തലശ്ശേരി: ചിറ്റാരിപ്പറമ്പ് ചുണ്ടയിലെ സിപിഎം പ്രവർത്തകൻ ഓണിയൻ പ്രേമനെ(45) കൊലപ്പെടുത്തിയ കേസിൽ ഒൻപത് ആർഎസ്എസ്-ബിജെപി പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കണ്ടെത്തി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദ് വെറുതേവിട്ടു. 10 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
കണ്ണവം ചെറുവത്തുമീത്തൽ ശൈലേഷ് നിവാസിൽ സി.സജേഷ് (36), പേരാവൂർ വെള്ളർവള്ളി ഓളോക്കാരൻ ഹൗസിൽ ടി.പ്രജീഷ് (37), കണ്ണവം ഞാലിൽ നാരായണി വിഹാറിൽ ഇഞ്ചിക്കണ്ടി നിഷാന്ത് (47), കണ്ണവം ശ്രീനാരായണമഠത്തിന് സമീപം പന്നിയോടൻ ഹൗസിൽ പി.ലിജിൻ (35), കണ്ണവം പഴശ്ശിമുക്ക് വിനീഷ് ഭവനിൽ മണപ്പാടി വിനീഷ് (44), മാനന്തേരി കളരിക്കൽ ഹൗസിൽ സി.രജീഷ് (36), കണ്ണവം ശിവജി നഗർ തൈക്കണ്ടി ഹൗസിൽ എൻ.നിഖിൽ (31), കണ്ണവം ശിവജി നഗർ പാറേമ്മൽ ഹൗസിൽ രഞ്ചയ് രമേശ് (30), കണ്ണവം ശ്രീനാരായണ മഠത്തിന് സമീപം രഞ്ജിത്ത് നിവാസിൽ സി.വി.രഞ്ജിത്ത് (40) എന്നിവരെയാണ് വെറുതേവിട്ടത്. കേസിൽ രണ്ടാംപ്രതിയായിരുന്ന എബിവിപി നേതാവ് കണ്ണവത്തെ കെ.വി.ശ്യാമപ്രസാദിനെ 2018-ൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നു.
2015 ഫെബ്രുവരി 25-ന് രാത്രി 9.15-നാണ് കേസിനാസ്പദമായ സംഭവം. കള്ളുഷാപ്പ് തൊഴിലാളിയായ പ്രേമൻ ഷാപ്പടച്ച് വീട്ടിലേക്ക് പോകവെ ചിറ്റാരിപ്പറമ്പ് ടൗണിൽ കാറിലും ബൈക്കിലുമെത്തിയവരാണ് ആക്രമിച്ചത്. ഇരുകാലുകളിലും വെട്ടിപ്പരിക്കേൽപ്പിച്ചതിനെത്തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ച പ്രേമൻ 26-ന് രാവിലെ മരിച്ചു. രാഷ്ട്രീയവിരോധത്താൽ ഗൂഢാലോചന നടത്തി ആക്രമിച്ചെന്നാണ് കേസ്. എഫ്‌ഐആറിൽ പേര് ചേർത്ത ഏഴുപേരിൽ ആറുപേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‍പി വി.കെ.വിശ്വനാഥൻ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.
നാർക്കോട്ടിക് ഡിവൈഎസ്‍പി വിശ്വനാഥൻ, കൂത്തുപറമ്പ് സിഐ പ്രേംസദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. യുഎപിഎ വകുപ്പ് ചേർത്താണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്റെ അന്തിമഘട്ടത്തിൽ യുഎപിഎ വകുപ്പ് നിലനിൽക്കില്ലെന്ന് കണ്ട് കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കി.
പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ പി.എസ്.ഈശ്വരൻ, പി.പ്രേമരാജൻ, ടി.സുനിൽകുമാർ എന്നിവർ ഹാജരായി.
Published: 27 Sept 2025, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented