തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരതക്കോൺ നിലവറ എന്നറിയപ്പെടുന്ന ബി നിലവറ തുറന്ന് കണക്കെടുക്കില്ല. ഭരണസമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധി ഇങ്ങനെ ഒരു ആലോചന മുന്നോട്ട് വെച്ചെങ്കിലും ഇത് പരിഗണിക്കാൻ ഇടയില്ല. സമിതിയിലെ മറ്റ് അംഗങ്ങളെല്ലാം ഇതിന് എതിരാണ്.

To advertise here,

ബി നിലവറ തുറക്കാൻ ശ്രമിച്ചാൽ ഭക്തരുടെ ഭാഗത്ത് നിന്ന് ശക്തമായ എതിർപ്പുണ്ടാകും. ഇപ്പോൾ തന്നെ വിവിധ ഭക്തജന സംഘടനകൾ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. സുപ്രീംകോടതി നിർദേശിച്ച തരത്തിലുള്ള അഞ്ചംഗ ഭരണസമിതിക്കാണ് ക്ഷേത്രത്തിന്റെ ഭരണം.

സമിതിയുടെ ചെയർമാൻ അഡീഷണൽ ജില്ലാ ജഡ്ജി കെ.പി.അനിൽകുമാറാണ്. തിരുവിതാകൂർ രാജകുടുംബാംഗം പ്രതിനിധി ആദിത്യവർമ്മ, കേന്ദ്രസർക്കാർ പ്രതിനിധി കരമന ജയൻ, സംസ്ഥാന സർക്കാർ പ്രതിനിധി വേലപ്പൻ നായർ, തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരി എന്നിവരാണ് മറ്റംഗങ്ങൾ.

നിലവറ തുറക്കുന്ന കാര്യം പരിഗണനയിലേയില്ല എന്ന് കരമന ജയൻ പറഞ്ഞു. രാജകുടുംബവും തന്ത്രിയും നിലവറ തുറക്കരുതെന്ന് സുപ്രീംകോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്‌. അതിനാൽ ഭരണ സമിതിയിൽ സംസ്ഥാന സർക്കാർ പ്രതിനിധി വേലപ്പൻനായരുടെ നിർദേശത്തോട് ആരും യോജിക്കില്ല. ഇനി ഒരു ചർച്ചയും ആവശ്യമില്ലെന്നാണ് ഇവരുടെ നിലപാട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരവുമായി ബന്ധപ്പെട്ടതാണ് നിലവറയെന്നും ഇത് തുറക്കുന്നത് ആചാരവിരുദ്ധമാെണന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ആചാരപരമായ കാര്യങ്ങളിൽ ക്ഷേത്രം തന്ത്രിയാണ് തീരുമാനമെടുക്കുന്നത്.

സുപ്രീംകോടതി ബി നിലവറ തുറക്കുന്ന കാര്യം ഭരണസമിതിയുടെ തീരുമാനത്തിന് വിട്ടതാണ്. നിലവിൽ ഇത് തുറക്കേണ്ട യാതൊരു സാഹചര്യവും ഇല്ല. ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപവും ലക്ഷദീപവും അടക്കമുള്ള പ്രധാന ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾക്കിടയിൽ വിവാദം ഉണ്ടാക്കുന്നത് മനഃപൂർവമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.