത്തി അവർക്കെതിരേ സാമൂഹികപശ്ചാത്തല റിപ്പോർട്ട് (എസ്.ബി.ആർ.) രജിസ്റ്റർചെയ്ത് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബോധവത്കരണം നൽകാൻ പോലീസിനും മോട്ടോർവാഹന വകുപ്പിനും കർശന നിർദേശം.
ബാലാവകാശ കമ്മിഷന്റെ ജില്ലാ കർത്തവ്യവാഹകരുടെ യോഗത്തിലാണ് നിർദേശം. അത്തരത്തിലുള്ള കുട്ടികളെ കാവൽ പോലുള്ള പദ്ധതികളിൽ ഉൾപ്പെടുത്തണം.
ജില്ലയിലെ ട്രൈബൽ മേഖലയിലെ വീടുകളിൽ നടക്കുന്ന പ്രസവം സംബന്ധിച്ചും വാക്സിനേഷൻ എടുക്കാതെ കുട്ടികൾക്ക് ജീവൻ നഷ്ടമായ സംഭവങ്ങളിലും ബോധവത്കരണം നൽകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തുടർനടപടി സ്വീകരിക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് കമ്മിഷൻ നിർദേശം നൽകി.
സ്വകാര്യതയും അന്തസ്സും ഉറപ്പുവരുത്തി കുട്ടികൾക്ക് കൗൺസലിങ് നൽകാൻ മതിയായ ഭൗതികസാഹചര്യം സ്കൂളുകളിൽ ഒരുക്കാൻ വിദ്യാഭ്യാസവകുപ്പ് നടപടികൾ സ്വീകരിക്കണം. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ചൈൽഡ് വെൽഫെയർ പ്രൊട്ടക്ഷൻ കമ്മിറ്റികൾ ശാക്തീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശിശുസംരക്ഷണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ തദ്ദേശ സ്വയംഭരണ ഡെപ്യൂട്ടി ഡയറക്ടർക്ക് കമ്മിഷൻ നിർദേശം നൽകി. വിവിധ വകുപ്പുകളുടെ ഏകോപനത്തിനും കൂട്ടായ തീരുമാനങ്ങൾക്കും ജില്ലാതല ഉദ്യോഗസ്ഥന്മാർ നേതൃത്വംനൽകണം.
കമ്മിഷൻ ആക്ടിങ് ചെയർപേഴ്സൺ സിസിലി ജോസഫ് വിഷയാവതരണം നടത്തി. കമ്മിഷൻ അംഗം അഡ്വ. പി. ഷാജേഷ് ഭാസ്കർ യോഗം നിയന്ത്രിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ എ. മമ്മു, ജെ.ജെ.ബി. അംഗം ശ്രീജ പുളിക്കൽ, ഡെപ്യൂട്ടി കളക്ടർ പ്രീത പ്രതാപൻ, ജില്ലാ വനിതാ ശിശു ഓഫീസർ എസ്.എൽ. ശ്യാം ശങ്കർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.എൻ. ധന്യ എന്നിവർ പങ്കെടുത്തു.
ഒരാഴ്ചയ്ക്കിടെ 453 കുട്ടി ഡ്രൈവർമാർ; 220പേർ മലപ്പുറത്തുനിന്ന്
പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നടപടി നേരിട്ടത് 453 പേർ. ഇതിൽ 220 കേസുകളും മലപ്പുറം ജില്ലയിൽ.
നവംബർ രണ്ട് മുതൽ എട്ട് വരെ സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് കുട്ടി ഡ്രൈവർമാർ പിടിയിലായത്. വിവിധ ജില്ലകളിലായി 99,181 വാഹനങ്ങൾ പോലീസ് പരിശോധിച്ചു.
മലപ്പുറത്തിന് പിന്നിൽ കൊല്ലം 59, കണ്ണൂർ സിറ്റി 48 എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്. തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ 22 വീതവും കണ്ണൂർ റൂറലിൽ 15 കേസുകളും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം റൂറലിൽ 10, കോഴിക്കോട് റൂറലിൽ ഒൻപത്, ആലപ്പുഴയിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം, കോട്ടയത്ത് നാല്, കൊച്ചി സിറ്റിയിൽ മൂന്ന് എന്നിങ്ങനെയാണ് മറ്റു പൊലീസ് ജില്ലകളിലെ കണക്ക്.
കൊച്ചി ചേരാനല്ലൂരിലെ സംഭവത്തെത്തുടർന്നാണ് പോലീസ് പരിശോധന ശക്തമാക്കിയത്. കൂടുതൽ വാഹനങ്ങൾ പരിശോധിച്ചത് കൊച്ചി നഗരത്തിലാണ് -10,961 എണ്ണം.
ലൈസൻസില്ലാതെ കുട്ടികൾ വാഹനം ഓടിക്കുന്നത് മാത്രമല്ല, അവർക്ക് വാഹനങ്ങൾ കൈമാറുന്നതും നിയമ ലംഘനമാണ്. വാഹനങ്ങളുടെ എളുപ്പത്തിലുള്ള നിയന്ത്രണ സംവിധാനങ്ങൾ, പ്രത്യേകിച്ച് ഓട്ടോമാറ്റിക് വാഹനങ്ങളുടെ ഉപയോഗം, വീഡിയോ ഗെയിമുകളിലെ ഡ്രൈവിങ് അനുഭവങ്ങൾ എന്നിവ കുട്ടികളിൽ വാഹനമോടിക്കാനുള്ള താത്പര്യം വർധിപ്പിക്കുന്നതായി മനഃശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Published: 20 Nov 2026, 07:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented