തൃശൂര്‍;  പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതാണ് കണ്ണൂര്‍ വൈസ് ചാന്‍സിലറുടെ പുനര്‍നിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതി വിധി. യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വി.സിയെ നിയമിച്ചത്. വി.സിക്ക് വേണ്ടി ചാന്‍സലറായ ഗവര്‍ണര്‍ക്ക് പ്രോ ചാന്‍സിലറായ മന്ത്രി കത്തെഴുതിയത് നിയമവിരുദ്ധമാണ്. വി.സി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെടാന്‍ പാടില്ല. കത്തെഴുതുക മാത്രമല്ല, പ്രായപരിധി കഴിഞ്ഞയാള്‍ക്ക് നിയമവിരുദ്ധമായി നിയമനം നല്‍കുകയും ചെയ്തു. ഇതാണ് സുപ്രീം കോടതി റദ്ദാക്കിയത്. 

To advertise here,

നിയമവിരുദ്ധ വി.സി നിയമനത്തില്‍ അനാവശ്യമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന ഗുരുതരമായ കണ്ടെത്തലും വിധിയിലുണ്ട്. ഈ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ഇന്നു തന്നെ രാജിവച്ച് പുറത്ത് പോകണം. യു.ജി.സി മാനദണ്ഡങ്ങളും യൂണിവേഴ്സിറ്റി ആക്ടും ലംഘിച്ച് പ്രോ വി.സി കൂടിയായ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ സര്‍വകലാശാലകളുടെ സ്വയംഭരണ അവകാശത്തില്‍ അനാവശ്യ ഇടപെടലാണ് നടത്തിയത്. 

ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ച് നടത്തിയ ഗൂഢാലോചനയാണ് ഇതെന്നും ഗവര്‍ണര്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നുമുള്ള ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നാണ് സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. സര്‍വകലാശാലകളെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകളാക്കി സര്‍ക്കാര്‍ അധപതിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള മുന്നറിയിപ്പും താക്കീതുമാണ് സുപ്രീം കോടതിയില്‍ നിന്നും കിട്ടിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു