തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് വൈരനാമവും സ്വർണവിളക്കും കാണാതായെന്ന പോലീസ് റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്നും റിപ്പോർട്ട് നൽകിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഭരണസമിതി അറിയിച്ചു.
ക്ഷേത്രത്തിൽ സുരക്ഷാവീഴ്ചയുണ്ടെന്നും നടവരവായി ലഭിച്ച സ്വർണം ഉൾപ്പെടെ 78 ഗ്രാം സ്വർണം കാണാതായെന്നും പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിലെ എ.ഡി.ജി.പി. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന ’വൈരനാമം’ തിരികെ എത്തിച്ചിട്ടില്ല. പല തട്ടുകളുള്ള സ്വർണവിളക്ക് അറ്റകുറ്റപ്പണിക്കെന്ന പേരിൽ കൊണ്ടുപോയി. രാജകുടുംബവുമായി ബന്ധമുള്ളവർ സുരക്ഷാപരിശോധനകൾ കൂടാതെ ക്ഷേത്രത്തിൽ പ്രവേശിക്കുകയും പുറത്തേക്കു പോകുകയും ചെയ്യുന്നുവെന്നുമാണ് പോലീസ് റിപ്പോർട്ടിലുള്ളത്. കഴിഞ്ഞ ദിവസം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച ക്ഷേത്രഭരണസമിതി യോഗം കൂടി സ്ഥിതി വിലയിരുത്തിയത്.
പോലീസിന്റെ റിപ്പോർട്ട് ഭരണസമിതിക്ക് ലഭിച്ചിരുന്നു. തുടർന്ന് സത്യാവസ്ഥ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഭരണസമിതിയുടെ നിർദേശാനുസരണം നടത്തിയ പരിശോധനയുടെയും രേഖകളുടെ അവലോകനത്തിന്റെയും അടിസ്ഥാനത്തിൽ എക്‌സി. ഓഫീസർ ഭരണസമിതിക്ക് റിപ്പോർട്ട് നൽകി. നഷ്ടപ്പെട്ടതായി പോലീസ് റിപ്പോർട്ടിൽ പരാമർശിക്കുന്ന വൈരനാമം, സ്വർണവിളക്ക് എന്നിവ ശ്രീകോവിലിനുള്ളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭരണസമിതി ചെയർമാൻ ജില്ലാ ജഡ്ജി ഉൾപ്പെടെയുള്ള സമിതി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യഥാസമയം ഇവ ഓഡിറ്റിന് വിധേയമാക്കുന്നതായും ഭരണസമിതി അറിയിച്ചു. ചെമ്പകത്തിൻമൂട് വഴി ക്ഷേത്രസ്ഥാനിയും രാജകുടുംബാംഗങ്ങളും മാത്രമേ ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുന്നുള്ളൂ. കേരള പോലീസിന്റെ സുരക്ഷാവിഭാഗത്തിന്റെ പരിശോധന കടന്നാണ് ഭക്തരും ജീവനക്കാരും അതിഥികളും ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്. സുരക്ഷാപരിശോധനയില്ലെന്ന പോലീസ് റിപ്പോർട്ട് തെറ്റാണെന്നും അധികൃതർ അറിയിച്ചു.
Content Highlights: Temple administration rejects police report regarding missing gold and Vairanam., Internal audit confirms all gold items are securely stored in the sanctum sanctorum., Temple authorities debunk claims of security lapses for royal family members., Regular audits are conducted to ensure transparency of temple assets.
Published: 30 May 2026, 07:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented