കാഞ്ഞങ്ങാട്: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ പഞ്ചഗവ്യത്ത് നമ്പിയായി മടിക്കൈ മേക്കാട്ട് പദ്മനാഭ പട്ടേരിയെ (വാരിക്കാട്ട് വാസുദേവൻ പദ്മനാഭൻ) തിരഞ്ഞെടുത്തു. വെള്ളിയാഴ്ച കവടിയാർ കൊട്ടാരത്തിൽ വെച്ച് മൂലം തിരുനാൾ രാമവർമ രാജാവിനെ നേരിൽ കണ്ട് അദ്ദേഹം ഔദ്യോഗികമായി പട്ടേരി സ്ഥാനം സ്വീകരിച്ചു. ഉടൻ തന്നെ അദ്ദേഹം പഞ്ചഗവ്യത്ത് നമ്പിയായി ക്ഷേത്രത്തിൽ ചുമതലയേൽക്കുന്നതാണ്. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന സ്ഥാനങ്ങളായ തിരുവമ്പാടി നമ്പി (കൃഷ്ണ ഭഗവാൻ), തെക്കേടത്ത് നമ്പി (നരസിംഹ മൂർത്തി) എന്നീ പദവികൾ വഹിച്ച ശേഷമാണ് അദ്ദേഹം പഞ്ചഗവ്യത്ത് നമ്പിയായി ചുമതലയേൽക്കുന്നത്.

To advertise here,

പുല്ലൂർ യോഗസഭയാണ് നമ്പിമാരെ നിശ്ചയിക്കുന്നത്. പദ്മനാഭ പട്ടേരി മുൻപ് 2011 മുതൽ 2015 വരെ തിരുവമ്പാടി നമ്പി സ്ഥാനവും 2021 മുതൽ 2025 ഫെബ്രുവരി വരെ തെക്കേടത്ത് നമ്പി സ്ഥാനവും അദ്ദേഹം നിർവ്വഹിച്ചിരുന്നു. നിലവിലുള്ള പെരിയ നമ്പി സ്ഥാനമൊഴിയുന്നതോടെ, പഞ്ചഗവ്യത്ത് നമ്പി സ്ഥാനത്ത് നിന്നും പെരിയ നമ്പി എന്ന ഏറ്റവും ഉയർന്ന പദവിയിലേക്ക് അദ്ദേഹത്തിന് സ്വാഭാവികമായ സ്ഥാനലബ്ധി ഉണ്ടാകും.

കാർഷിക കുടുംബത്തിൽ ജനിച്ച പദ്മനാഭ പട്ടേരി പൊളിറ്റിക്സിൽ ബിരുദദാരിയാണ്. തിരുവങ്ങാട്ട് ശ്രീരാമസ്വാമി ക്ഷേത്രം, കുമരനെല്ലൂർ ദേവീക്ഷേത്രം, മള്ളിയൂർ മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ദേവോപാസന നടത്തിയിട്ടുണ്ട്. കോട്ടയം എലവനാട്ട് ഇല്ലത്ത് ശ്രീല അന്തർജനമാണ് ഭാര്യ. കൽപ്പു ദേവ്, ശ്രീകർ, ജാന്യവിലക്ഷ്മി എന്നിവർ മക്കളാണ്.