തിരുവനന്തപുരം: സംസ്ഥാനത്തെ മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിലാണ് 'ഓപ്പറേഷന്‍ വെറ്റ് സ്‌കാന്‍' എന്ന പേരിൽ ഒരേസമയം മിന്നൽ പരിശോധന നടന്നത്. ബുധനാഴ്ച രാവിലെ 11 മണി മുതൽ നടന്ന പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. 

To advertise here,

ഡ്യൂട്ടി സമയത്ത് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു,  സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും വാങ്ങി ഡോക്ടര്‍മാര്‍ കൂടിയ വിലയ്ക്ക് മൃഗാശുപത്രികള്‍ മുഖേന വില്‍ക്കുന്നു, സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നുകളും വാക്‌സിനുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതായി വ്യാജമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോള്‍ വിതരണം ചെയ്ത് പണം കൈപ്പറ്റുന്നു,തുടങ്ങി വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. സംസ്ഥാനത്തെ തിരഞ്ഞെടുത്ത മൃഗാശുപത്രികളിലായിരുന്നു പരിശോധന. 

പരിശോധനയിൽ മിക്ക മൃഗാശുപത്രികളിലും മരുന്നുകള്‍ സ്‌റ്റോക്ക് രജിസ്റ്റര്‍ പ്രകാരമല്ല സൂക്ഷിക്കുന്നതെന്ന് കണ്ടെത്തി. ചില മൃഗാശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകൾ സൂക്ഷിക്കുന്നു. ചില ഉദ്യോഗസ്ഥര്‍ പുറത്ത് നിന്നും മരുന്ന് വാങ്ങി ആശുപത്രികള്‍ വഴി വില്‍ക്കുന്നു. പല മൃഗാശുപത്രികളിലും മരുന്ന് വിതരണത്തിനായും മറ്റും സൂക്ഷിക്കേണ്ട വിതരണ രജിസ്റ്റര്‍, വാക്‌സിനേഷന്‍ രജിസ്റ്റര്‍, തുടങ്ങിയ പല രജിസ്റ്ററുകളിലും ഉപഭോക്താക്കളുടെ മേല്‍വിലാസമോ വിശദ വിവരങ്ങളോ, എഴുതുന്നില്ലായെന്നും വിജിലന്‍സ് കണ്ടെത്തി.

കണ്ണൂര്‍ ജില്ലയിലെ അലക്കോട് വെറ്റിനറി ആശുപത്രിയില്‍ സ്‌റ്റോക്കുള്ള മരുന്ന് കര്‍ഷകനെ കൊണ്ട് പുറത്ത് നിന്നും വിലകൊടുത്ത് വാങ്ങിപ്പിച്ചതായി കണ്ടെത്തി. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാംപാറ സ്‌റ്റോക്ക് രജിസ്റ്ററില്‍ ഇല്ലാത്ത മരുന്നുകള്‍ പുറത്ത് നിന്നും വാങ്ങി കൂടുതല്‍ വിലക്ക് വില്‍ക്കുന്നതായി കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ വക്കം മൃഗാശുപത്രിയില്‍ സര്‍ക്കാര്‍ വിതരണം ചെയ്യാത്ത മരുന്നുകള്‍ വാങ്ങി സൂക്ഷിച്ചിരിക്കുന്നതായും, കോഴിക്കോട് ജില്ലയിലെ കൊടുവള്ളി വെറ്റിനറി ആശുപത്രിയില്‍ 65 ഇനം മരുന്നുകള്‍ സ്‌റ്റോക്ക് രജിസ്റ്ററില്‍ ഉള്‍പ്പെടുത്താതെ വിതരണം ചെയ്യുന്നതായും കണ്ടെത്തി.

മലപ്പുറം ജില്ലയിലെ മുതുവല്ലൂരില്‍ സ്വകാര്യ ഫാര്‍മസിയില്‍ നിന്നും മരുന്ന് വാങ്ങിയതായി സ്‌റ്റോക്ക് രജിസ്റ്റര്‍ കാണിച്ചിട്ടുണ്ടെങ്കിലും മരുന്ന്  വാങ്ങിയിട്ടില്ലായെന്ന് കണ്ടെത്തി. എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ നീതി സ്‌റ്റോറില്‍ നിന്നും വാങ്ങിയ മരുന്നുകള്‍ സ്‌റ്റോക്കില്‍ ചേര്‍ക്കാതെയും ബില്ല് ഇല്ലാതെയും സൂക്ഷിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി.

വയനാട് ജില്ലയിലെ പുല്പള്ളി, കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, കൊല്ലം ജില്ലയിലെ  അഞ്ചല്‍, ഇടുക്കി ജില്ലയിലെ പെരുവന്താനം, കോട്ടയം ജില്ലയിലെ പാല പോളി ക്ലിനിക്ക്‌, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാംപാറ എന്നിവിടങ്ങളില്‍ ഡോക്ടറുടെ മുറിയിലും മറ്റ് ഉദ്ദ്യോഗസ്ഥരുടെ മുറികളിലും സ്വകാര്യ ഫാര്‍മസികളില്‍ നിന്നും വാങ്ങിയ മരുന്നുകളും സാമ്പിള്‍ മരുന്നുകളും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.

കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍, തൃപ്പങ്ങോട്ടൂര്‍, അലക്കോട്, കാസര്‍കോട് ജില്ലയിലെ ഉദുമ, കുറ്റിക്കോല്‍, കൊന്നക്കാല്‍ ബളാലില്‍, തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, ആട്ടുകാല്‍, പെരുങ്കിടവിള, വക്കം, പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍, മല്ലപ്പള്ളി, ഇടുക്കി ജില്ലയിലെ ഏലപ്പാറ, കോട്ടയം ജില്ലയിലെ കാണക്കാരി, മേല്‍മുറി, പാല പോളി ക്ലീനിക്ക്, ആലപ്പുഴ ജില്ലയിലെ നൂറനാട്, മൂവാറ്റുപുഴ, പാലക്കാട് ജില്ലയിലെ മുതലമട, കൊഴിഞ്ഞാംപാറ, തിരുവാന്‍കുളം, പാലക്കാട് ജില്ലാ മൃഗാശുപത്രി, വയനാട് ജില്ലയിലെ കേണിച്ചിറ, കോഴിക്കോട് ജില്ലയിലെ  കുന്നമംഗലം,  ജില്ല വെറ്റിനറി സെന്റര്‍, കൊയിലാണ്ടി, മലപ്പുറം ജില്ലയിലെ മുതുവല്ലൂര്‍, എറണാകുളം ജില്ലയിലെ കാലടി, പെരുമ്പാവൂര്‍, കൊല്ലം ജില്ലയിലെ അഞ്ചല്‍, ജില്ല വെറ്റിനറി കേന്ദ്രം, കൊട്ടാരക്കര എന്നീ മൃഗാശുപത്രികളില്‍  സ്‌റ്റോക്ക് രജിസ്റ്റര്‍ പ്രകാരമല്ലാതെ പല മരുന്നുകളും സൂക്ഷിച്ചിരിക്കുന്നതായി പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തി.

കോട്ടയം ജില്ലയിലെ മേല്‍മുറിയില്‍ പോസ്റ്റുമോര്‍ട്ടം രജിസ്റ്റര്‍ 1999 ഒക്ടോബറിന് ശേഷം യാതൊന്നും രേഖപ്പെടുത്തിയിട്ടില്ല. ആലപ്പുഴ ജില്ലയിലെ നൂറനാട്, എറണാകുളം ജില്ലയിലെ കാലടി, മൂവാറ്റുപുഴ, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളില്‍ രജിസ്റ്ററുകള്‍ കൃത്യമായി പരിപാലിക്കുന്നില്ല. കോട്ടയം ജില്ലയിലെ കാണക്കാരിയില്‍ വാക്‌സിനേഷന്‍ രജിസ്റ്ററും, വാക്‌സിനേഷൻ സ്‌റ്റോക്ക് രജിസ്റ്ററും തമ്മില്‍ വ്യത്യാസമുള്ളതായും വിജിലന്‍സ് കണ്ടെത്തി.

കണ്ണൂര്‍ ജില്ലയിലെ  കടവത്തൂര്‍, തൃപ്പങ്ങോട്ടൂര്‍, കാസര്‍കോട് ജില്ലയിലെ ഉദുമ, കുറ്റിക്കോല്‍, കോഴിക്കോട് ജില്ല വെറ്റിനറി സെന്റര്‍, മലപ്പുറം ജില്ലയിലെ തിരുനാവായ, തിരുവനന്തപുരം ജില്ലയിലെ  പെരുങ്കിടവിള, ഇടുക്കി ജില്ലയിലെ മുള്ളരിങ്കാട്, കോട്ടയം ജില്ലയിലെ മുളക്കുളം, കാണക്കാരി, ആലപ്പുഴ ജില്ലാ മൃഗാശുപത്രി, എറണാകുളം ജില്ലയിലെ  കാലടി, പാലക്കാട് ജില്ലയിലെ മുതലമട, കൊഴിഞ്ഞാംപാറ എന്നിവിടങ്ങളില്‍ ചില ഉദ്യോഗസ്ഥര്‍ കൃത്യമായി ലീവ് രേഖപ്പെടുത്താതെയും ഹാജര്‍ രേഖപ്പെടുത്താതെയും പുറത്തേക്ക് പോകുമ്പോള്‍ രേഖപ്പെടുത്തേണ്ട മൂവ്‌മെന്റ് രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്താതെയും പുറത്ത്‌ പോകുന്നതായും വിജിലന്‍സ് കണ്ടെത്തി.

തൃശ്ശൂര്‍ ജില്ലയിലെ കുന്നുംകുളം, എറണാകുളം ജില്ലയിലെ   നോര്‍ത്ത് കണ്ണൂര്‍ ജില്ലയിലെ  അലക്കോട്, വയനാട് ജില്ലയിലെ   മീനങ്ങാടി, കോഴിക്കോട് ജില്ലയിലെ   കുന്ദമംഗലം , മലപ്പുറം ജില്ലയിലെ   മഞ്ചേരി പോളി ക്ലീനിക്ക്, കോട്ടയം ജില്ലയിലെ   കൊട്ടാരക്കര, പാല പോളി ക്ലീനിക്ക്,  ആലപ്പുഴ ജില്ലയിലെ  നൂറനാട്, ചേര്‍ത്തല സൗത്ത്, ജില്ലാ മൃഗാശുപത്രി, എറണാകുളം ജില്ലയിലെ കാലടി, മൂവാറ്റുപുഴ,  കോതമംഗലം, ഇടപ്പളളി, പാലക്കാട് ജില്ലയിലെ മുതലമട, ജില്ലാ മൃഗാശുപത്രി, എന്നിവിടങ്ങളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്നതായി വിജിലന്‍സ് കണ്ടെത്തി.

കണ്ണൂര്‍ ജില്ലയിലെ അലക്കോട് വെറ്റിനറി ആശുപത്രിയിലെ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസിന്  ആശുപത്രിയിലെ മരുന്ന് ഉപയോഗിച്ചിട്ടുള്ളതായും കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ ആടിന് മരുന്ന് വിതരണം ചെയ്തിട്ടുള്ളതായി രജിസ്റ്ററില്‍ കാണിച്ചിട്ടുള്ളത്  പ്രകാരം കാണിച്ചിട്ടുള്ള വിലാസത്തിലെ ഫോണ്‍ നമ്പരില്‍  വിളിച്ച് ചോദിച്ചപ്പോൾ ഉപഭോക്താവിന് ആടില്ലെന്ന മറുപടിയാണ് ലഭിച്ചത്.

പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാംപാറയില്‍ അറ്റന്‍ഡറില്‍ നിന്നും കണക്കില്‍ പെടാത്ത 8,280 രൂപയും, തൃശ്ശൂര്‍ ജില്ലയിലെ മാമംഗലത്ത് അഞ്ച് ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്താത്ത 19,271 രൂപയും, കൊല്ലം ജില്ലാ വെറ്റിനറി കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ ക്യാഷ് രജിസ്റ്ററില്‍ രേഖപ്പെടുത്താത്ത 7,871 രൂയും വിജിലന്‍സ് കണ്ടെത്തി. കൊല്ലം ജില്ലയിലെ അഞ്ചല്‍ മൃഗാശുപത്രിയില്‍ ഫീസായി ലഭിക്കുന്ന തുക കൃത്യമായി ട്രഷറിയില്‍ അടയ്ക്കാതിരിക്കുന്നതായും, ആലപ്പുഴ ജില്ലയിലെ നൂറനാട് മൃഗാശുപത്രിയില്‍ ഒരു മാസം ലഭിക്കുന്ന തുക അതത് ദിവസമോ അടുത്ത പ്രവൃത്തി ദിവസമോ അടക്കാതെ മാസാവസാനം ഒരുമിച്ചാണ്  ട്രഷറിയില്‍ അടയ്ക്കുന്നതെന്നും ഇന്നലെ നടന്ന മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തി. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാംപാറ മൃഗാശുപത്രിയിലെ ഉദ്യോഗസ്ഥര്‍ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളിലെ മരുന്നുകള്‍ കുറഞ്ഞ വിലക്ക് വാങ്ങി കൂടിയ വിലക്ക് വില്‍ക്കുന്നതായും, ഗൂഗിള്‍പേ വഴി പണമിടപാടുകള്‍ നടത്തുന്നതായും വിജിലന്‍സ് കണ്ടെത്തി.

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ എട്ട് വീതവും, കോട്ടയം ജില്ലയില്‍ അഞ്ചും പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നാല് വീതവും മറ്റ് ജില്ലകളില്‍ മൂന്ന് വീതവും ഉള്‍പ്പടെ ആകെ 56 മൃഗാശുപത്രികളിലാണ് മിന്നല്‍ പരിശോധന നടത്തിയത്.

 വിജിലന്‍സ് ഡയറക്ടര്‍ ടി.കെ. വിനോദ് കുമാറിന്റെ ഉത്തരവ് പ്രകാരമായിരുന്നു മിന്നൽ പരിശോധന. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഹര്‍ഷിത അത്തല്ലൂരിയുടെ മേല്‍നോട്ടത്തിൽ പോലീസ് സൂപ്രണ്ട് (ഇന്റ്) ഇ.എസ്.ബിജുമോന്‍ പരിശോധനയ്ക്ക് നേതൃത്വം നൽകി. സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും മിന്നൽ പരിശോധനയിൽ പങ്കെടുത്തു.

പരിശോധനയില്‍ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് മേല്‍നടപടികള്‍ക്കായി സര്‍ക്കാരിന് നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി.കെ. വിനോദ്‍കുമാര്‍ അറിയിച്ചു. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ 1064 എന്ന വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരിലോ 8592900900 എന്ന നമ്പരിലോ 9447789100 എന്ന വാട്ട്സ്ആപ്പ് നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ അഭ്യര്‍ത്ഥിച്ചു.